പിതാവ് ആരാണെന്ന് വ്യക്തമല്ലെങ്കിലും ജനന സര്‍ട്ടിഫിക്കറ്റ് ലഭിക്കും; സുപ്രധാന നിയമ ഭേദഗതിയുമായി യുഎഇ

ജനന സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയെന്നത് കുട്ടിയുടെ അവകാശമാണെന്ന് കണക്കാക്കിയാണ് ജനന രജിസ്‍ട്രേഷന്‍ സംബന്ധിച്ച നിബന്ധനകളില്‍ മാറ്റം കൊണ്ടുവന്നത്. 

UAE starts issuing birth certificates to children with unknown fathers

അബുദാബി: പിതാവ് ആരാണെന്ന് വ്യക്തമല്ലാത്ത കുട്ടികള്‍ക്കും യുഎഇയില്‍ ഇനി മുതല്‍ ജനന സര്‍ട്ടിഫിക്ക് നല്‍കും. രാജ്യത്ത് ജനന, മരണ രജിസ്ട്രേഷന്‍ സംബന്ധിച്ചുള്ള പുതിയ നിയമം പ്രാബല്യത്തില്‍ വന്നതോടെയാണിത്. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ പുറത്തിറക്കിയ 10-2022 എന്ന ഉത്തരവിലൂടെയാണ് പുതിയ നിയമം നടപ്പായിരിക്കുന്നത്.

ജനന സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയെന്നത് കുട്ടിയുടെ അവകാശമാണെന്ന് കണക്കാക്കിയാണ് ജനന രജിസ്‍ട്രേഷന്‍ സംബന്ധിച്ച നിബന്ധനകളില്‍ മാറ്റം കൊണ്ടുവന്നത്. രക്ഷിതാക്കള്‍ വിവാഹിതരാണോ എന്നതും കുട്ടിയുടെ പിതാവ് ആരാണെന്ന് വ്യക്തമാണോ എന്നുള്ളതും തനിക്ക് ജനന സര്‍ട്ടിഫിക്കറ്റ് ലഭിക്കാനുള്ള കുട്ടിയുടെ അവകാശം സംരക്ഷിക്കപ്പെടുന്നതിന് തടസമാവാന്‍ പാടില്ലെന്ന് നിയമം അനുശാസിക്കുന്നു. കുട്ടി ജനിച്ചാല്‍ അമ്മയ്ക്ക് ജുഡീഷ്യല്‍ അധികാരികള്‍ക്ക് അപേക്ഷ നല്‍കി തന്റെ കുട്ടിയുടെ ജനനം രജിസ്റ്റര്‍ ചെയ്യാം. രജിസ്ട്രേഷന് വേണ്ടിയുള്ള പ്രത്യേക ഫോമും ലഭ്യമായിട്ടുണ്ട്.

പുതിയതായി പ്രാബല്യത്തില്‍ വന്നിട്ടുള്ള നിയമത്തിലെ പതിനൊന്നാം വകുപ്പ് പ്രകാരം താന്‍ കുട്ടിയുടെ അമ്മയാണെന്ന് സാക്ഷ്യപ്പെടുത്തിക്കൊണ്ട് ജനനം രജിസ്റ്റര്‍ ചെയ്യാനുള്ള അപേക്ഷ അമ്മയ്ക്ക് കോടതിയില്‍ സമര്‍പ്പിക്കാമെന്ന് നിയമ വിദഗ്ധര്‍ പറയുന്നു. ജനന സര്‍ട്ടിഫിക്കറ്റ് അനുവദിക്കാനുള്ള ഉത്തരവ് ഏതാനും ദിവസങ്ങള്‍ക്കകം തന്നെ കോടതി, ബന്ധപ്പെട്ട ആരോഗ്യ വകുപ്പിന് നല്‍കും. ജനനം അറിയിച്ചുകൊണ്ടുള്ള ബെര്‍ത്ത് നോട്ടിഫിക്കേഷനും അമ്മയുടെ എമിറേറ്റ്സ് ഐഡിയോ അല്ലെങ്കില്‍ പാസ്‍പോര്‍ട്ടോ ആണ് രജിസ്റ്റര്‍ ചെയ്യാനായി നല്‍കേണ്ട രേഖകള്‍. അപേക്ഷയില്‍ എവിടെയും കുട്ടിയുടെ പിതാവിനെ സംബന്ധിച്ചുള്ള ചോദ്യങ്ങളില്ല.

അറബ് മേഖലയില്‍ നിയമ രംഗത്ത് വരുന്ന വലിയ മാറ്റമാണ് യുഎഇ കൊണ്ടുവന്ന ഇപ്പോഴത്തെ ഈ ജനന രജിസ്ട്രേഷന്‍ ഭേദഗതിയെന്ന് രാജ്യത്തെ നിയമവിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഇതാദ്യമായാണ് ഒരു അറബ് രാജ്യം, കുട്ടിയുടെ പിതാവ് ആരാണെന്ന് വ്യക്തമാക്കാതെ ജനനം രജിസ്റ്റര്‍ ചെയ്യാന്‍ അമ്മയ്ക്ക് അവകാശം നല്‍കുന്നത്. മാതാപിതാക്കള്‍ വിവാഹിതരാണോ എന്നത് പോലും കുട്ടിയുടെ ജനന രജിസ്ട്രേഷന് പരിശോധിക്കപ്പെടില്ലെന്നതാണ് പ്രധാന സവിശേഷത.

Read also: 11 വര്‍ഷമായി അനധികൃതമായി താമസിക്കുകയായിരുന്ന പ്രവാസി വനിതയെ പരിശോധനയില്‍ പിടികൂടി

Latest Videos
Follow Us:
Download App:
  • android
  • ios