സൗദി എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെയുണ്ടായ ഹൂതി ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ
അടുത്തിടെ നടത്തിയ ആക്രമണങ്ങളിലൂടെ ഹൂതികള്‍ അന്താരാഷ്ട്ര നിയമങ്ങളെയും മാനഡണ്ഡങ്ങളെയും വെല്ലുവിളിക്കുകയാണെന്ന് യുഎഇ വ്യക്തമാക്കി.
അബുദാബി: സൗദി അറേബ്യയിലെ റിയാദില്‍ എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെയുണ്ടായ ഹൂതി ഡ്രോണ്‍ ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ. സൗദിയിലെ സുപ്രധാന സിവിലിയന്‍ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുള്ള ഹൂതികളുടെ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നതായി യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
ഇത്തരം ആക്രമണങ്ങള്‍ ഊര്‍ജ്ജ വിതരണത്തിന്റെ സുരക്ഷയ്ക്കും ആഗോള സമ്പദ് വ്യവസ്ഥയുടെ സ്ഥിരതയ്ക്കും ഭീഷണിയാണ്. അടുത്തിടെ നടത്തിയ ആക്രമണങ്ങളിലൂടെ ഹൂതികള്‍ അന്താരാഷ്ട്ര നിയമങ്ങളെയും മാനഡണ്ഡങ്ങളെയും വെല്ലുവിളിക്കുകയാണെന്ന് യുഎഇ വ്യക്തമാക്കി. സൗദി അറേബ്യയ്ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നതായും സൗദിയുടെ സുരക്ഷയെയും ജനങ്ങളുടെ സുരക്ഷിതത്വത്തെയും സ്ഥിരതയെയും ഹനിക്കുന്ന എല്ലാ ഭീഷണികള്‍ക്കും എതിരെയാണ് തങ്ങളുടെ നിലപാടെന്ന് യുഎഇ ആവര്‍ത്തിച്ചു.
വെള്ളിയാഴ്ച രാവിലെ ആറുമണിക്കാണ് റിയാദില്‍ എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെ ഡ്രോണ്‍ ആക്രമണമുണ്ടായത്. ആക്രമണത്തെ തുടര്‍ന്ന് തീപ്പിടുത്തമുണ്ടായെങ്കിലും ഉടന്‍ നിയന്ത്രണവിധേയമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കുകളോ മരണമോ ഉണ്ടായിട്ടില്ല. ആക്രമണം പെട്രോളിയം വിതരണത്തെ ബാധിച്ചിട്ടില്ലെന്ന് ഊര്‍ജ്ജ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചിരുന്നു.