ഓൺലൈൻ അഭിമുഖം വഴി തായ്‌ലാന്‍റിൽ ജോലിക്കെത്തിയ മലപ്പുറം സ്വദേശികളെ കാണാനില്ല, ചതി പറ്റിയെന്ന് സന്ദേശം
22ന് രാത്രിയാണ് അവസാനമായി ഇരുവരും ബന്ധുക്കളുമായി ഫോണിൽ ബന്ധപ്പെടുന്നത്. തായ്‌ലാന്‍റ് അതിർത്തി കടന്ന് മ്യാൻമറിലേക്കാണ് കൊണ്ടുപോയതെന്നും ചതിയിൽപ്പെട്ടുവെന്നും ഇരുവരും ബന്ധുക്കളോട് പറഞ്ഞിരുന്നു.
മലപ്പുറം: അബുദാബിയിൽനിന്ന് തായ്‌ലാന്‍റിലേക്ക് ജോലി തേടിപ്പോയ മലപ്പുറം വള്ളിക്കാപ്പറ്റ സ്വദേശികളായ രണ്ടുപേരെ കാണാതായതായി പരാതി. കുട്ടീരി ഹൗസിൽ അബൂബക്കറിന്റെ മകൻ സുഹൈബ്, കൂരിമണ്ണിൽ പുളിക്കാമത്ത് സഫീർ എന്നിവരെയാണ് കാണാതായത്. ഈ മാസം 22 മുതൽ ഇരുവരെയും കാണാതായതായി ബന്ധുക്കൾ മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ് ശശിധരന് നൽകിയ പരാതിയിൽ പറയുന്നു.
മാർച്ച് 27നാണ് ഇരുവരും സന്ദർശക വിസയിൽ അബുദാബിയിൽ എത്തുന്നത്. ഗിഫ്റ്റ് കിങ് ബിൽഡിങ്ങിൽ താമസിക്കുന്നതിനിടെ ഓൺലൈൻ അഭിമുഖത്തിലൂടെ തായ്‌ലാന്‍റിൽ ജോലി ലഭിച്ചു. ഈ മാസം 21ന് കമ്പനി നൽകിയ തൊഴിൽ വിസയിൽ തായ്‌ലൻഡിലെത്തി. അവിടെനിന്നുള്ള ചിത്രങ്ങൾ ബന്ധുക്കൾക്ക് അയച്ചിരുന്നു. തുടർന്ന് ഏജന്റ്റിനൊപ്പം ജോലി സ്ഥലത്തേക്ക് യാത്ര തിരിച്ചു. 22ന് രാത്രിയാണ് അവസാനമായി ഇരുവരും ബന്ധുക്കളുമായി ഫോണിൽ ബന്ധപ്പെടുന്നത്.
തായ്‌ലാന്‍റ് അതിർത്തി കടന്ന് മ്യാൻമറിലേക്കാണ് കൊണ്ടുപോയതെന്നും ചതിയിൽപ്പെട്ടുവെന്നും ഇരുവരും ബന്ധുക്കളോട് പറഞ്ഞിരുന്നു. പിന്നീട് ഇവരുമായി ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല. ബന്ധുക്കൾ മുഖ്യമന്ത്രിക്കും ഇന്ത്യൻ എംബസിക്കും നോർക്ക റൂട്ട്സിനും പരാതി നൽകിയിട്ടുണ്ട്. ആക്‌ഷൻ കമ്മിറ്റി രൂപീകരിച്ച് ഇരുവരെയും നാട്ടിൽ എത്തി ക്കാനുള്ള ശ്രമത്തിലാണ് നാട്ടു കാരും ബന്ധുക്കളും.
Read More : എസ്പിയായി സ്ഥാനക്കയറ്റം കിട്ടാത്തതിൽ നീരസം; ഔദ്യോഗിക യാത്രയയപ്പ് വേണ്ടെന്ന് വെച്ച് പത്തനംതിട്ട എഎസ്പി