നീതിയുക്തമാത ലോകക്രമം സൃഷ്ടിക്കാൻ ഐക്യരാഷ്ട്രസഭാ സംവിധാനത്തിൽ മാറ്റം അനിവാര്യം: സൗദി വിദേശകാര്യ മന്ത്രി
ലോക സമാധാനവും സുരക്ഷയും തകര്‍ക്കുകയും വികസന പ്രക്രിയ തടസ്സപ്പെടുത്തുകയും ചെയ്യുന്ന ഭീഷണികള്‍ നേരിടുന്നതിലുള്ള ഉത്തരവാദിത്തങ്ങള്‍ നിർവഹിക്കാൻ സാധിക്കുംവിധം ഐക്യരാഷ്ട്ര സംവിധാനം അടിമുടി അടിയന്തിര അഴിച്ചുപണിയേണ്ടിയിരിക്കുന്നു.
റിയാദ്: നീതിയിൽ അധിഷ്ടിതമായ ലോകക്രമം ഉണ്ടാകാൻ ഐക്യരാഷ്ട്രസഭ എന്ന സംവിധാനത്തിൽ അടിമുടി മാറ്റം അനിവാര്യമാണെന്ന് സൗദി അറേബ്യ. 79-ാമത് പൊതുസഭാസമ്മേളനത്തോട് അനുബന്ധിച്ച് ന്യുയോർക്കിലെ യുഎൻ ആസ്ഥാനത്ത് ഭാവികാര്യങ്ങൾ സംബന്ധിച്ച് നടന്ന ഉച്ചകോടിയിൽ സംസാരിക്കവേ വിദേശകാര്യ മന്ത്രി അമീർ ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ആണ് നിലപാട് വ്യക്തമാക്കിയത്.
ഇതുവരെ കാട്ടിക്കൂട്ടിയ എല്ലാ ക്രൂര ചെയ്തികള്‍ക്കും ഇസ്രായേലിനോട് വിശദീകരണം ചോദിക്കാനോ ഉചിത നടപടി കൈക്കൊള്ളാനോ യുഎന്നിന് കഴിയുന്നില്ല. ഈ അന്താരാഷ്ട്ര കൂട്ടായ്മയിൽ പരമേൽപിക്കപ്പെട്ട ലക്ഷ്യവും ഉദ്ദേശ്യവും എന്താണോ അത് നിറവേറ്റാന്‍ നിലവിലെ സംവിധാനം യോഗ്യമല്ല. ലോക സമാധാനവും സുരക്ഷയും തകര്‍ക്കുകയും വികസന പ്രക്രിയ തടസ്സപ്പെടുത്തുകയും ചെയ്യുന്ന ഭീഷണികള്‍ നേരിടുന്നതിലുള്ള ഉത്തരവാദിത്തങ്ങള്‍ നിർവഹിക്കാൻ സാധിക്കുംവിധം ഐക്യരാഷ്ട്ര സംവിധാനം അടിമുടി അടിയന്തിര അഴിച്ചുപണിയേണ്ടിയിരിക്കുന്നു. കാലഘട്ടം അത് ആവശ്യപ്പെടുകയാണ്. ലോകമെങ്ങും സമാധാനം നടപ്പാക്കുന്നതിലും പശ്ചിമേഷ്യയിൽ സംഘര്‍ഷം പരിഹരിക്കുന്നതിലും അന്താരാഷ്ട്ര സമൂഹം ആകെ തന്നെ പരാജയപ്പെട്ടിരിക്കുന്നു. വികസനം കൈവരിക്കാനുള്ള ഏത് സഹകരണത്തിെൻറയും ഉറച്ച അടിത്തറ സുരക്ഷയും സ്ഥിരതയുമാണ് -അമീർ ഫൈസൽ സൗദി അറേബ്യയുടെ നയം വ്യക്തമാക്കി.
Read Also - പ്രശസ്തരുടെ പേരുകൾ ദുരുപയോഗം ചെയ്ത് പരസ്യം; പെർഫ്യൂം കട പൂട്ടിച്ച് സൗദി വാണിജ്യ മന്ത്രാലയം
ബഹുരാഷ്ട്ര വാദത്തെ തിരികെ കൊണ്ടുവരാനും സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കാൻ പിന്തുണ വര്‍ധിപ്പിക്കുന്നതിനുമുള്ള ‘ഭാവിയിലേക്കുള്ള കരാറി’ന്മേൽ പൊതുസഭാസമ്മേളനത്തിൽ അംഗരാജ്യങ്ങളുടെ വോട്ടെടുപ്പ് നടന്നതിന് പിന്നാലെ ചേർന്നതാണ് ഭാവി ഉച്ചകോടി. ഒരു മികച്ച ലോകം, ഹരിത ലോകം കെട്ടിപ്പടുക്കാന്‍ സാധ്യമായ എല്ലാം ചെയ്യണമെന്ന് ബോധ്യമുള്ളതിനാല്‍ ലോകത്തിെൻറ ഭാവി സംബന്ധിച്ച കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ സൗദി അറേബ്യ സജീവമായാണ് പങ്കെടുത്തതെന്ന് ഉച്ചകോടിയിൽ സൗദി വിദേശകാര്യ മന്ത്രി വ്യക്തമാക്കി. സമകാലിക വെല്ലുവിളികളെയും ഭാവിയിലെ വെല്ലുവിളികളെയും ഫലപ്രദമായി നേരിടാനും ഭാവി തലമുറയുടെ പ്രയോജനത്തിനായി സമാധാനവും സുരക്ഷയും കൈവരിക്കാനും നാം ബഹുരാഷ്ട്രവാദത്തെ പ്രോത്സാഹിപ്പിക്കണം.
കരാര്‍ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സാധിക്കുന്നതിന് വിവിധ വെല്ലുവിളികള്‍ നേരിടാനും ലോകമെമ്പാടുമുള്ള ആളുകളുടെ ആവശ്യങ്ങള്‍ നിറവേറ്റാനുമുള്ള ശ്രമങ്ങള്‍ ഇരട്ടിയാക്കേണ്ടതുണ്ട്. അടിസ്ഥാന തത്വങ്ങളുമായി കരാറിനെ യോജിപ്പിച്ചിരിക്കുന്നു. ഈ ഉടമ്പടി ബഹുരാഷ്ട്ര പ്രവര്‍ത്തനത്തില്‍ ഗുണപരമായ മുന്നേറ്റത്തെ അടയാളപ്പെടുത്തുന്നു. എല്ലാ രാജ്യങ്ങളുടെയും, പ്രത്യേകിച്ച് വികസ്വര രാജ്യങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന ന്യായവും തുല്യവുമായ ഒരു ലോകക്രമം ഇത് വാഗ്ദാനം ചെയ്യുന്നു.
രാജ്യങ്ങൾക്കിടയിൽ ഡിജിറ്റല്‍ വിടവ് അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുന്ന ഒരു ഉടമ്പടിയാണിത്. ഇത് വികസ്വര രാജ്യങ്ങളില്‍ സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കും. ബഹുരാഷ്ട്ര സഹകരണം ശക്തിപ്പെടുത്താന്‍ സൗദി അറേബ്യ ശക്തമായി പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ശോഭനമായ ഭാവി കൈവരിക്കാന്‍ ഐക്യരാഷ്ട്ര സഭയുടെ പരിഷ്‌കരണം ആവശ്യമാണ്. അന്താരാഷ്ട്ര സമാധാനവും സുരക്ഷയും ഉയര്‍ത്തിപ്പിടിക്കുന്നതിെൻറ ഉത്തരവാദിത്തം നിർവഹിക്കാന്‍ കഴിയുംവിധം യു.എന്‍ പുനഃസംഘടിപ്പിക്കണമെന്നും അമീർ ഫൈസൽ വ്യക്തമാക്കി.
അമേരിക്കയിലെ സൗദി അംബാസഡര്‍ അമീറ റീമ ബിന്‍ത് ബന്ദര്‍ ബിന്‍ സുല്‍ത്താന്‍, കമ്യൂണിക്കേഷന്‍സ്-ഐ.ടി മന്ത്രി എന്‍ജി. അബ്ദുല്ല അല്‍സവാഹ, സാമ്പത്തിക-ആസൂത്രണ മന്ത്രി ഡോ. ഫൈസല്‍ അൽ ഇബ്രാഹിം, വിദേശ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുറഹ്മാന്‍ അല്‍റസി, ഐക്യരാഷ്ട്രസഭയിലെ സൗദി സ്ഥിരം പ്രതിനിധി ഡോ. അബ്ദുല്‍ അസീസ് അല്‍വാസില്‍, വിദേശ മന്ത്രിയുടെ ഓഫീസ് ഡയറക്ടര്‍ ജനറല്‍ അബ്ദുറഹ്മാന്‍ അൽ ദാവൂദ് എന്നിവര്‍ ഐക്യരാഷ്ട്രസഭ പൊതുസമ്മേളനത്തിൽ പങ്കെടുക്കുന്ന സൗദി സംഘത്തില്‍ ഉള്‍പ്പെടുന്നു.
ഫോട്ടോ: ഐക്യരാഷ്ട്രസഭയുടെ 79-ാമത് പൊതുസഭാസമ്മേളനത്തിൽ സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ സംസാരിക്കുന്നു.