യുഎഇയില്‍ സ്വദേശിവത്കരണം; സ്വകാര്യ മേഖലയിലെ 160 തസ്തികകള്‍ സ്വദേശികള്‍ക്ക് മാത്രം
ഞായറാഴ്ച ചേര്‍ന്ന യുഎഇ മന്ത്രിസഭാ തീരുമാനപ്രകാരം സ്വകാര്യ മേഖലയിലെ 160 തസ്തികകൾ സ്വദേശികൾക്കായി പരിമിതപ്പെടുത്തും. ഇവയിൽ കൂടുതലും അഡ്മിനിസ്ട്രേഷൻ, സൂപ്പർവൈസിങ് തസ്തികകളാണ്.
അബുദാബി: യുഎഇയിൽ സ്വദേശിവത്കരണം ഊർജിതമാക്കാൻ മന്ത്രിസഭാ തീരുമാനം. മൂന്ന് വർഷത്തിനകം 20,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും. സ്വകാര്യ മേഖലയിൽ 160 തസ്തികകൾ സ്വദേശികൾക്കായി പരിമിതപ്പെടുത്താനും കഴിഞ്ഞദിവസം ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.
ബാങ്കുകൾ, വ്യോമമേഖല, ഇത്തിസാലാത്ത്, ഇൻഷുറൻസ്, റിയൽ എസ്റ്റേറ്റ് മേഖലകളിൽ അടുത്ത മൂന്ന് വർഷത്തിനകം 20,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതാണ് പ്രഥമ തീരുമാനം. കൂടാതെ 18,000 സ്വദേശി പൗരന്മാരെ തൊഴിലിനു പ്രാപ്തമാക്കുന്ന പരിശീലനങ്ങൾക്കായി 30 കോടി ദിർഹമിന്റെ ഫണ്ടിനും മന്ത്രിസഭായോഗം അംഗീകാരവും നൽകി. നികുതി വഴി ലഭിക്കുന്ന തുകയുടെ ഒരു വിഹിതവും സ്വദേശിവത്കരണത്തിനു സഹായകമായി വിനിയോഗിക്കും. സ്വദേശികൾക്ക് സർക്കാരിൽ നിന്നും സാമ്പത്തിക സഹായം നൽകി അവരെ തൊഴിലിനു പ്രാപ്തമാക്കും. പ്രതിവർഷം 8000 പേരെ സ്വകാര്യ മേഖലയിൽ നിയമിക്കാനാവശ്യമായ തൊഴിൽ പരിശീലനം നൽകാനാണ് തീരുമാനം.
സ്വകാര്യ മേഖലയിൽ തുല്യത നൽകുന്ന വിധം നിയമഭേദഗതിയുണ്ടാകും. പുതിയ മന്ത്രിസഭാ തീരുമാനപ്രകാരം സ്വകാര്യ മേഖലയിൽ 160 തസ്തികകൾ സ്വദേശികൾക്കായി പരിമിതപ്പെടുത്തും. ഇവയിൽ കൂടുതലും അഡ്മിനിസ്ട്രേഷൻ, സൂപ്പർവൈസിങ് തസ്തികകളാണ്. സ്വകാര്യവത്കരണത്തിൽ പിന്നോക്കം നിൽക്കുന്ന സ്ഥാപനങ്ങൾ ഓരോ വർഷവും ക്വാട്ട പൂർത്തീകരിക്കണം. സ്വദേശിവത്കരണത്തിനു സാമ്പത്തിക സഹായം നൽകുന്ന വ്യക്തിത്വങ്ങളെ സർക്കാർ ആദരിക്കും. സ്വദേശിവത്കരണം ഊർജിതമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം തങ്ങളുടെ തൊഴിലിനെ ബാധിക്കുമോയെന്ന ആശങ്കയിലാണ് രാജ്യത്തുകഴിയുന്ന മലയാളികളടക്കമുള്ള വിദേശികള്‍.