2024 പകുതിയാകുമ്പോൾ 161,599 ഡിജിറ്റൽ ഓർഡറുകൾ പൂർത്തീകരിച്ച് യൂണിയൻ കോപ്
യൂണിയൻ കോപ് സ്മാർട്ട് ആപ്പിൽ 2024 ജൂൺ വരെ രജിസ്റ്റർ ചെയ്തത് 474,656 പേരാണ്. ഡൗൺലോഡുകളുടെ എണ്ണം 605,000 എത്തി
യൂണിയൻ കോപ് സ്മാർട്ട് ആപ്പ്, ഓൺലൈൻ സ്റ്റോർ എന്നിവയിലൂടെ 2024-ലെ ആദ്യ ആറ് മാസം 161,599 പർച്ചേസ് റിക്വസ്റ്റുകൾ ലഭിച്ചതായി കോ-ഓപ്പറേറ്റീവിന്റെ ചീഫ് കമ്മ്യൂണിറ്റി റിലേഷൻസ് ഓഫീസർ ഡോ. സുഹൈൽ അൽ ബസ്തകി. രണ്ട് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും ദിവസവും ഉൽപ്പന്നങ്ങൾ അപ്ഡേറ്റ് ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഉപയോക്താക്കൾക്ക് ഷോപ്പിങ് അനുഭവം മെച്ചപ്പെട്ടതാക്കാൻ നിരവധി ഫീച്ചറുകൾ ആപ്പിൽ ഉൾപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. എല്ലാവർക്കും സാധ്യമായ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്നതിനും ഇ-കൊമേഴ്സ് മേഖലയിലെ മുന്നേറ്റം നിലനിർത്തുന്നതിനുമാണ് ശ്രദ്ധയെന്നും അദ്ദേഹം പറഞ്ഞു.
യൂണിയൻ കോപ് സ്മാർട്ട് ആപ്പിൽ 2024 ജൂൺ വരെ രജിസ്റ്റർ ചെയ്തത് 474,656 പേരാണ്. ഡൗൺലോഡുകളുടെ എണ്ണം 605,000 എത്തി. ദിവസേന ലഭിക്കുന്ന ഡിജിറ്റൽ റിക്വസ്റ്റുകൾ 920 ആണ്. ഇതുവരെ 66 പ്രൊമോഷനൽ ക്യാംപെയിനുകൾ നടപ്പിലാക്കി. ഇതിലൂടെ ആയിരക്കണക്കിന് ഉൽപ്പന്നങ്ങൾ ഡിസ്കൗണ്ടിൽ നൽകി. പ്രധാനപ്പെട്ട സർവീസുകളിൽ 45 മിനിറ്റിൽ എക്സ്പ്രസ് ഡെലിവറി, കാർട്ട് ഇല്ലാതെയുള്ള ഷോപ്പിങ്, യൂണിയൻ കോപ് ബ്രാഞ്ചുകളിൽ നിന്നും ഓൺലൈൻ ഓർഡറുകൾ പിക് അപ് ചെയ്യാനുള്ള സൗകര്യം, ഓൺലൈൻ വഴിയുള്ള ഷോപ്പിങ്ങിന് ദുബായ് നഗരത്തിന് പുറത്തും ഡെലിവറി എന്നിവ ഉൾപ്പെടുന്നു.
സ്മാർട്ട് ആപ്പിലൂടെ നിരവധി ഓഫറുകൾ ലഭ്യമാണ്. 75% വരെ ഡിസ്കൗണ്ടും ഫിസിക്കൽ സ്റ്റോറുകളിൽ ഇല്ലാത്ത പ്രത്യേകം ഉൽപ്പന്നങ്ങളും വാങ്ങാനാകും.