റിയാദ് സീസൺ ആഘോഷം; ഒരാഴ്ചയില്‍ എത്തിയത് 20 ലക്ഷം ആസ്വാദകർ
ബൊളിവാഡ് വേൾഡ്, കിങ്ഡം അരീന, ബൊളിവാഡ് സിറ്റി, ദി വെന്യു, സുവൈദി പാർക്ക് എന്നിങ്ങനെ അഞ്ച് പ്രധാന വേദികളിലാണ് ആഘോഷ പരിപാടികൾ.
റിയാദ്: ഒക്ടോബർ 12-ന് ആരംഭിച്ച 2024 റിയാദ് സീസൺ ആഘോഷത്തിലേക്ക് ഒറ്റയാഴ്ച കൊണ്ട് ഒഴുകിയെത്തിയത് 20 ലക്ഷം ആസ്വാദകർ. ഇത് പുതിയ റെക്കാർഡാണെന്ന് പൊതുവിനോദ അതോറിറ്റി ചെയർമാൻ തുർക്കി ആലുശൈഖ് പറഞ്ഞു. എല്ലാ വർഷവും പൊതുജനങ്ങൾ കാത്തിരിക്കുന്ന സീസണിനോടുള്ള വലിയ അഭിനിവേശമാണ് ഇത് കാണിക്കുന്നത്. ബൊളിവാഡ് വേൾഡ്, കിങ്ഡം അരീന, ബൊളിവാഡ് സിറ്റി, ദി വെന്യു, സുവൈദി പാർക്ക് എന്നീ അഞ്ച് പ്രധാന വേദികളിലാണ് ഇത്തവണ ആഘോഷ പരിപാടികൾ അരങ്ങേറുന്നത്.
ഈ വർഷം പരിപാടികൾ ആസ്വദിക്കാൻ എത്തുന്ന ആളുകളുടെ എണ്ണം വർധിക്കും എന്ന് മുൻകൂട്ടി കണ്ട് പ്രധാന വേദിയായ ബോളിവാഡ് വേൾഡിൽ 30 ശതമാനം വിപുലീകരിച്ചിരുന്നു. ലോകത്തെ വിവിധ രാജ്യങ്ങളുടെ പ്രത്യേക മേഖലകൾ ഒരുക്കിയിട്ടുള്ള ബോളിവാഡ് വേൾഡിൽ ഈ വർഷം അഞ്ച് രാജ്യങ്ങളുടെ കൂടി മേഖലകൾ കൂട്ടിച്ചേർത്തിരുന്നു.
സൗദി അറേബ്യ, തുർക്കി, ഇറാൻ, ആഫ്രിക്ക, കോർഷെവൽ എന്നീ രാജ്യങ്ങളുടെ ഈ ഏരിയകൾ കൂടി സജ്ജീകരിക്കപ്പെട്ടതോടെ 22 ലോകരാജ്യങ്ങളുടെ മേഖലകൾ ബോളിവാഡ് വേൾഡിൽ ഉൾപ്പെട്ടുകഴിഞ്ഞു. ഓരോ വർഷവും ഇത് വിപുലീകരിച്ച് കൂടുതൽ രാജ്യങ്ങളുടെ മേഖലകൾ ഉൾപ്പെടുത്തും. ലോകത്തെ രുചിവൈവിധ്യങ്ങളുമായി 300 റെസ്റ്റോറൻറുകളും കഫേകളും 890-ലധികം കടകളും ബോളിവാഡ് വേൾഡിൽ പ്രവർത്തിക്കുന്നുണ്ട്.
Read Also - താല്‍ക്കാലിക തൊഴില്‍ വിസകള്‍ നല്‍കുന്നത് പുനരാംരംഭിക്കുന്നതായി കുവൈത്ത്
അതേസമയം റിയാദ് സീസൺ ആഘോഷങ്ങൾ നടക്കുന്ന മുഴുവൻ സ്ഥലങ്ങളിലേക്കും മുതിർന്ന പൗരന്മാർക്കും വിദേശികൾക്കും പ്രവേശനം തീർത്തും സൗജന്യമാക്കിയിട്ടുണ്ട്. 60 വയസോ അതിൽ കൂടുതലോ പ്രായമുള്ള സ്വദേശികളും വിദേശികളുമായ മുഴുവനാളുകൾക്കും എല്ലാ സ്ഥലങ്ങളിലും എത്തി ആഘോഷങ്ങളിൽ പങ്കെടുക്കാം, പരിപാടികൾ ആസ്വദിക്കാം. ‘തവക്കൽനാ’ എന്ന ആപ്പ് വഴിയാണ് ഈ സൗജന്യ ടിക്കറ്റ് എടുക്കേണ്ടത്. അതല്ലാത്തവർക്ക് നിശ്ചിത നിരക്കുകളിലുള്ള ടിക്കറ്റ് എടുത്തു മാത്രമേ പ്രവേശിക്കാനാവൂ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം