കൂടുതല്‍ ഇന്ത്യക്കാര്‍ക്ക് ഓണ്‍ അറൈവല്‍ വിസ; പുതിയ തീരുമാനം അറിയിച്ച് യുഎഇ
യുഎസിലേയ്ക്ക് താമസ വിസയോ ടൂറിസ്റ്റ് വിസയോ ഉള്ളവർക്കും യുകെയിലും യൂറോപ്യൻ യൂണിയനിലും റസിഡൻസിയുള്ളവർക്കും മാത്രമേ മുമ്പ് വിസ ഓണ്‍ അറൈവല്‍ ലഭ്യമായിരുന്നുള്ളൂ.
അബുദാബി: ഇന്ത്യക്കാര്‍ക്ക് സന്തോഷവാര്‍ത്തയുമായി യുഎഇ. കൂടുതല്‍ ഇന്ത്യക്കാര്‍ക്ക് ഓണ്‍ അറൈവല്‍ വിസ നല്‍കുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട്സ് സെക്യൂരിറ്റി (ഐസിപി) പ്രഖ്യാപിച്ചു.
വ്യാഴാഴ്ചയാണ് ഐസിപി ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പുതിയ തീരുമാനം അനുസരിച്ച് യുകെയിലേയ്ക്കും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേയ്ക്കും ടൂറിസ്റ്റ് വിസയുള്ള ഇന്ത്യൻ പൗരന്മാർക്ക് യുഎഇ ഓൺ അറൈവൽ വിസ നൽകും. മുൻപ് ഇത് യുഎസിലേയ്ക്ക് താമസ വിസയോ ടൂറിസ്റ്റ് വിസയോ ഉള്ളവർക്കും യുകെയിലും യൂറോപ്യൻ യൂണിയനിലും റസിഡൻസിയുള്ളവർക്കും മാത്രമേ ലഭ്യമായിരുന്നുള്ളൂ. അപേക്ഷകന്‍റെ വിസയ്ക്കും പാസ്‌പോർട്ടിനും കുറഞ്ഞത് ആറ് മാസമെങ്കിലും സാധുതയുണ്ടായിരിക്കണമെന്നാണ് വ്യവസ്ഥ.
യോഗ്യരായ ഇന്ത്യക്കാര്‍ക്ക് 60 ദിവസത്തെ വിസ 250 ദിര്‍ഹത്തിന് നല്‍കും. യുഎസ്, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ, യുകെ എന്നിവിടങ്ങളിൽ നിന്നുള്ള വിസ, റസിഡൻസികൾ അല്ലെങ്കിൽ ഗ്രീൻ കാർഡുകൾ കൈവശമുള്ള ഇന്ത്യൻ പൗരന്മാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും 14 ദിവസത്തെ എൻട്രി വിസയ്ക്കുള്ള ഫീസ് 100 ദിർഹമാണ്. ഈ വിസ 14 ദിവസത്തേക്ക് കൂടി നീട്ടുന്നതിനുള്ള ഫിസ് 250 ദിർഹമാണ്. 60 ദിവസത്തെ വിസയ്ക്ക് 250 ദിർഹമാണ് നിരക്ക്. പുതിയ തീരുമാനത്തിലൂടെ യൂറോപ്പിലേക്കും യുകെയിലേക്കും യാത്ര ചെയ്യുന്ന പ്രവാസികൾക്ക് യുഎഇയിൽ സ്റ്റോപ്പ്‌ഓവർ ചെയ്യുന്നത് കൂടുതൽ എളുപ്പമാകും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം