കുട്ടികളെ എപ്പോള്‍ മുതല്‍ കാറിന്റെ മുന്‍സീറ്റില്‍ ഇരുത്താം? യുഎഇ പൊലീസ് പറയുന്നത് ഇങ്ങനെ
വാഹനങ്ങളുടെ മുന്‍സീറ്റില്‍ കുട്ടികളെ യാത്ര ചെയ്യാന്‍ അനുവദിക്കുന്നതുകൊണ്ട് ഉണ്ടാകാവുന്ന അപകടങ്ങളെക്കുറിച്ച് രക്ഷിതാക്കളെും ഡ്രൈവര്‍മാരെയും ബോധവത്കരിക്കാന്‍ പ്രത്യേക കാമ്പയിനും പൊലീസ് തുടങ്ങിയിട്ടുണ്ട്.
അബുദാബി: ചെറിയ കുട്ടികളെ കാറിന്റെ മുന്‍സീറ്റിലിരുത്തി യാത്ര ചെയ്യുന്നത് അത്യന്തം അപകടമാണെന്ന് അറിയാത്തവരില്ല. എന്നാല്‍ എപ്പോള്‍ മുതല്‍ കുട്ടികളെ വാഹനങ്ങളുടെ മുന്‍ സീറ്റിലിരുത്താം? പത്ത് വയസ് പൂര്‍ത്തിയാവാത്തതോ അല്ലെങ്കില്‍ 145 സെന്റീ മീറ്ററില്‍ താഴെ ഉയരമുള്ളവരോ കാറിന്റെ മുന്‍സീറ്റില്‍ യാത്ര ചെയ്താല്‍ ഡ്രൈവറില്‍ നിന്ന് 400 ദിര്‍ഹം പിഴ ഇടാക്കുമെന്നാണ് അബുദാബി പൊലീസിന്റെ മുന്നറിയിപ്പ്.
വാഹനങ്ങളുടെ മുന്‍സീറ്റില്‍ കുട്ടികളെ യാത്ര ചെയ്യാന്‍ അനുവദിക്കുന്നതുകൊണ്ട് ഉണ്ടാകാവുന്ന അപകടങ്ങളെക്കുറിച്ച് രക്ഷിതാക്കളെയും ഡ്രൈവര്‍മാരെയും ബോധവത്കരിക്കാന്‍ പ്രത്യേക കാമ്പയിനും പൊലീസ് തുടങ്ങിയിട്ടുണ്ട്. കുട്ടികള്‍ക്കായി പ്രത്യേക ചൈല്‍ഡ് സീറ്റുകള്‍ കാറുകളില്‍ ഘടിപ്പിക്കേണ്ടതിന്റെ പ്രാധാന്യം നേരത്തെ സാമൂഹിക മാധ്യമങ്ങളിലൂടെ പൊലീസ് ജനങ്ങളെ അറിയിച്ചിരുന്നു. കുട്ടികള്‍ക്കായി പ്രത്യേക ക്രമീകരണങ്ങളില്ലാത്ത ഒരു സീറ്റിലിരിക്കുന്ന കുട്ടിക്ക്, അപകട സമയത്തുണ്ടാകാവുന്ന ആഘാതം, 10 മീറ്റര്‍ ഉയരത്തില്‍ നിന്ന് വീഴുന്നതിന് തുല്യമായിരിക്കുമെന്നാണ് പഠനങ്ങളില്‍ വ്യക്തമായിട്ടുള്ളത്.