യുഎഇയില്‍ പുതിയ വൈസ് പ്രസിഡന്റിനെയും അബുദാബിക്ക് പുതിയ കിരീടാവകാശിയെയും നിയമിച്ച് പ്രസിഡന്റിന്റെ ഉത്തരവ്
ദുബൈ ഭരണാധികാരിയായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നിലവില്‍ യുഎഇയുടെ വൈസ് പ്രസിഡന്റ്, പ്രധാനമന്ത്രി സ്ഥാനങ്ങള്‍ വഹിക്കുന്നുണ്ട്. അദ്ദേഹത്തോടൊപ്പമാണ് ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‍യാനെ വൈസ് പ്രസിഡന്റായി നിയമിച്ചിരിക്കുന്നത്.
അബുദാബി: യുഎഇ ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‍യാനെ യുഎഇ വൈസ് പ്രസിഡന്റായി നിയമിച്ചു. രാജ്യത്തെ ഫെഡറല്‍ സുപ്രീം കൗണ്‍സിലിന്റെ അംഗീകാരത്തോടെ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാനാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇതോടൊപ്പം ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാനെ അബുദാബി കിരീടാവകാശിയായും നിയമിച്ചിട്ടുണ്ട്. അബുദാബിക്ക് രണ്ട് ഡെപ്യൂട്ടി ഭരണാധികാരികളെയും നിയമിച്ചു.
ദുബൈ ഭരണാധികാരിയായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നിലവില്‍ യുഎഇയുടെ വൈസ് പ്രസിഡന്റ്, പ്രധാനമന്ത്രി സ്ഥാനങ്ങള്‍ വഹിക്കുന്നുണ്ട്. അദ്ദേഹത്തോടൊപ്പമാണ് ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‍യാനെ വൈസ് പ്രസിഡന്റായി നിയമിച്ചിരിക്കുന്നത്. യുഎഇയുടെ രാഷ്‍ട്രപിതാവായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‍യാന്റെ മകനും നിലവിലെ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്റെ സഹോദരനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍, 1997 മുതല്‍ 2004 നവംബറില്‍ ശൈഖ് സായിദ് മരണപ്പെടുന്നത് വരെ അദ്ദേഹത്തിന്റെ ഓഫീസ് ചെയര്‍മാനായിരുന്നു.
2004ല്‍ അദ്ദേഹം പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയായി. തുടര്‍ന്ന് 2006ല്‍ മിനിസ്‍റ്റീരിയല്‍ ഡെവലപ്‍മെന്റ് കൗണ്‍സിലിന്റെയും 2007ല്‍ എമിറേറ്റ്സ് ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയുടെയും അധ്യക്ഷനായി. അബുദാബി ഫണ്ട് ഫോര്‍ ഡെവലപ്‍മെന്റ്, അബുദാബി സുപ്രീം പെട്രോളിയം കൗണ്‍സില്‍ എന്നിങ്ങനെ വിവിധ സമിതികളിലും പ്രവര്‍ത്തിച്ചു. 2000ല്‍ നാഷണല്‍ ആര്‍ക്കൈവ്‍സ് അധ്യക്ഷനായും 2005ല്‍ അബുദാബി ഡെവലപ്‍മെന്റ് ഫണ്ട് അധ്യക്ഷനായും അബുദാബി ഫുഡ്കണ്‍ട്രോള്‍ അതോറിറ്റി അധ്യക്ഷനായും 2006ല്‍ അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്മെന്റ് തലവനായും സ്ഥാനമേറ്റെടുത്തു.
2009ല്‍ പുതിയ ക്യാബിനറ്റ് രൂപീകരണത്തോടെ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ഡെപ്യൂട്ടി പ്രധാനമന്ത്രിയായി. ഈ സ്ഥാനത്ത് പ്രവര്‍ത്തിച്ചുവരുന്നതിനിടെയാണ് ഇപ്പോള്‍ രാജ്യത്തിന്റെ വൈസ് പ്രസിഡന്റായി നിയമിച്ചിരിക്കുന്നത്. ഇതിനിടെ 2022ല്‍ അദ്ദേഹത്തെ പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് മന്ത്രിയായും നിയമിച്ചിരുന്നു.
യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദിന്റെ മൂത്ത മകനാണ് അബുദാബി കിരീടാവകാശിയായി നിയമിതനായ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍. നേരത്തെ അദ്ദേഹം അബുദാബി എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗവും അബുദാബി എക്സിക്യൂട്ടീവ് ഓഫീസ് ചെയര്‍മാനുമായിരുന്നു. 2016 ഫെബ്രുവരി 15ന് അദ്ദേഹത്തെ ദേശീയ സുരക്ഷാ തലവനായും നിയമിച്ചിരുന്നു. പുതിയ വൈസ് പ്രസിഡന്റിന്റെയും അബുദാബി കിരീടാവകാശിയുടെയും നിയമനത്തിന് പുറമെ അബുദാബിക്ക് രണ്ട് ഡെപ്യൂട്ടി ഭരണാധികാരികളെക്കൂടി നിയമിച്ചിട്ടുണ്ട്. അബുദാബി എക്സിക്യൂട്ടീവ് കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാനായ ശൈഖ് ഹസ്സ ബിന്‍ സായിദ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശൈഖ് തനൂന്‍ ബിന്‍ സായിദ് എന്നിവരാണ് പുതിയ ഡെപ്യൂട്ടി ഭരണാധികാരികള്‍.
ഏഴ് എമിറേറ്റകളുടെയും ഭരണാധികാരികള്‍ ഉള്‍പ്പെടുന്ന യുഎഇയുടെ ഏറ്റവും ഉയര്‍ന്ന ഭരണഘടനാ സമിതിയായ ഫെഡറല്‍ സുപ്രീം കൗണ്‍സിലിന്റെ അംഗീകാരത്തിന് ശേഷമാണ് യുഎഇ പ്രസിഡന്റ് പുതിയ നിയമനങ്ങള്‍ സംബന്ധിച്ച ഉത്തരവുകള്‍ പുറത്തിറക്കിയത്. പുതിയതായി സ്ഥാനമേറ്റെടുത്ത വൈസ് പ്രസിഡന്റ്, അബുദാബി കിരീടാവകാശി, അബുദാബി ഡെപ്യൂട്ടി ഭരണാധികാരികള്‍ എന്നിവരെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും ദുബൈ കിരീടാവകാശിയായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും അഭിനന്ദിച്ചു.