യുഎഇയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ പുതിയ കമ്മിറ്റി
യുഎഇ വ്യവസായ വകുപ്പ് മന്ത്രി ഡോ. സുല്‍ത്താന്‍ ബിന്‍ അഹ്‍മദ് അല്‍ ജാബിറിന്റെ നേതൃത്വത്തിലാണ് പുതിയ കമ്മിറ്റി പ്രവര്‍ത്തിക്കുക. വിവിധ മന്ത്രാലയങ്ങളിലെയും ഫെഡറല്‍ വകുപ്പുകളിലെയും പ്രതിനിധികള്‍ കമ്മിറ്റിയിലുണ്ടാവും.
അബുദാബി: യുഎഇയില്‍ കൊവിഡ് പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കാനും ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ തീരുമാനത്തിന്റെയും ഭാഗമായി പുതിയ കമ്മിറ്റിക്ക് രൂപം നല്‍കി. നാഷണല്‍ കൊവിഡ് 19 ക്രൈസിസ് റിക്കവറി മാനേജ്മെന്റ് ആന്റ് ഗവേണന്‍സ് കമ്മിറ്റി എന്ന പേരിലാണ് യുഎഇയിലെ കൊവിഡ് പ്രതിരോധത്തിനുള്ള സുപ്രീം കമ്മിറ്റി പുതിയ സംവിധാനത്തിന് രൂപം നല്‍കിയത്.
യുഎഇ വ്യവസായ വകുപ്പ് മന്ത്രി ഡോ. സുല്‍ത്താന്‍ ബിന്‍ അഹ്‍മദ് അല്‍ ജാബിറിന്റെ നേതൃത്വത്തിലാണ് പുതിയ കമ്മിറ്റി പ്രവര്‍ത്തിക്കുക. വിവിധ മന്ത്രാലയങ്ങളിലെയും ഫെഡറല്‍ വകുപ്പുകളിലെയും പ്രതിനിധികള്‍ കമ്മിറ്റിയിലുണ്ടാവും. പ്രസിഡന്‍ഷ്യല്‍ അഫയേഴ്‍സ്, ആഭ്യന്തരം, പ്രതിരോധം, വിദേശകാര്യ - അന്താരാഷ്ട്ര സഹകരണം, ആരോഗ്യ - പ്രതിരോധം, ധനകാര്യം, വിദ്യാഭ്യാസം, മാനവ വിഭവ ശേഷി - സ്വദേശിവത്കരണം, സാമൂഹിക വികസനം, ഊര്‍ജ - അടിസ്ഥാന സൗകര്യം, വ്യവസായം, ഭക്ഷ്യ - ജല സുരക്ഷ എന്നീ മന്ത്രാലയങ്ങളിലെയും പ്രധാനമന്ത്രിയുടെ ഓഫീസ്, ക്യാബിനറ്റ് ജനറല്‍ സെക്രട്ടേറിയറ്റ്, നാഷണല്‍ സെക്യൂരിറ്റി സുപ്രീം കൌണ്‍സില്‍ സെക്രട്ടേറിയറ്റ്, അബുദാബി എക്സിക്യൂട്ടീവ് ഓഫീസ്, നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോരിറ്റി, യുഎഇ മീഡിയാ ഓഫീസ്, അബുദാബി, ദുബായ് എക്സിക്യൂട്ടീവ് കൌണ്‍സിലുകള്‍, എമിറേറ്റ്സ് ഡെവലപ്മെന്റ് ബാങ്ക്, അബുദാബി നാഷണല്‍ ഓയില്‍ കമ്പനി എന്നിവയുടെ പ്രതിനിധികളും കമ്മിറ്റിയിലുണ്ട്.
രാജ്യത്തെ വിഭവങ്ങള്‍ പ്രയോജനപ്പെടുത്തി സുരക്ഷിതമായ കൊവിഡ് രോഗമുക്തി സാധ്യമാക്കുകയാണ് കമ്മിറ്റിയുടെ ലക്ഷ്യം. ഇതിനായി രാജ്യത്തെ വിവിധ സ്ഥാപനങ്ങളുടെയും സംവിധാനങ്ങളുടെയും പ്രവര്‍ത്തനം ഏകോപിപ്പിക്കുകയും പൊതുസമൂഹത്തെ സാധാരണ നിലയിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആവഷ്കരിച്ച് നടപ്പാക്കുകയുമാണ് മറ്റ് ലക്ഷ്യങ്ങള്‍.