പോളണ്ട് മുതല്‍ കൊലപാതക രാഷ്ട്രീയം വരെ; കുട്ടികളുടെ ചോദ്യശരങ്ങളേറ്റ് ശ്രീനിവാസന്‍
കുട്ടികളുടെ ചോദ്യശരങ്ങള്‍ക്ക് മുന്നില്‍ പതറിയെങ്കിലും ഒട്ടും വിട്ടുകൊടുത്തില്ല നടന്‍ ശ്രീനിവാസന്‍. ചോദ്യങ്ങള്‍ക്ക് ഉരുളയ്ക്ക് ഉപ്പേരിപോലെ മറുപടികള്‍ എത്തി. സംസ്ഥാന സ്കൂള്‍ കലോത്സവത്തിനോട് അനുബന്ധിച്ച് നടത്തിയ സാംസ്കാരികോത്സവത്തിലാണ് കണ്ണൂരിലെ ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ വച്ച് നടന്‍ ശ്രീനിവാസന്‍ കുട്ടികളുമായി സംവദിച്ചത്. ജൈവകൃഷിയും, കേരളത്തിലെ മാറുന്ന ഭക്ഷണക്രമങ്ങളും ഒക്കെ സംസാരിച്ചാണ് ശ്രീനിവാസന്‍ സംവാദം ആരംഭിച്ചത്.
ശ്രീനിവാസന്റെ ആമുഖത്തിനു ശേഷമായിരുന്നു കുട്ടികളുടെ അവസരം. ഇന്ത്യന്‍ സിനിമയിലെ താരാധിപത്യവും സ്ത്രീ കേന്ദ്രീകൃതമല്ലാത്ത രീതിയും ഒക്കെയാണ് ആദ്യ ചോദ്യമായി എത്തിയത്. താരസ്വാധീനം എന്നത് ലോകത്ത് സിനിമയുള്ളപ്പോള്‍ മുതലുള്ള കാര്യമാണെന്ന് ശ്രീനിവാസന്‍റെ മറുപടി. എന്നാല്‍ ഈ താരങ്ങളില്‍ കാലത്തിന് അനുസരിച്ച് മാറ്റമുണ്ടാകും. താരങ്ങള്‍ മാറിയാലും സിനിമ നിലനില്‍ക്കുമെന്നുമായിരുന്നു ശ്രീനിവാസന്‍റെ മറുപടി.
രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമോ? രാഷ്ട്രീയ വീക്ഷണം എന്താണ്?- എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് പിന്നീട് ശ്രീനിവാസന് നേരിടേണ്ടി വന്നത്. താന്‍ ഇപ്പോള്‍ നടത്തുന്നത് രാഷ്ട്രീയ ഇടപെടലാണെന്ന് ശ്രീനിവാസന്‍ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആവശ്യപ്പെട്ട് ചിലര്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ നെല്‍കൃഷി ചെയ്യുന്നത് ചളിയിലാണ്, അതിനാല്‍ മറ്റൊരു ചളിയില്‍ ഇറങ്ങാനില്ലെന്ന് പറഞ്ഞു. ഇന്നത്തെ ജനാധിപത്യം തെരഞ്ഞെടുത്ത ഏകാധിപത്യമായി മാറ്റുന്നതാണ് ഇപ്പോഴത്തെ രാഷ്ട്രീയം എന്നും ശ്രീനിവാസന്‍ സൂചിപ്പിച്ചു.
കുട്ടികളെ അവരുടെ ഇഷ്ടത്തിന് വിടാതെ പഠിക്ക്..പഠിക്ക് എന്ന് പറയുന്ന മാതപിതാക്കളെക്കുറിച്ചായിരുന്നു ഒരു കൊച്ചുമിടുക്കിക്ക് അറിയേണ്ടിയിരുന്നത്. അതില്‍ വലിയ കാര്യമില്ലെന്നാണ് ശ്രീനിവാസന്‍റെ അഭിപ്രായം. ആദ്യമായി സ്വന്തം എന്തുചെയ്യാന്‍ സാധിക്കും എന്ന ബോധമുണ്ടാകണം. ചില കാര്യങ്ങളില്‍ ഇഷ്ടങ്ങള്‍ ഉണ്ടെങ്കില്‍ തന്നെ കഴിവ് ഉണ്ടാകണമെന്നില്ല. ഇത് ഒരു സെല്‍ഫ് അസസ്മെന്‍റ് ഇല്ലാത്തതിനാല്‍ കുട്ടിക്ക് മനസിലാകണം എന്നില്ല. പക്ഷെ മാതാപിതാക്കള്‍ക്ക് അറിയാമായിരിക്കാം. അതിനാല്‍ തന്നെ ഇത്തരത്തിലുള്ള കാര്യങ്ങളില്‍ മാതാപിതാക്കളുടെ ഉപദേശവും കേള്‍ക്കണമെന്നാണ് ശ്രീനിവാസന്‍ പറയുന്നത്.
അതിനിടയില്‍ കണ്ണൂര്‍ രാഷ്ട്രീയത്തെക്കുറിച്ചും കൊലപാതക രാഷ്ട്രീയത്തെക്കുറിച്ചും ചോദ്യമുണ്ടായി. തെരഞ്ഞെടുപ്പിന് അണികളെ വോട്ടായി മാത്രം കാണുന്നവര്‍ അവരുടെ അണികളെ സംരക്ഷിക്കുന്നു എന്ന് തോന്നിപ്പിക്കുവാന്‍ ചെയ്യുന്നതാണ് ഇതെല്ലാം എന്നാണ് ശ്രീനിവാസന്‍റെ അഭിപ്രായം. ഒരു മനുഷ്യനെ പച്ചയ്ക്ക് കൊല്ലുന്നതില്‍ ശരിയായ വിദ്യാഭ്യാസത്തിന്‍റെ പാളിച്ചകളും ഉണ്ടെന്ന് ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.
സിനിമയിലെ മക്കള്‍ ആധിപത്യം, പോളണ്ടിനെക്കുറിച്ച്, അഭിനയവും സംവിധാനവും എങ്ങനെ കൊണ്ടുപോകുന്നു എന്നിങ്ങനെ ചോദ്യങ്ങള്‍ നീണ്ടു. കുണക്കിട്ട കോഴി കുണക്കോഴി എന്ന ഗാനം ശ്രീനിവാസന്‍ പാടണം എന്ന് ഒരാളുടെ ആവശ്യം. ഈ ചതി അറിഞ്ഞിരുന്നെങ്കില്‍ ഈ വഴിക്ക് വരില്ലായിരുന്നുവെന്ന് ശ്രീനിവാസന്‍. തലശേരി എംഎല്‍എ എ ഷംസീര്‍, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെവി സുമേഷ് തുടങ്ങിയവരും പങ്കെടുത്തു.