ജിസിസി രാജ്യങ്ങളിലെ '2024'; പ്രളയം മുതൽ പൊതുമാപ്പ് വരെ, ഈ വർഷത്തെ പ്രധാന സംഭവങ്ങൾ

ഈ വര്‍ഷം ഗള്‍ഫ് രാജ്യങ്ങളില്‍ നടന്ന പ്രധാന സംഭവവികാസങ്ങള്‍. 

Year ender 2024 Major events that happened in the Gulf countries

അബുദാബി: ജിസിസി രാജ്യങ്ങള്‍ക്ക് സംഭവബഹുലമായൊരു വര്‍ഷമാണ് 2024. പുതുവര്‍ഷത്തിലേക്ക് പുതിയ പ്രതീക്ഷകളുമായി കടക്കാനൊരുങ്ങുമ്പോള്‍ പോയവര്‍ഷത്തെ സുപ്രധാന സംഭവവികാസങ്ങളിലേക്ക് തിരിഞ്ഞു നോക്കാം. 

കനത്ത മഴ, വെള്ളപ്പൊക്കം

ഗള്‍ഫ് രാജ്യങ്ങളെ, പ്രധാനമായും യുഎഇ, ഒമാന്‍ എന്നീ രാജ്യങ്ങളെ 2024 വര്‍ഷത്തില്‍ പിടിച്ചുകുലുക്കിയ ഒന്നായിരുന്നു അപ്രതീക്ഷിതമായുണ്ടായ അതിശക്തമായ മഴയും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കവും. ഏപ്രിൽ 15 തിങ്കളാഴ്ച വൈകുന്നേരം നേരിയ തോതില്‍ തുടങ്ങിയ മഴ ഏപ്രില്‍ 16ന് ശക്തമാകുകയായിരുന്നു. റെക്കോര്‍ഡ് മഴയാണ് യുഎഇയിൽ പെയ്തത്. ഒമാനിലും കനത്ത മഴ പെയ്തു. വ്യാപകമായ നാശനഷ്ടങ്ങളാണ് ഉണ്ടായത്. താഴ്ന്ന പ്രദേശങ്ങളിലും റോഡുകളിലും കടകളിലും വെള്ളം കയറി. വാഹനങ്ങള്‍ക്കും കടകള്‍ക്കും കേടുപാടുകളുണ്ടായി. 1244 വിമാനങ്ങളാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് റദ്ദാക്കിയത്. നിരവധി വിമാനങ്ങള്‍ ഈ ദിവസങ്ങളില്‍ വഴിതിരിച്ചു വിടുകയും ചെയ്തു. 

ഒമാനിലും കനത്ത മഴയെ തുടര്‍ന്ന് നിരവധി നാശനഷ്ടങ്ങളുണ്ടായി. റോഡുകളില്‍ വെള്ളം കയറി. വാഹനങ്ങളടക്കം ഒലിച്ചുപോയി. യുഎഇയിലും ഒമാനിലും  പെയ്ത ശക്തമായ മഴയ്ക്ക് കാരണം കാലാവസ്ഥാ വ്യതിയാനവും എല്‍നിനോ പ്രതിഭാസവുമാണെന്ന് പിന്നീട് പഠനം പുറത്തുവന്നു. സമുദ്രത്തിലെ ഉപരിതല ജലത്തിന്‍റെ താപനില കൂടുന്ന എല്‍നിനോ പ്രതിഭാസം മഴയുടെ തീവ്രത കൂട്ടിയതായി കാലാവസ്ഥ വിദഗ്ധരുടെ അന്താരാഷ്ട്ര സംഘം നടത്തിയ പഠനത്തെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

എൽനിനോ പ്രതിഭാസം അറേബ്യൻ ഉപദ്വീപിലെ ഈ മേഖലയിൽ 10–40% വരെ ശക്തമായതാണ് വേൾഡ് വെതർ ആട്രിബ്യൂഷൻ ഗ്രൂപ്പിലെ ഗവേഷകരുടെ കണ്ടെത്തൽ. ഫോസിൽ ഇന്ധനങ്ങൾ കത്തുന്നത് മൂലം ആഗോളതാപനം കൂടുന്നതും മഴയുടെ തീവ്രത കൂടിയതിന് കാരണമായി പറയുന്നുണ്ട്. എൽ നിനോ പ്രതിഭാസവും മനുഷ്യന്‍റെ ഇടപെടല്‍ കാരണമുള്ള കാലാവസ്ഥാ മാറ്റവുമാണ് യുഎഇയിലെയും ഒമാനിലെയും കനത്ത മഴയ്ക്ക് കാരണമായതെന്ന് ലണ്ടനിലെ ഇംപീരിയല്‍ കോളേജിലെ ഗ്രന്ഥം ഇന്‍സ്റ്റിറ്റ്യൂട്ട്- ക്ലൈമറ്റ് ചേഞ്ച് ആന്‍ഡ് എന്‍വയോണ്‍മെന്‍റിലെ കാലാവസ്ഥ ശാസ്ത്രം സീനിയർ ലക്ചറർ ഫ്രെഡറിക് ഓട്ടോ പറഞ്ഞു. 

യുഎഇ പൊതുമാപ്പ്

പ്രവാസികൾക്ക് ആശ്വാസമായി യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് കാലയളവ് സെപ്തംബര്‍ ഒന്നിന് തുടങ്ങി. താമസവിസ നിയമലംഘകര്‍ക്ക് പിഴയില്ലാതെ രാജ്യം വിടാനും താമസരേഖകൾ ശരിയാക്കാനുമുള്ള അവസരമാണിത്. മടങ്ങിപ്പോകുന്നവര്‍ക്ക് പിന്നീട് യുഎഇയിൽ തിരിച്ചെത്താൻ തടസ്സമില്ല. ആദ്യം രണ്ട് മാസത്തേക്ക് പ്രഖ്യാപിച്ച പൊതുമാപ്പ് കാലയളവ് പിന്നീട് വീണ്ടും നീട്ടുകയായിരുന്നു. യുഎഇയുടെ 53-ാമത് ദേശീയദിനത്തോട് അനുബന്ധിച്ചാണ് പൊതുമാപ്പ് നീട്ടാൻ തീരുമാനിച്ചത്. പുതിയ സമയപരിധി ഡിസംബർ 31-ന് അവസാനിക്കും. ഇതിനകം ആയിരക്കണക്കിന് അനധികൃത താമസക്കാരാണ് തങ്ങളുടെ താമസം നിയമവിധേയമാക്കുകയും നാട്ടിലേക്ക് മടങ്ങുകയും ചെയ്തത്. ഒട്ടേറെ പേരുടെ പിഴകളും ഒഴിവാക്കി. 

ജിസിസി ഉച്ചകോടി

ഗള്‍ഫ് സഹകരണ കൗണ്‍സിലിന്‍റെ (ജിസിസി) 45-ാമത് ഉച്ചകോടി കുവൈത്തില്‍ ഡിസംബര്‍ 1ന് ചേര്‍ന്നു. ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളും പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളും ഉച്ചകോടിയിൽ ചർച്ചയായി. ഗാസയിലെ ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കണമെന്ന് ഉച്ചകോടിയിൽ ജിസിസി നേതാക്കൾ ആവശ്യപ്പെട്ടു.  

Read Also - ഗ്രാൻഡ് ടൂർസ് വിസ, കൂടുതല്‍ ഇന്ത്യക്കാർക്ക് ഓൺ അറൈവൽ വിസ; 2024ൽ ഗൾഫിലെ പ്രധാന വിസാ ഭേദഗതികളും പ്രഖ്യാപനങ്ങളും

2034 ലോകകപ്പ് സൗദിയിൽ

ഖത്തറിന് ശേഷം ഗള്‍ഫ് മണ്ണിലേക്ക് വീണ്ടുമൊരു ഫുട്ബോള്‍ മാമാങ്കം എത്തുകയാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച വര്‍ഷം കൂടിയാണ് 2024. 2034 ലോകകപ്പ് ഫുട്ബോളിന് ആതിഥേയത്വം വഹിക്കാൻ സൗദി അറേബ്യയെ തെരഞ്ഞെടുത്തതായി ഫിഫ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ലോകകപ്പ് ആതിഥേയത്വത്തിനായുള്ള ലേല ചരിത്രത്തിലെ 419/500 എന്ന ഏറ്റവും ഉയർന്ന സ്കോറോടെ യോഗ്യത നേടിയ സൗദിക്ക് ഇനി വരുന്നത് തയ്യാറെടുപ്പുകളുടെ നാളുകളാണ്. 2022ൽ ഖത്തർ ആതിഥേയത്വം വഹിച്ചതിന് ശേഷം ഗൾഫ് മേഖലയിലേക്ക് ഇതാദ്യമായാണ് ലോകകപ്പ് എത്തുന്നത്. 2034 ലോകകപ്പ് നടത്തുന്നത് അതിനായി രൂപവത്കരിക്കുന്ന സുപ്രീം അതോറിറ്റി ആയിരിക്കുമെന്ന് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ചു. റിയാദ്, ജിദ്ദ, അല്‍ഖോബാര്‍, അബഹ, നിയോം എന്നീ സൗദി നഗരങ്ങളിലെ 15 വമ്പന്‍ സ്റ്റേഡിയങ്ങളിലാണ് ഫിഫ ലോകകപ്പ് മത്സരങ്ങള്‍ നടക്കുക. ലോകകപ്പ് മുമ്പില്‍ കണ്ടാണ് പുതിയതായി 11 സ്റ്റേഡിയങ്ങള്‍ ഒരുങ്ങുന്നത്. ഇതില്‍ മൂന്ന് സ്റ്റേഡിയങ്ങളുടെ നിര്‍മ്മാണം നിലവില്‍ പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

റിയാദ് സീസൺ

സൗദി അറേബ്യയുടെ തലസ്ഥാന നഗരമായ റിയാദിൽ നടക്കുന്ന വിനോദ, സാംസ്കാരിക, കായിക പരിപാടികളുടെ പരമ്പരയാണ് റിയാദ് സീസൺ. റിയാദ് സീസണിന്‍റെ അഞ്ചാമത് പതിപ്പാണ് ഈ വര്‍ഷം ഒക്ടോബർ 12ന് തുടങ്ങിയത്. 14 വേദികളിലായി നിരവധി രാജ്യങ്ങളിൽ നിന്നുള്ള സാംസ്‌കാരിക, കലാ പരിപാടികളാണ് സീസണിന്റെ ഭാഗമായി അരങ്ങേറുന്നത്. ബോളിവാർഡ് വേൾഡ്, കിംഗ്ഡം അരീന, ബോളിവാർഡ് സിറ്റി, ദി വെനി, അൽ സുവൈദി പാർക്ക് എന്നീ അഞ്ചിടത്തായാണ് റിയാദ് സീസണിന്റെ പ്രധാന പരിപാടികൾ അരങ്ങേറുന്നത്. 2025 മാര്‍ച്ച് വരെ റിയാദ് സീസൺ ആഘോഷ പരിപാടികള്‍ നീളും. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios