ദക്ഷിണാഫ്രിക്കന്‍ ടി20: ഡര്‍ബന്‍ സൂപ്പര്‍ ജയന്‍റ്‌സിനെ വീഴ്‌ത്തി ജൊബര്‍ഗ് സൂപ്പര്‍ കിംഗ്‌സ്

ആദ്യം ബാറ്റ് ചെയ്ത ജൊബര്‍ഗ് സൂപ്പര്‍ കിംഗ്‌സ് 20 ഓവറില്‍ ആറ് വിക്കറ്റിന് 190 റണ്‍സെടുത്തു

SA20 2023 Joburg Super Kings won by 16 runs against Durban Super Giants

ഡർബൻ: ദക്ഷിണാഫ്രിക്കന്‍ ട്വന്‍റി 20 ലീഗില്‍ ഡര്‍ബന്‍ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ ജൊബര്‍ഗ് സൂപ്പര്‍ കിംഗ്‌സിന് 16 റണ്‍സിന്‍റെ വിജയം. ജൊബര്‍ഗ് ടീം മുന്നോട്ടുവെച്ച 191 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡര്‍ബന്‍ ടീമിന് 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 174 റണ്‍സെടുക്കാനേയായുള്ളൂ. വെടിക്കെട്ട് ബാറ്റിംഗും ഒരു വിക്കറ്റുമായി ജൊബര്‍ഗിന്‍റെ ഡൊണാവന്‍ ഫെറീരയാണ് കളിയിലെ താരം. സ്‌കോര്‍: ജൊബര്‍ഗ് സൂപ്പര്‍ കിംഗ്‌‌സ്- 190/6 (20), ഡര്‍ബന്‍ ജയന്‍റ്‌സ്- 174/5 (20)

ആദ്യം ബാറ്റ് ചെയ്ത ജൊബര്‍ഗ് സൂപ്പര്‍ കിംഗ്‌സ് 20 ഓവറില്‍ ആറ് വിക്കറ്റിന് 190 റണ്‍സെടുത്തു. 40 പന്തില്‍ 82 റണ്‍സെടുത്ത ഡൊണാവന്‍ ഫെറീരയും 20 പന്തില്‍ 40 നേടിയ റൊമാരിയ ഷെഫേര്‍ഡും 33 പന്തില്‍ 39 റണ്‍സെടുത്ത നായകന്‍ ഫാഫ് ഡുപ്ലസിസുമാണ് ജൊബര്‍ഗിന് മികച്ച സ്കോര്‍ ഉറപ്പിച്ചത്. പ്രണേലന്‍ സുബ്രായന്‍ രണ്ടും കേശവ് മഹാരാജും ഡ്വെയ്‌ന്‍ പ്രിറ്റോറിയസും അഖില ധനഞ്ജയയും ജേസന്‍ ഹോള്‍ഡറും ഓരോ വിക്കറ്റ് നേടി. കീമോ പോളിനും കെയ്‌ല്‍ മെയേര്‍സിനും വിക്കറ്റൊന്നും നേടാനായില്ല. 

മറുപടി ബാറ്റിംഗില്‍ അഞ്ച് വിക്കറ്റേ നഷ്‌ടമായുള്ളൂവെങ്കിലും ഡര്‍ബന്‍ സൂപ്പര്‍ ജയന്‍റ്‌സിന് 20 ഓവറില്‍ 174 റണ്‍സേ കണ്ടെത്താനായുള്ളൂ. 52 പന്തില്‍ അഞ്ച് വീതം ഫോറും സിക്‌സറും സഹിതം 78 റണ്‍സെടുത്ത നായകനും വിക്കറ്റ് കീപ്പറുമായ ക്വിന്‍റണ്‍ ഡികോക്കിന്‍റെ പോരാട്ടം പാഴായി. കെയ്‌ല്‍ മെയേഴ്‌സ് 29 പന്തില്‍ 39 നേടിയത് ഒഴിച്ചാല്‍ കാര്യമായ സംഭവം ബാറ്റര്‍മാരില്‍ നിന്നുണ്ടായില്ല. 20 റണ്‍സെടുത്ത ഹെന്‍‌റിച്ച് ക്ലാസനാണ് മൂന്നാമത്തെ ഉയര്‍ന്ന സ്കോറുകാരന്‍. അല്‍സാരി ജോസഫ് രണ്ട് വിക്കറ്റ് നേടി. 

ജോഫ്ര ആര്‍ച്ചറുടെ തിരിച്ചുവരവ് മാനസികമായ വെല്ലുവിളിയും മറികടന്ന്; പ്രശംസിച്ച് സഹീര്‍ ഖാന്‍

Latest Videos
Follow Us:
Download App:
  • android
  • ios