"PCOS വരാതെ നോക്കുകയാണ് പ്രധാനം"; ഫെർട്ടിലിറ്റി സ്പെഷ്യലിസ്റ്റ് വിശദീകരിക്കുന്നു
ഇന്ന് 50% പെൺകുട്ടികൾക്കും പോളി സിസ്റ്റിക് ഒവേറിയൻ സിൻഡ്രം അഥവാ പി.സി.ഒ.എസ്. അനുഭവപ്പെടുന്നുണ്ടെന്നാണ് ഡോ. ശ്രീലക്ഷ്മി ആർ. നായർ പറയുന്നത്.
അടുത്തിടെ വളരെയധികം ശ്രദ്ധിക്കപ്പെടുന്ന ഒരു ഹോർമോൺ പ്രശ്നമാണ് പോളി സിസ്റ്റിക് ഒവേറിയൻ സിൻഡ്രം (PCOS). അഞ്ച് വർഷങ്ങൾക്ക് മുൻപ് വെറും അഞ്ച് ശതമാനം പെൺകുട്ടികളിൽ മാത്രം റിപ്പോർട്ട് ചെയ്തിരുന്ന പി.സി.ഒ.എസ്. ഇന്ന് ഏതാണ്ട് 50% പേർക്കും അനുഭവപ്പെടുന്നുണ്ടെന്നാണ് പഠനങ്ങളിൽ നിന്ന് മനസ്സിലാകുന്നതെന്ന് അടൂരിലെ ദ് ലൈഫ്‍ലൈൻ ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഫെർട്ടിലിറ്റി സ്പെഷ്യലിസ്റ്റ് ഡോ. ശ്രീലക്ഷ്മി ആർ. നായർ പറയുന്നു.
സാധാരണ സ്ത്രീകളെക്കാൾ വന്ധ്യതയ്ക്കുള്ള സാധ്യതകളും ആരോഗ്യ പ്രശ്നങ്ങളും പി.സി.ഒ.എസ്. ഉള്ളവരിൽ കൂടുതലായി കാണുന്നുണ്ടെന്നാണ് ഡോ. ശ്രീലക്ഷ്മി പറയുന്നത്.
എന്താണ് പി.സി.ഒ.എസ്.?
ആർത്തവചക്രത്തിന്റെ മധ്യത്തിൽ (അതായത് ഏകദേശം പതിനാലാം ദിവസം) ആണ് സാധാരണ സ്ത്രീകളിൽ അണ്ഡവിസർജ്ജനം നടക്കുന്നത്. ചിലരിൽ ഇത് നടക്കാതെ വരുന്നു. അണ്ഡാശയത്തിൽ അണ്ഡങ്ങൾ കുമിളകളായി നിൽക്കുകയും ചെയ്യും. ഈ അവസ്ഥയാണ് പി.സി.ഒ.എസ്. ഇത് ആർത്തവം ക്രമരഹിതമാകുകയും ബ്ലീഡിങ് കുറയുകയും ചെയ്യുന്നതിന് കാരണമാകും. അമിതരോമ വളർച്ച, മുഖക്കുരു എന്നീ ലക്ഷണങ്ങളും കാണാം.
എന്തുകൊണ്ട് പി.സി.ഒ.എസ്. ഉണ്ടാകുന്നു?
പൊതുവെ ജീവിതശൈലി തന്നെയാണ് ഈ രോഗത്തിന് കാരണം. അമിതവണ്ണം, വ്യായാമം ഇല്ലാത്തത്, ഉറക്കം ഇല്ലാത്തത്, മാനസിക സമ്മർദ്ദം, പാരമ്പര്യം എന്നിവയും രോഗത്തിന് കാരണമാകും. അമിതവണ്ണമുള്ളവരിൽ ഇൻസുലിൻ ഹോർമോൺ റെസിസ്റ്റൻസ് എന്ന അവസ്ഥയുണ്ടാകാം. ഇത് പെൺകുട്ടികളിൽ മധുരത്തോട് താൽപര്യം കൂടാൻ കാരണമാകും. തലച്ചോറിലെ ഹൈപ്പോതലാമസ് ഗ്രന്ഥി പുരുഷഹോർമോൺ കൂടുതലായി ഉൽപ്പാദിപ്പിക്കുന്നത് ശരീരം പുരുഷ ലക്ഷണങ്ങൾ കാണിക്കുന്നതിനും കാരണമാകാം.
പി.സി.ഒ.എസ്. പാർശ്വഫലങ്ങൾ എന്തെല്ലാം?
കൗമാരത്തിൽ തന്നെ പി.സി.ഒ.എസിന്റെ പാർശ്വഫലങ്ങൾ തിരിച്ചറിയാനാകും. ആർത്തവം ക്രമംതെറ്റി വരിക, മുഖത്ത് അമിത രോമവളർച്ച, മുഖക്കുരു, അമിതവണ്ണം, തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം കുറയുന്നത്, മാനസിക സമ്മർദ്ദം എന്നിവയെല്ലാമാണ് ലക്ഷണം. യൗവനാവസ്ഥയിൽ പി.സി.ഒ.എസ്. വന്ധ്യതയ്ക്ക് കാരണമാകാം. കൂടാതെ കൊളസ്ട്രോൾ, പ്രമേഹ സാധ്യത, സന്ധിവേദന, ഫാറ്റി ലിവർ, അമിത രക്തസമ്മർദ്ദം, ഹൃദയാഘാതം എന്നിവയും പാർശ്വഫലങ്ങളിൽപ്പെടുന്നു. ഇതോടൊപ്പം ഹോർമോൺ വ്യതിയാനം കാരണം ഗർഭപാത്രത്തിന്റെ അകത്തെ പാളിക്ക് കട്ടികൂടുകയും കാലക്രമേണ ഗർഭപാത്ര ക്യാൻസറിന് (Endometrial Carcinoma) കാരണമാകുകയും ചെയ്യാം.
പി.സി.ഒ.എസ് ചികിത്സ എങ്ങനെ?
പി.സി.ഒ.എസ് വരാതെ നോക്കുകയാണ് ചികിത്സയെക്കാൾ നല്ലത്. കൃത്യമായ വ്യായാമത്തിലൂടെ അമിതവണ്ണം കുറക്കുക. ആഹാരത്തിൽ കാർബോഹൈഡ്രേറ്റിന്റെ അളവ് കുറച്ച് കൂടുതൽ പ്രോട്ടീൻ ഉൾപ്പെടുത്തുക. ഇലക്കറികൾ, പയർ, മുതിര, മുട്ടയുടെ വെള്ള, പച്ചക്കറികൾ, പഴങ്ങൾ ശീലമാക്കുക. ചോറ്, പഞ്ചസാര അളവ് കുറക്കുക. ദിവസവും ശാരീരിക വ്യായാമം ചെയ്യുക. ഏതാണ്ട് പത്ത് ശതമാനം ശരീരഭാരം കുറയുമ്പോൾ തന്നെ പി.സി.ഒ.എസ് ഉള്ള സ്ത്രീകളിൽ അണ്ഡ വിസർജ്ജനം കൃത്യമാകുകയും പുരുഷഹോർമോൺ ഉൽപ്പാദനം കുറയുകയും ചെയ്യും.
പി.സി.ഒ.എസ്. - വന്ധ്യത ബന്ധം
വന്ധ്യതയ്ക്ക് പി.സി.ഒ.എസ്. കാരണമാകാറുണ്ട്. അണ്ഡവിസർജ്ജനം കൃത്യമായി നടക്കാത്തത് കൊണ്ട് ഗർഭധാരണം പ്രയാസമുള്ളതാകുന്നു. ഇൻസുലിൻ റെസിസ്റ്റൻസ് അണ്ഡാശയത്തെ ദോഷകരമായി ബാധിക്കുന്നു. പി.സി.ഒ.എസ്. ഉള്ളവർ ആറ് മാസം എങ്കിലും ശ്രമിച്ചിട്ടും ഗർഭധാരണം നടക്കുന്നില്ലെങ്കിൽ ചികിത്സ തേടുന്നതാണ് ഏറ്റവും ഉത്തമം. ജീവിതശൈലി ക്രമീകരിക്കുന്നതിന് ഒപ്പം അണ്ഡവളർച്ചക്കായി മരുന്നുകൾ, കുത്തിവെപ്പുകൾ, Laparoscopic Ovarian Drilling തുടങ്ങിയ മാർഗങ്ങൾ സ്വീകരിക്കാവുന്നതാണ്. ഇവയും ഗർഭധാരണത്തിന് സഹായകമായില്ലെങ്കിൽ IUI, IVF, ICSI ചികിത്സാരീതികൾ തെരഞ്ഞെടുക്കാനാകും.
പി.സി.ഒ.എസ്: പ്രതിരോധ മാർഗങ്ങൾ
പാഠ്യപദ്ധതിയിൽ തന്നെ വ്യായാമത്തിന്റെയും ആഹാരക്രമത്തിന്റെയും പ്രധാന്യം പഠിപ്പിക്കുകയാണ് വേണ്ടത്. പെൺകുട്ടികളിൽ മാനസിക സമ്മർദ്ദം ഒഴിവാക്കാനുള്ള സഹായം നൽകുക. ആവശ്യമെങ്കിൽ പി.സി.ഒ.എസ് ക്ലിനിക്കുകൾ സന്ദർശിക്കുക.
ദ് ലൈഫ് ലൈൻ ആശുപത്രിയിൽ പി.സി.ഒ.എസ് ഒ.പി സൗകര്യം ലഭ്യമാണെന്നാണ് ഡോ. ശ്രീലക്ഷ്മി ആർ. നായർ പറയുന്നത്. മറ്റു അനുബന്ധ ചികിത്സകളായ Laparoscopic Ovarian Drilling, IUI, IVF, ICSI എന്നിവയും ലഭ്യമാണ്.