Asianet News MalayalamAsianet News Malayalam

പ്രവാസികൾക്കായി കെഎസ്‍ആര്‍ടിസി ബസ് സർവ്വീസ്; വിമാനത്താവളങ്ങളിൽ നിന്ന് സെമി സ്ലീപ്പർ, പറഞ്ഞ സ്ഥലത്ത് നിർത്തും

പ്രവാസികൾക്കായി വിമാനത്താവളങ്ങളിൽ നിന്ന് കെഎസ്‍ആര്‍ടിസി സെമി സ്ലീപ്പർ ബസ്സുകൾ  ഓടിക്കുമെന്നും മന്ത്രി അറിയിച്ചു. തുടക്കത്തിൽ നെടുമ്പാശ്ശേരിയിൽ നിന്ന് കോഴിക്കോട്, കോട്ടയം, തിരുവല്ല ഭാഗത്തേക്ക് പരീക്ഷണ സർവീസ് തുടങ്ങും.  

Transport minister K B Ganesh Kumar Says  start KSRTC bus service for expat malayali
Author
First Published Oct 7, 2024, 11:50 PM IST | Last Updated Oct 7, 2024, 11:50 PM IST

ദുബൈ: പ്രവാസികൾക്കായി കെഎസ്‍ആര്‍ടിസി ബസ് സർവ്വീസ് നടപ്പാക്കുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. വിമാനത്താവളങ്ങളിൽ നിന്ന് സെമി സ്ലീപ്പർ സർവ്വീസ് ആരംഭിക്കുമെന്നാണ് മന്ത്രി അറിയിച്ചത്. കേരളത്തിലെ 93 ബസ് ഡിപ്പോകളിൽ നഷ്ടത്തിലോടുന്നത് 11 ഡിപ്പോകൾ മാത്രമാണെന്നും കെ ബി ഗണേഷ് കുമാർ പറഞ്ഞു. നഷ്ടത്തിൽ നിന്ന് കെഎസ്‍ആര്‍ടിസിയെ കരകയറ്റാൻ ഒപ്പം നിൽക്കുന്ന ജീവനക്കാരെ മന്ത്രി അഭിനന്ദിക്കുകയും ചെയ്തു. യുഎഇയിൽ പ്രവാസികളുടെ ഓണാഘോഷത്തിൽ പങ്കെടുത്ത മന്ത്രി പ്രവാസികൾക്കായി ഒരുപിടി പ്രഖ്യാപനങ്ങൾ നടത്തുകയും ചെയ്തു. 

അജ്മാനിൽ കെയർ ചിറ്റാർ പ്രവാസി അസേസിയേഷന്റെ ഓണാഘോഷ പരിപാടിയിലെ പ്രസംഗത്തിൽ മന്ത്രി പറഞ്ഞത് കെഎസ്‍ആര്‍ടിസിയിലെ പുതിയ മാറ്റങ്ങളെയും നേട്ടങ്ങളെയും കുറിച്ചാണ്. പ്രവാസികൾക്കായി വിമാനത്താവളങ്ങളിൽ നിന്ന് കെഎസ്‍ആര്‍ടിസി സെമി സ്ലീപ്പർ ബസ്സുകൾ  ഓടിക്കുമെന്നും മന്ത്രി അറിയിച്ചു. തുടക്കത്തിൽ നെടുമ്പാശ്ശേരിയിൽ നിന്ന് കോഴിക്കോട്, കോട്ടയം, തിരുവല്ല ഭാഗത്തേക്ക് പരീക്ഷണ സർവീസ് തുടങ്ങും.  ഇതിനായി 16 ബസ്സുകൾ ഉടൻ സജ്ജീകരിക്കും. ബുക്കിങ് ഉൾപ്പടെ എല്ലാ ഓൺലൈൻ. യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ ബസ്സുകൾ നിർത്തുമെന്നത് മറ്റൊരു ഹൈലൈറ്റ്.

ദീർഘദൂര ബസ്സുകളിൽ സ്നാക്സ് ഷോപ്പുകൾ പ്രവർത്തനം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ലേണേഴ്സ് എടുത്താൽ പ്രവാസികൾക്ക് 5 ദിവസത്തിനകം ലൈസൻസ് ടെസ്റ്റ് ഡേറ്റ് നല്‍കുമെന്നും കെ ബി ഗണേഷ് കുമാർ അറിയിച്ചു. അടുത്ത മാർച്ച് 30 ന് മുമ്പ് എല്ലാ ബസ്സുകളും ബസ് സ്റ്റേഷനുകളും പൂർണ്ണമായി മാലിന്യമുക്തമാക്കും. പ്രവാസികൾക്കായി ഓരോന്നും എണ്ണിയെണ്ണി പറഞ്ഞാണ് മന്ത്രി പ്രസംഗം അവസാനിപ്പിച്ചത്. 700 ഓളം ആളുകൾ ഓണാഘോഷ പരിപാടികളിൽ പങ്കാളികളായി. പത്തനംതിട്ട ജില്ലയിലെ ചിറ്റാർ പഞ്ചായത്തിലെ പ്രവാസികളുടെ കൂട്ടായ്മയാണ് കെയർ ചിറ്റാർ പ്രവാസി അസോസിയേഷൻ.

Latest Videos
Follow Us:
Download App:
  • android
  • ios