വിമാന നിരക്ക് ഉയരുന്നതിനിടെ പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടി; എയര്‍പോര്‍ട്ട് യൂസര്‍ ഫീ വര്‍ധന ജൂലൈ മുതൽ
ജൂലൈ മുതൽ തിരുവനന്തപുരത്ത് നിന്നുള്ള ആഭ്യന്തര യാത്രക്കാർ 770 രൂപയും വിദേശ യാത്രികർ 1540 രൂപയും യൂസർ ഫീയായി നൽകണം.
ദുബൈ: വിമാന നിരക്ക് വര്‍ധന മൂലം പൊറുതിമുട്ടിയ പ്രവാസികള്‍ക്ക് ഇരട്ട പ്രഹരമായി എയര്‍പോര്‍ട്ട് യൂസര്‍ ഫീ വര്‍ധന. തിരുവനന്തപുരം വിമാനത്താവളത്തിലാണ് യൂസര്‍ ഫീസ് ഇരട്ടിയായി ഉയര്‍ത്തിയത്. വിമാനത്താവളത്തില്‍ ആദ്യമായി വന്നിറങ്ങുന്നവര്‍ക്കും യൂസര്‍ ഫീ ബാധകമാക്കിയിട്ടുണ്ട്.
ജൂലൈ മുതൽ തിരുവനന്തപുരത്ത് നിന്നുള്ള ആഭ്യന്തര യാത്രക്കാർ 770 രൂപയും വിദേശ യാത്രികർ 1540 രൂപയും യൂസർ ഫീയായി നൽകണം. അടുത്ത വർഷങ്ങളിലും യൂസർ ഫീ കുത്തനെ ഉയരും. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുള്ള യാത്രകൾക്ക് ഇനി ചിലവേറും. ആഭ്യന്തര യാത്രകൾക്കുള്ള 506 രൂപ യൂസർ ഫീ ആണ് 770 ആയി ഉയരുന്നത്. വിദേശ യാത്രികർക്കുള്ള യൂസർ ഫീ 1069ൽ നിന്ന് 1540 ആയി. തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങുന്ന വിദേശ യാത്രികർ 660 രൂപയും ആഭ്യന്തര യാത്രികർ 330 രൂപയും ഇനി യൂസർ ഫീയായി നൽകണം. വിമാനങ്ങളുടെ ലാൻഡിങ് ചാർജ് ഒരു മെട്രിക് ടണ്ണിന് 309 എന്നത് മൂന്നിരട്ടിയോളം വർധിപ്പിച്ച് 890 രൂപയാക്കിയിട്ടുണ്ട്. വിമാനക്കമ്പനികൾക്ക് 2200 രൂപ ഇന്ധന സർചാർജും ഏർപ്പെടുത്തിയിട്ടുണ്ട്.
Read Also - പ്രവാസികള്‍ക്ക് ആശ്വാസം; ആകാശ എയര്‍ യുഎഇയിലേക്ക് എത്തുന്നു
ജൂലൈ മുതൽ ഈ നിരക്ക് പ്രാബല്യത്തിൽ വരും. എയർപോർട്ട് ഇക്നോമിക് റെഗുലേറ്ററി അതോറിറ്റി തിരുവനന്തപുരം വിമാനത്താവളത്തിന് പുതുക്കി നിശ്ചയിച്ച താരിഫ് അനുസരിച്ചാണ് യൂസർ ഫീ നിരക്ക് ഉയരുന്നത്. 2021ൽ അദാനി ഗ്രൂപ്പ് ഏറ്റെടുത്തതിന് ശേഷം ഇതാദ്യമായാണ് തിരുവനന്തപുരത്ത് യൂസർ ഫീ കൂട്ടുന്നത്. ഓരോ 5 വർഷം കൂടുമ്പോഴാണ് എയർപോർട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റി, വിമാനത്താവളങ്ങളിലെ യൂസർ ഡെവലപ്മെന്റ് ഫീ പുതുക്കി നിശ്ചയിക്കുന്നത്. 2022ൽ താരിഫ് പുതുക്കേണ്ടിയിരുന്നെങ്കിലും രണ്ട് വർഷം വൈകി ഇപ്പോഴാണ് പുതുക്കിയത്. ഗള്‍ഫ് രാജ്യങ്ങളിൽ വേനലവധി ആരംഭിക്കുന്നതിനാൽ വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്ക് ഉയർത്തിയിരിക്കുകയാണ്. അതിന് പുറമെ യൂസർ ഫീ വര്‍ധന കൂടി വരുമ്പോൾ പ്രവാസികള്‍ക്ക് വന്‍ തിരിച്ചടിയാകുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം