വ്യാപക പരിശോധന; ബഹ്റൈനിൽ ലൈസൻസില്ലാത്ത കടകൾക്കും സ്ഥാപനങ്ങൾക്കുമെതിരെ കർശന നടപടി
പരിശോധനയിൽ നിയമലംഘനങ്ങൾ കണ്ടെത്തിയ സ്ഥാപനങ്ങളാണ് അടച്ചുപൂട്ടിയത്.
മനാമ: ബഹ്റൈനിൽ ലൈസൻസില്ലാത്ത റെസ്റ്റോറന്‍റുകൾ, സൂപ്പർമാർക്കറ്റുകൾ, കാർ റിപ്പയർ ഷോപ്പുകൾ, വെയർഹൗസുകൾ എന്നിവക്കെതിരെ കർശന നടപടിയെടുത്ത് അധികൃതർ. സതേൺ ഗവർണറേറ്റിലെ അൽ ലഹ്സി (നേരത്തേ സിത്ര റൗണ്ട് എബൗട്ട് ഇൻഡസ്ട്രിയൽ സോൺ എന്നറിയപ്പെട്ട സ്ഥലം)യിലാണ് വ്യവസായ വാണിജ്യ മന്ത്രാലയ ഇൻസ്പെക്ടർമാർ പരിശോധന നടത്തിയത്.
പരിശോധനയിൽ നിയമലംഘനങ്ങൾ കണ്ടെത്തിയ സ്ഥാപനങ്ങളാണ് അടച്ചുപൂട്ടിയത്. ലൈസൻസില്ലാതെ കടകൾ പ്രവർത്തിക്കുന്നതായും ചില സ്ഥാപനങ്ങളിൽ അനധികൃതമായി ഒന്നിലധികം വാണിജ്യ പ്രവർത്തനങ്ങൾ നടക്കുന്നതായും കണ്ടെത്തി.
സതേൺ ഗവർണറേറ്റ് പൊലീസ് ഡയറക്ടറേറ്റ്, ദേശീയത, പാസ്പോർട്ട്, താമസക്കാര്യങ്ങൾ, ആരോഗ്യ മന്ത്രാലയം, സതേൺ മുനിസിപ്പാലിറ്റി, ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് പരിശോധനകൾ നടത്തിയത്.
Read Also - പിന്നില്‍ ആളുണ്ടെന്ന് ഡ്രൈവർ കണ്ടില്ല, പെട്ടെന്ന് റിവേഴ്‌സ് എടുത്തു; ട്രക്കിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം
നിയമലംഘകരെ കണ്ടെത്താൻ വ്യാപക പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ 19,662 പേര്‍ സൗദിയിൽ അറസ്റ്റിൽ
റിയാദ്: വിവിധ നിയമലംഘനങ്ങൾ നടത്തി സൗദിയിൽ അനധികൃതമായി തങ്ങുന്നവർക്കെതിരെ കർശന പരിശോധനയും ശിക്ഷാനടപടിയും തുടരുന്നു. താമസ, ജോലി, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് ഒരാഴ്ചയ്ക്കിടെ 19,662 വിദേശികളെയാണ് അറസ്റ്റ് ചെയ്തത്. താമസ നിയമം ലംഘനത്തിന് 12,436 പേരും അനധികൃത അതിർത്തി കടക്കൽ കുറ്റത്തിന് 4,464 പേരും തൊഴിൽ നിയമലംഘനങ്ങൾക്ക് 2,762 പേരുമാണ് പിടിയിലായത്.
അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായ 1,233 പേരിൽ 65 ശതമാനം യമനികളും 31 ശതമാനം എത്യോപ്യക്കാരും നാല് ശതമാനം മറ്റ് രാജ്യക്കാരുമാണ്. അയൽ രാജ്യങ്ങളിലേക്ക് കടക്കാൻ ശ്രമിച്ച 96 പേരെ പിടികൂടി. നിയമലംഘകരെ കടത്തിക്കൊണ്ടുവന്നതിനും അഭയം നൽകിയതിനും ഒമ്പത് പേരെ കസ്റ്റഡിയിലെടുത്തു.