ബഹ്റൈനില്‍ വ്യത്യസ്ത അപകടങ്ങളില്‍ മൂന്ന് മരണം
ഗുരുതരമായി പരിക്കേറ്റ രണ്ടു പേരും സംഭവസ്ഥലത്തുവെച്ചു തന്നെ മരണപ്പെടുകയായിരുന്നു.
മനാമ: ബഹ്റൈനിലെ സഖീറിൽ ഉണ്ടായ രണ്ട് അപകടങ്ങളിലായി രണ്ട് ബഹ്റൈനികള്‍ ഉള്‍പ്പെടെ മൂന്നുപേർ മരിച്ചു. റോഡ് മുറിച്ചു കടക്കുമ്പോഴാണ് ആദ്യ അപകടം സംഭവിച്ചത്. ഇതിൽ ഒരു ഏഷ്യക്കാരന് മരിച്ചു.
വാഹനമോടിച്ചിരുന്നയാളുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായത്. രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചാണ് മറ്റൊരു അപകടം ഉണ്ടായത്. ഈ അപകടത്തില്‍ രണ്ട് ബഹ്റൈനികൾ മരിച്ചു. മറ്റൊരാൾ വാഹനമോടിച്ചിരുന്ന ലൈനിലേക്ക് നേർക്കുനേരെ വന്നാണ് വാഹനങ്ങള്‍ കൂട്ടിയിടിച്ചത്. ഗുരുതരമായി പരിക്കേറ്റ രണ്ടു പേരും സംഭവസ്ഥലത്തുവെച്ചു തന്നെ മരണപ്പെടുകയായിരുന്നു. തുടര്‍ നടപടികള്‍ അധികൃതർ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Read Also - കോസ്മെറ്റിക് സർജറി ചെയ്തവര്‍ ശ്രദ്ധിക്കുക; പാസ്പോർട്ടിൽ ഫോട്ടോ അപ്ഡേറ്റ് ചെയ്യണമെന്ന് അധികൃതര്‍
അതേസമയം കുവൈത്തില്‍ കഴിഞ്ഞ ദിവസം വഫ്ര ഫാംസ് റോഡിലും മഹ്ബൂല ഏരിയയിലെ ട്രാഫിക് ജംഗ്ഷനിലും ഉണ്ടായ അപകടങ്ങളില്‍ രണ്ട് അറബ് പ്രവാസികള്‍ മരണപ്പെട്ടിരുന്നു. വഫ്ര ഫാംസ് റോഡിൽ വാഹനത്തിനകത്ത് ഒരാൾ കുടുങ്ങിക്കിടക്കുകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷൻസ് റൂമിന് റിപ്പോർട്ട് ലഭിക്കുകയായിരുന്നു.
റെസ്ക്യൂ പോലീസ് പട്രോളിംഗ്, വഫ്ര പോലീസ് സ്റ്റേഷനിൽ നിന്നുള്ള പട്രോളിംഗ്, വഫ്ര ഫയർ സ്റ്റേഷൻ എന്നിവരെത്തിയെങ്കിലും പ്രവാസിയുടെ ജീവൻ രക്ഷിക്കാനായില്ല. മഹ്ബൂല മേഖലയിൽ മോട്ടോർ സൈക്കിൾ മറിഞ്ഞാണ് അറബ് പൗരനായ ബൈക്ക് യാത്രികൻ മരണപ്പെട്ടത്. മൃതദേഹം ഫോറൻസിക് വിഭാഗത്തിന് കൈമാറി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടരുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം