തിളച്ച ചായ തെറിച്ചുവീണ് ജനനേന്ദ്രിയത്തിന് ഗുരുതര പൊള്ളൽ; എയർലൈനെതിരെ കേസ്, 1 കോടി നഷ്ടപരിഹാരം വേണമെന്ന് 56കാരൻ

സംഭവത്തില്‍ തനിക്ക് ഗുരുതര പൊള്ളലേറ്റതായി ഇദ്ദേഹം പറയുന്നു. 

(പ്രതീകാത്മക ചിത്രം)

us man sues Frontier airlines after suffering severe burns due to spilled tea in flight

ഫിലാദല്‍ഫിയ: ഫ്രോണ്ടിയര്‍ എയര്‍ലൈന്‍സിനെതിരെ കേസ് കൊടുത്ത് യുഎസിലെ ഫിലാദല്‍ഫിയ സ്വദേശി. വിമാനത്തിനുള്ളില്‍ വെച്ച് ചായ തെറിച്ച് വീണ് തന്‍റെ ജനനേന്ദ്രിയത്തിന് ഗുരുതര പൊള്ളലേറ്റെന്ന് ചൂണ്ടിക്കാണിച്ചാണ് യുവാവ് കേസ് കൊടുത്തത്.

സെപ്തംബര്‍ 20നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. സീന്‍ മില്ലര്‍ എന്ന 56കാരനാണ് പരാതിക്കാരന്‍. ഇദ്ദേഹം സൗത്ത് കരോലിനയിലെ മിര്‍ട്ടില്‍ ബീച്ചില്‍ നിന്ന് ഫിലാദല്‍ഫിയയിലേക്ക് പറക്കുകയായിരുന്നു. കേസില്‍ പറയുന്നത് അനുസരിച്ച് വിമാനത്തിനുള്ളില്‍ വെച്ച് ഇദ്ദേഹം ചൂട് ചായ ചോദിച്ചു. എന്നാല്‍ വളരെ അശ്രദ്ധമായാണ് ഈ ചായ തനിക്ക് നല്‍കിയതെന്ന് ഇദ്ദേഹം ആരോപിക്കുന്നു. ഗ്ലാസിന്‍റെ വക്ക് വരെ നിറച്ചാണ് ചായ കൊടുത്തത്. ഒരു മൂടിയും ഇല്ലാതെയാണ് ഗ്ലാസിന്‍റെ വക്ക് വരെ നിറച്ച് കടുത്ത ചൂടുള്ള ചായ നല്‍കിയതെന്ന് മില്ലര്‍ പറയുന്നു. ഇത് മൂലം ചൂട് ചായ തന്‍റെ തുടയിലേക്ക് തെറിച്ച് വീണെന്നും ജനനേന്ദ്രിയത്തിന് മൂന്നാം ഡിഗ്രി പൊള്ളലേറ്റെന്നും ഇദ്ദേഹം പരാതിയില്‍ പറയുന്നു.

വിമാനത്തിന്‍റെ സീറ്റിങ് ആകൃതി മൂലം പെട്ടെന്ന് ചാടി എഴുന്നേല്‍ക്കാനും കഴിഞ്ഞില്ലെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു. വളരെ ഇടുങ്ങിയ രീതിയില്‍ ക്രമീകരിച്ചിരിക്കുന്ന സീറ്റ് മൂലം ചായ വീണപ്പോള്‍ തന്നെ സീറ്റില്‍ നിന്ന് എഴുന്നേല്‍ക്കാനാകാതെ അതികഠിനമായ വേദന സഹിക്കേണ്ടി വന്നതായി മില്ലറിന്‍റെ അറ്റോര്‍ണി ആഡം എ ബാരിസ്റ്റ് പറഞ്ഞു. ഫിലാദല്‍ഫിയയില്‍ ലാന്‍ഡ് ചെയ്ത ഉടന്‍ തന്നെ മില്ലറെ ജെഫേഴ്സണ്‍ മെഡിക്കല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച് പൊള്ളലിന് ചികിത്സ ലഭ്യമാക്കി.

Read Also - നഴ്സിങ് ഹോമിലെ ജോലിക്കിടെ കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റ മലയാളി യുകെയില്‍ മരിച്ചു

ഈ സംഭവത്തെ തുടര്‍ന്ന്മില്ലറിന്‍റെ ദേഹത്ത് സ്ഥിരമായ പാടുകള്‍ ഉണ്ടായെന്നും ലൈംഗിക ബുദ്ധിമുട്ടുകളും മാനസിക പ്രയാസങ്ങളും അനുഭവപ്പെട്ടതായും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. തനിക്ക് സംഭവിച്ച ശാരീരിക, മാനസിക ബുദ്ധിമുട്ടുകള്‍ക്ക് പകരമായി ഫ്രോണ്ടിയര്‍ എയര്‍ലൈന്‍സ് 150,000 ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് മില്ലര്‍ ആവശ്യപ്പെടുന്നത്. സുരക്ഷിതമായി ചായ നല്‍കാനുള്ള ഉത്തരവാദിത്തം എയര്‍ലൈനുണ്ടെന്നും മില്ലര്‍ പറയുന്നു. എന്നാല്‍ ഈ കേസില്‍ ഫ്രോണ്ടിയര്‍ എയര്‍ലൈന്‍സ് പരസ്യമായി പ്രതികരിച്ചിട്ടില്ല. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios