ജിദ്ദ ഇന്ത്യൻ സ്കൂളിലെ രണ്ട് വിദ്യാർത്ഥികൾ ന്യൂമോണിയ ബാധിച്ച് മരിച്ചു
പനി പടർന്നുപിടിക്കുന്ന സഹചര്യത്തിൽ സ്‌കൂളിലെത്തുന്ന മുഴുവൻ വിദ്യാർഥികളും വ്യാഴാഴ്ച ( നവംബര്‍- 17) മുതൽ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന് അധികൃതർ അറിയിച്ചു.
റിയാദ്: ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിലെ രണ്ടു വിദ്യാർത്ഥികൾ ന്യൂമോണിയ ബാധിച്ച് മരിച്ചു. രണ്ടാം ക്ലാസ് വിദ്യാർത്ഥി അബ്ദുല്ല ജോദ്പുരി, എൽ.കെ.ജി വിദ്യാർഥി ഫർഹാനുദ്ദീൻ എന്നിവരാണ് മരിച്ചത്. കുട്ടികളുടെ മരണത്തിൽ സ്‌കൂൾ പ്രിൻസിപ്പൽ ഡോ. മുസഫർ ഹസൻ അനുശോചനം രേഖപ്പെടുത്തി.
പനി പടർന്നുപിടിക്കുന്ന സഹചര്യത്തിൽ സ്‌കൂളിലെത്തുന്ന മുഴുവൻ വിദ്യാർഥികളും വ്യാഴാഴ്ച ( നവംബര്‍- 17) മുതൽ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന് അധികൃതർ അറിയിച്ചു. പനി അടക്കമുള്ള അസുഖം ബാധിച്ച് ചില വിദ്യാർഥികൾ സ്‌കൂളിൽ എത്തുന്നത് മറ്റു കുട്ടികൾക്കും അസുഖം വരാൻ ഇടയാക്കുന്നുണ്ട്. പനി, ജലദോഷം തുടങ്ങിയ അസുഖങ്ങൾ ഇല്ലാത്ത കുട്ടികളെ മാത്രം സ്‌കൂളിലേക്ക് അയച്ചാൽ മതിയെന്നും അവർ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. അവധിയെടുക്കുന്ന വിദ്യാർഥികൾക്ക് ക്ലാസ് ഭാഗങ്ങളും അസൈൻമെന്റുകളും വാട്‌സപ്പ് ഗ്രൂപ്പ് വഴി അയക്കും.
Read also: അവധിക്ക് നാട്ടില്‍ പോയ പ്രവാസി മലയാളി മരിച്ചു
സീസണൽ ഇൻഫ്ലുവൻസ ബാധിച്ചവർ ചുറ്റുമുള്ളവരെ സംരക്ഷിക്കാൻ മാസ്ക് ധരിക്കേണ്ടത് പ്രധാന ബാധ്യതയാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ശ്വസിക്കുന്നതിലൂടെയുള്ള അണുബാധ സാധ്യത കുറയ്ക്കുന്ന സംരക്ഷണ കവചമാണ് മാസ്ക്.
സീസണൽ ഇൻഫ്ലുവൻസ പകരുന്ന സാധാരണ മാർഗങ്ങളിലൊന്നാണ് ശ്വസനം. ഒത്തുചേരലുകളിലും ആരോഗ്യ സ്ഥാപനങ്ങളിലും മാസ്ക് ധരിക്കൽ നിർബന്ധമാണ്. അണുബാധ ലക്ഷണങ്ങളുള്ള ആളുകളുമായി ഇടപഴകുമ്പോഴും പകർച്ച സാധ്യത കൂടുതലായതിനാൽ മാസ്ക് ധരിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി. ‘നിങ്ങൾ ആഗ്രഹിക്കാത്ത നിമിഷം’ എന്ന തലക്കെട്ടിൽ സീസണൽ ഇൻഫ്ലുവൻസയ്‌ക്കെതിരെ വാക്‌സിനേഷൻ ബോധവത്കരണ കാമ്പയിൻ മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്.
രോഗം കൂടുതൽ ബാധിക്കാൻ സാധ്യതയുള്ള പ്രായമായവർ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, രോഗപ്രതിരോധ ശേഷി കുറവുള്ളവർ, ഗർഭിണികൾ തുടങ്ങിയ വിഭാഗങ്ങൾ, പുറമെ ആരോഗ്യമേഖലയിലെ പ്രവർത്തകർ, പൊതുസമൂഹം എന്നിവരെയാണ് കാമ്പയിൻ ലക്ഷ്യമിടുന്നുണ്ട്. വാക്സിനേഷൻ സുരക്ഷിതമാണെന്നും പാർശ്വഫലങ്ങളില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.