'ഒറ്റവെട്ടിനു തിരകള്‍ നീങ്ങിയ കടലും'; ദ്രുപതും കവിതയും പറയുന്നു
വിപിന്‍ പാണപ്പുഴ
ദ്രുപത് ഗൗതം എന്ന പേര്, മുന്‍പും നിങ്ങള്‍ കേട്ടിരിക്കാം, അടുത്തകാലത്ത് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ വരികളുടെ ഉടമയാണവന്‍. വയനാട് മീനങ്ങാടി ഗവ.ഹയര്‍സെക്കന്‍ററി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ ദ്രുപതിനാണ് കണ്ണൂരില്‍ നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ ഹയര്‍സെക്കന്‍ററി വിഭാഗം കവിത രചനയില്‍ ഒന്നാം സ്ഥാനം.
കഴിഞ്ഞ തവണ സംസ്ഥാനതല മത്സരത്തില്‍ രണ്ടാമനായിരുന്ന ദ്രുപതിന്‍റെ കവിത, ഇത്തവണ സബ്ജില്ലാതല മത്സരത്തില്‍ ഒന്‍പതാം സ്ഥാനത്തായിരുന്നു. വിധിനിര്‍ണ്ണയത്തില്‍ പാകപ്പിഴവുകള്‍ സംഭവിച്ചെന്നാരോപിച്ച്, താന്‍ എഴുത്ത് നിര്‍ത്തുന്നുവെന്നാണ് ദ്രുപത് അന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ പിതാവ് അടക്കമുള്ളവരുടെ നിര്‍ദേശങ്ങളിലൂടെ ഈ പ്രതിസന്ധികള്‍ ദ്രുപതിന്‍റെ കാവ്യയാത്ര തട്ടിമാറ്റി. അപ്പീലിലൂടെ പിന്നീട് ജില്ലയില്‍ ഒന്നാം സ്ഥാനം നേടി. ഇപ്പോള്‍ സംസ്ഥാനത്തും വിജയക്കൊടി പാറിച്ചു.
സംസ്ഥാന കലോത്സവത്തില്‍ 'ഒറ്റവെട്ടിനു തിരകള്‍ നീങ്ങിയ കടല്‍' എന്ന വിഷയത്തില്‍ അവനെഴുതിയ കവിതയാണ് ഒന്നാമത് എത്തിയത്.
കവിതയുടെ തുടക്കം ഇങ്ങനെ
'ഒരു ചാട്ടംകൊണ്ട്
ഒന്നുമാകാതെ
തീ കോരിക്കൊണ്ട്
സതി പോലെ
ഒരു അനുഷ്ഠാനമായാണ്
അതിന്‍റെ ജീവിതം.."
വിഷയത്തില്‍ ആശങ്കയൊന്നും ഉണ്ടായിരുന്നില്ലെന്ന് ദ്രുപത് പറയുന്നു. കൃത്യമായ രീതിയില്‍ മനസില്‍ രൂപീകരിച്ച ബിംബങ്ങള്‍വച്ച് കവിത എഴുതുകയാണ്. മുന്നൊരുക്കങ്ങള്‍ ആവശ്യമുള്ള ഒരുരചനാ രീതിയല്ല തന്റേതെന്ന് ദ്രുപത് പറയുന്നു.
പഴയകവിതയും, പുതിയ കവിതകളും ഒരുപോലെ ഇഷ്ടപ്പെടുന്ന ദ്രുപത്. തന്റെ കവിതയുടെ ഏറ്റവും വലിയ വിമര്‍ശകന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ അച്ഛന്‍ മണ്ണാര്‍കുടി ജയന്‍ തന്നെയാണെന്ന് കൂട്ടിച്ചേര്‍ക്കുന്നു. വിമര്‍ശനം ഭയന്ന് പല കവിതകളും തന്നെ കാണിക്കുന്നില്ലെന്ന് അച്ഛന് പരാതിയുമുണ്ട്.
ദ്രുപത് നേരത്തെ എഴുതിയ ഭയം എന്ന കവിതയിലെ വരികള്‍
ഭയം
ഒരു രാജ്യമാണ്.
അവിടെ നിശ്ശബ്ദത
ഒരു (ആ)ഭരണമാണ്'
ഈ വരികള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അന്ന് ഏഷ്യാനെറ്റ് ന്യൂസ്.ടിവി ദ്രുപതിന്‍റെ കാവ്യ ജീവിതത്തിലൂടെ നടത്തിയ ആ യാത്ര ഇവിടെ വായിക്കാം.