ടിക്കറ്റ് കിട്ടിയില്ലെങ്കിലും ഖത്തറില്‍ പോകാം; വഴി തുറന്ന് അധികൃതര്‍
നവംബര്‍ 20ന് ആരംഭിക്കുന്ന ഗ്രൂപ്പ് റൗണ്ട് മത്സരങ്ങള്‍ ഡിസംബര്‍ രണ്ടിന് പൂര്‍ത്തിയാകും. ഇതോടെയാണ് ടിക്കറ്റില്ലാത്തവര്‍ക്കും ഖത്തറിലേക്ക് പോകാന്‍ അവസരം ലഭിക്കുക.
ദോഹ: ഡിസംബര്‍ രണ്ടു മുതല്‍ മാച്ച് ടിക്കറ്റ് ഇല്ലാത്തവര്‍ക്കും ഖത്തറിലെത്താന്‍ അവസരം. ലോകകപ്പ് ഒരുക്കങ്ങള്‍ അറിയിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ലോകകപ്പ് സുരക്ഷാ വക്താവ് കേണല്‍ ഡോ. ജാബിര്‍ ഹമദ് ജാബിര്‍ അല്‍ നുഐമിയാണ് ഈ വിവരം അറിയിച്ചത്. ഹയ്യാ കാര്‍ഡിനായി ഓണ്‍ലൈന്‍ വഴി അപേക്ഷിച്ചാണ് ഖത്തറിലേക്ക് യാത്ര ചെയ്യേണ്ടത്. ടിക്കറ്റില്ലാതെ അപേക്ഷിക്കാനുള്ള സൗകര്യം വ്യാഴാഴ്ച മുതല്‍ ആരംഭിച്ചിട്ടുണ്ട്.
500 റിയാല്‍ ഫീസ് ഈടാക്കും. 12 വയസ്സിന് താഴെയുള്ളവര്‍ക്ക് സൗജന്യമായി അപേക്ഷിക്കാം. മാച്ച് ടിക്കറ്റുള്ളവര്‍ക്ക് മാത്രമാണ് നിലവില്‍ ഖത്തറിലേക്കുള്ള ഹയ്യാ കാര്‍ഡിന് അപേക്ഷിക്കാനാകുക. നവംബര്‍ 20ന് ആരംഭിക്കുന്ന ഗ്രൂപ്പ് റൗണ്ട് മത്സരങ്ങള്‍ ഡിസംബര്‍ രണ്ടിന് പൂര്‍ത്തിയാകും. ഇതോടെയാണ് ടിക്കറ്റില്ലാത്തവര്‍ക്കും ഖത്തറിലേക്ക് പോകാന്‍ അവസരം ലഭിക്കുക. ഖത്തര്‍ 2022 മൊബൈല്‍ ആപ് വഴിയോ ഹയ്യാ പോര്‍ട്ടല്‍ വഴിയോ അപേക്ഷിക്കാം. ലോകകപ്പിനോട് അനുബന്ധിച്ച് ഖത്തര്‍ ഒരുക്കിയിട്ടുള്ള വിനോദ പരിപാടികള്‍ എല്ലാവര്‍ക്കും ആസ്വദിക്കാനുള്ള അവസരം നല്‍കിയാണ് മാച്ച് ടിക്കറ്റില്ലാത്തവര്‍ക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ മത്സരങ്ങള്‍ കാണാന്‍ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കണമെങ്കില്‍ മാച്ച് ടിക്കറ്റ് നിര്‍ബന്ധമാണ്.
Read More - ഖത്തറില്‍ 144 വ്യാജ ഫിഫ ലോകകപ്പ് ട്രോഫികള്‍ പിടിച്ചെടുത്തു
അതേസമയം ഫിഫ ലോകകപ്പ് ഫുട്ബോള്‍ മത്സരത്തിനെത്തുന്ന ആരാധകര്‍ക്കു വേണ്ടിയുള്ള പ്രത്യേക മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ വിതരണം തുടങ്ങി ദുബായ്. ജോര്‍ദ്ദാനില്‍ നിന്നുള്ള മോഹമ്മദ് ജലാലാണ് ഈ പ്രത്യേക വിസ നേടുന്ന ആദ്യത്തെ ഫുട്ബോള്‍ ആരാധകന്‍. ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേര്‍സ് ഏഫയര്‍സാണ് വിസ നല്‍കുന്നത്. 90 ദിവസത്തേക്കാണ് ഈ പ്രത്യേക വിസ.
Read More - ഈ വിമാനത്താവളങ്ങളില്‍ പാര്‍ക്കിങ് ഫീസ് ഉയര്‍ത്തി; പുതിയ നിരക്ക് ഇന്നു മുതല്‍ പ്രാബല്യത്തില്‍
ഫുട്ബോള്‍ ആരാധകര്‍ക്കായി ഖത്തര്‍ നല്‍കുന്ന ഫാന്‍ പാസായ 'ഹയ്യ കാര്‍ഡ്' ഉള്ളവര്‍ക്ക് 100 ദിര്‍ഹത്തിന് ഈ വിസ സ്വന്തമാക്കാന്‍ സാധിക്കും. മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസകള്‍ക്കായി അപേക്ഷകരെ ക്ഷണിച്ചതിന് പിന്നാലെ നിരവധി പേരാണ് അപേക്ഷിച്ചതെന്നാണ് ജിഡിആര്‍എഫ്എ ഡയറക്ടര്‍ ജനറല്‍ ലെഫ്. ജനറല്‍ മൊഹമ്മദ് അഹമ്മദ് അല്‍ മാറി വിശദമാക്കിയത്. 1.4 മില്യണ്‍ ആളുകളെയാണ് ലോകകപ്പ് കാണാനായി ഖത്തറിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്.