പുതുവത്സരാഘോഷത്തിനിടയ്ക്ക് സഞ്ചാരിക്ക് നഷ്ടമായത് ലക്ഷങ്ങൾ, അരമണിക്കൂറിൽ പണം കണ്ടെത്തി കൈമാറി ദുബായ് പൊലീസ്
17 ലക്ഷം രൂപയിലധികം പണമുള്ള ബാഗ് ടാക്സി കാറിലെ യാത്രയ്ക്കിടെ നഷ്ടമായെന്നായിരുന്നു പരാതി. ഡോളറുകളായും ദിർഹമായും സൂക്ഷിച്ച പണമാണ് കാണാതായത്. വീട്ടിലേക്കുള്ള മടക്കയാത്രയിലായിരുന്നു വിനോദ സഞ്ചാരി.
ദുബായ്: പുതുവത്സരാഘോഷത്തിനിടെ സഞ്ചാരിക്ക് നഷ്ടമായത് വന്‍ തുക. അരമണിക്കൂറിനുള്ളിൽ കണ്ടെത്തി തിരികെ നൽകി ദുബായ് പൊലീസ്. പുതുവത്സരാഘോഷം പൊടിപൊടിക്കുന്നതിനിടയിലാണ് പൊലീസിനെ തേടി അറബ് സഞ്ചാരിയുടെ പരാതി എത്തിയത്. 17 ലക്ഷം രൂപയിലധികം പണമുള്ള ബാഗ് ടാക്സി കാറിലെ യാത്രയ്ക്കിടെ നഷ്ടമായെന്നായിരുന്നു പരാതി. ഡോളറുകളായും ദിർഹമായും സൂക്ഷിച്ച പണമാണ് കാണാതായത്. വീട്ടിലേക്കുള്ള മടക്കയാത്രയിലായിരുന്നു വിനോദ സഞ്ചാരി.
ഫോണ്‍ കോളിന് പിന്നാലെ പൊലീസ് ടാക്സി കാറിനായി തെരച്ചിൽ ആരംഭിച്ചു. പരാതിക്കാരന്‍ നൽകിയ വിവരങ്ങൾ അനുസരിച്ച് മിനിട്ടുകൾക്കുള്ളിൽ തന്നെ ടാക്സി കാർ കണ്ടെത്താന്‍ ദുബായി പൊലീസിന് സാധിച്ചു. പിന്നാലെ ടാക്സി ഡ്രൈവറുമായി സംസാരിച്ചപ്പോഴാണ് കാറിൽ പണം അടങ്ങിയ ബാഗ് ഡ്രൈവർ ശ്രദ്ധിക്കുന്നത്. ഇതോടെ പണം തിരികെ നൽകാന്‍ ടാക്സി ഡ്രൈവർ മുന്നോട്ട് വരികയായിരുന്നു.
ദുബായ് പൊലീസ് ആപ്പിലൂടെയാണ് വിനോദ സഞ്ചാരി പണം നഷ്ടമായ വിവരം പരാതിപ്പെട്ടത്. അരമണിക്കൂറിനുള്ളിൽ ടാക്സി ഡ്രൈവർ പണം വിനോദ സഞ്ചാരിക്ക് തിരികെ നൽകുകയായിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ പണം തിരികെ ലഭിച്ചതിനുള്ള സന്തോഷം വിനോദ സഞ്ചാരി പൊലീസുമായി പങ്കുവച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം