ഡ്യൂട്ടിക്കിടെ റോഡപകടം; യുഎഇയില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ മരിച്ചു
അബുദാബിയിലെ ശൈഖ് സായിദ് തുരങ്കത്തിൽ വാഹനം തകരാറിലായത് സംബന്ധിച്ച് അന്വേഷിക്കുന്നതിനായി പോകുന്നതിനിടെയാണ് അപകടമെന്ന് അബുദാബി പൊലീസ് ജനറൽ കമാൻഡ് അറിയിച്ചു.
അബുദാബി: യുഎഇയില്‍ റോഡപകടത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ മരിച്ചു. ലഫ്. മുഹമ്മദ് ഉബൈദ് മുബാറക്, ലഫ്. സൗദ് ഖമീസ് അൽ ഹൊസാനി എന്നിവരാണ് വാഹനാപകടത്തിൽ മരിച്ചത്.
വെള്ളിയാഴ്ചയാണ് പൊലീസ് മരണവിവരം പുറത്തുവിട്ടത്. അബുദാബിയിലെ ശൈഖ് സായിദ് തുരങ്കത്തിൽ വാഹനം തകരാറിലായത് സംബന്ധിച്ച് അന്വേഷിക്കുന്നതിനായി പോകുന്നതിനിടെയാണ് അപകടമെന്ന് അബുദാബി പൊലീസ് ജനറൽ കമാൻഡ് അറിയിച്ചു. മരണാനന്തരമാണ് ഇരുവരേയും ലഫ്റ്റനന്റ് പദവിയിലേക്ക് ഉയർത്തിയത്. ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്റ്റനന്റ് ജനറൽ ശൈഖ് സെയ്ഫ് ബിൻ സായിദ് ആൽ നഹ്യാൻ മരിച്ച ഉദ്യോഗസ്ഥരുടെ ബന്ധുക്കൾക്ക് മെഡൽ ഓഫ് ഡ്യൂട്ടി സമ്മാനിച്ചു. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിൽ ഇവര്‍ കാണിച്ച ആത്മാർഥതയും ആത്മസമർപ്പണവും അഭിനന്ദനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു.
Read Also - ബലിപെരുന്നാള്‍; കുവൈത്തിൽ ഒമ്പത് ദിവസം നീണ്ടു നില്‍ക്കുന്ന അവധിക്ക് സാധ്യത
നിർമ്മാണ ജോലി ചെയ്യുന്നതിനിടെ ഗ്ലാസ് പാളി വീണ് പ്രവാസിക്ക് ദാരുണാന്ത്യം
കുവൈത്ത് സിറ്റി: കുവൈത്തിൽ നിർമ്മാണ ജോലിയിൽ ഏര്‍പ്പെടുന്നതിനിടെ ഗ്ലാസ് പാളി വീണ് പ്രവാസി മരിച്ചു. കുവൈത്തിലെ കൈറോവാൻ പ്രദേശത്താണ് സംഭവം.
ഒരു റെസിഡൻഷ്യൽ പ്രോപ്പർട്ടിയിലെ നിർമ്മാണ ജോലികൾ ചെയ്യുമ്പോഴാണ് അപകടം ഉണ്ടായത്. സംഭവസ്ഥലത്തുണ്ടായിരുന്ന പ്രവാസിയുടെ ഇരട്ട സഹോദരൻ ഉടൻ ഇദ്ദേഹത്തെ ഫർവാനിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ട് പേരും അലൂമിനിയം ഇൻസ്റ്റലേഷനിൽ സ്പെഷ്യലൈസ് ചെയ്ത കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഗ്ലാസ് പാളി തകർന്ന് ദേഹത്തേക്ക് വീണ് പ്രവാസിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് ബന്ധപ്പെട്ട അതോറിറ്റികൾ അന്വേഷണം തുടങ്ങിയിട്ടുണ്ട്.