ഇന്ന് മുതൽ 13 വരെയാണ് മത്സരം. 16 കോണുകളുള്ള 5.38 കിലോമീറ്റർ ട്രാക്കിലാണ് പോരാട്ടം അരങ്ങേറുക.
ദോഹ: മോട്ടോർ സൈക്കിൽ റേസിങ്ങിലെ ലോകോത്തര താരങ്ങൾ മാറ്റുരക്കുന്ന മോട്ടോ ജി.പി ഖത്തർ ഗ്രാൻഡ്പ്രിക്ക് ഇന്ന് തുടക്കമാകും. ലോകമെങ്ങുമുള്ള റേസിങ് പ്രേമികൾക്ക് ആവേശം പകർന്ന് മോട്ടോ ജി.പിയുടെ സീസണിലെ നാലാം റൗണ്ട് മത്സരങ്ങൾക്കാണ് ലുസൈൽ ഇന്റർനാഷണൽ സർക്യൂട്ട് (എൽഐസി) വേദിയൊരുക്കുന്നത്. തായ്ലൻഡ്, അർജന്റീന, അമേരിക്ക ഗ്രാൻഡ്പ്രികൾക്ക് ശേഷമാണ് മോട്ടോർ റേസിങ്ങിലെ വേഗപ്പോരാളികൾ ഖത്തറിലേക്ക് പോരാട്ടത്തിനെത്തുന്നത്.
ഇന്ന് മുതൽ 13 വരെയാണ് മത്സരം. 16 കോണുകളുള്ള 5.38 കിലോമീറ്റർ ട്രാക്കിലാണ് പോരാട്ടം അരങ്ങേറുക. രാത്രിയിലാണ് മത്സരമെന്ന സവിശേഷതയും ഇത്തവണ മോട്ടോ ജി.പി ഗ്രാൻഡ്പ്രിക്കുണ്ട്. സ്പ്രിന്റ് റേസ്, ബി.എം.ഡബ്ല്യ എം ലാപ്സ്, ഹീറോ വാക്സ്, ഏഷ്യ ടാലന്റ് കപ്പ് എന്നിവയും അനുബന്ധമായി അരങ്ങേറും. പരിശീലന, യോഗ്യതാ റേസുകൾ ആദ്യ ദിവസങ്ങളിൽ നടക്കും. ഞായറാഴ്ചയാണ് മോട്ടോ ജി.പി മത്സരങ്ങളുടെ ഫൈനൽ. ഇന്ന് ഉച്ചക്ക് 12.30ന് ലുസൈൽ സർക്യൂട്ടിലേക്ക് ആരാധകർക്ക് പ്രവേശനം അനുവദിച്ചുതുടങ്ങും. രാത്രി 10 വരെയാണ് മത്സരങ്ങളും അനുബന്ധ പരിപാടികളും. സമാപന ദിനമായ 13 ന് ഉച്ച 1.30 മുതൽ രാത്രി 10 വരെയാണ് പരിപാടികൾ. മൂന്നു ദിനങ്ങളിൽ ആരാധകർക്ക് ആസ്വദിക്കാൻ മത്സരങ്ങൾക്ക് പുറമെ, വിവിധ വിനോദ പരിപാടികളും സംഘാടകർ സജ്ജമാക്കിയിട്ടുണ്ട്.
ഡി.ജെ, മ്യൂസിക്കൽ പരേഡ്, പരമ്പരാഗത കലകൾ,സാംസ്കാരിക വേദികൾ എന്നിവയുമായി ഫാൻസോൺ സജീവമാകും. കുട്ടികൾക്ക് സയൻസ് ഷോ, മാജിക് ഉൾപ്പെടെ വിനോദ പരിപാടികളും ഗ്രാൻഡ്പ്രീ റേസിനോട് അനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. ആരാധകർക്ക് താരങ്ങളുമായി സംവദിക്കാനും ചിത്രങ്ങൾ പകർത്താനും അവസരം നൽകുന്ന ഹീറോ വാക് ശനിയാഴ്ച നടക്കും. വേദിയിൽ ആദ്യം പ്രവേശിക്കുന്ന 400 പേർക്കായിരിക്കും അവസരം. ഉദ്ഘാടന, സമാപന ചടങ്ങുകൾക്കൊപ്പം വെടിക്കെട്ടും ഇത്തവണ ഖത്തർ ആരാധകർക്കായി ചാമ്പ്യൻഷിപ്പിൽ ഒരുക്കിയിട്ടുണ്ട്.
read more: ഡാലിയക്ക് 25ാം പിറന്നാൾ, സൂപ്പർ കേക്കുമായി ദുബൈ സഫാരി പാർക്ക്; പൊടിപൊടിച്ച് പിറന്നാൾ ആഘോഷം
നിലവിലെ മോട്ടോ ജി.പി ലോകചാമ്പ്യൻ ജോർജ് മാർട്ടിൻ പരിക്ക് മാറി ഖത്തർ ഗ്രാൻഡ്പ്രിയിൽ മാറ്റുരക്കാനെത്തും. പരിക്കുകാരണം സീസണിലെ ആദ്യ മൂന്ന് റേസുകളും നഷ്ടമായ താരം ഫിറ്റ്നസ് വീണ്ടെടുത്ത് മത്സര സജ്ജമായതായി അദ്ദേഹത്തിന്റെ ടീം ഏപ്രിലിയ അറിയിച്ചു. സീസണിലെ ആദ്യ രണ്ട് റേസുകളിൽ ജേതാക്കളായ സഹോദരങ്ങളും ഡുകാടിയുടെ റേസർമാരുമായ അലക്സ് മാർക്വസും മാർക് മാർക്വസുമാണ് പോയന്റ് നിരയിൽ മുന്നിലുള്ളത്.
