ഒമാനില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട വിമാനം 45 മിനിറ്റിന് ശേഷം അടിയന്തരമായി തിരിച്ചിറക്കി

മസ്‍കത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം 45 മിനിറ്റ് പറന്നശേഷം വിമാനത്തിന് ചില സാങ്കേതിക തകരാറുണ്ടെന്ന് പൈലറ്റ് യാത്രക്കാരെ അറിയിക്കുകയായിരുന്നു. 

Thiruvananthapuram bound air india express flight emergency landing at muscut due to technical snag

മസ്‍കറ്റ്: ഒമാന്‍ തലസ്ഥാനമായ മസ്‍കറ്റിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി മസ്‍കറ്റ് അന്താരാഷ്‍ട്ര വിമാനത്താവളത്തിൽ തിരിച്ചിറക്കി.  വിമാനം മസ്‍‍കറ്റിൽ നിന്ന് പറന്നുയർന്ന് 45 മിനിറ്റിനു ശേഷമാണ് തിരിച്ചിറക്കിയത്. കരുനാഗപ്പള്ളി എം.എല്‍.എ സി.ആര്‍ മഹേഷും വിമാനത്തിലുണ്ട്.

ഒമാന്‍ സമയം രാവിലെ 10.30ന് പുറപ്പെടേണ്ടിയിരുന്ന IX 554 വിമാനം മണിക്കൂറുകള്‍ വൈകി വൈകുന്നേരം 3.30ഓടെയാണ് മസ്‍കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ടത്. എന്നാല്‍ മസ്‍കത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം 45 മിനിറ്റ് പറന്നശേഷം വിമാനത്തിന് ചില സാങ്കേതിക തകരാറുണ്ടെന്ന് പൈലറ്റ് യാത്രക്കാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിമാനം മസ്‍കറ്റ് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ തന്നെ അടിയന്തരമായി തിരിച്ചിറക്കി. യാത്രക്കാരെല്ലാം ഇപ്പോഴും വിമാനത്തില്‍ തന്നെയാണുള്ളത്. 

വിമാനത്തിന് ചില സാങ്കേതിക തകരാറുകളുള്ളത് പൈലറ്റിന്റെ ശ്രദ്ധയില്‍പെടുകയായിരുന്നുവെന്നും ഈ വിമാനത്തിന് ഇനി യാത്ര തുടരാനാവില്ലെന്നുമാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ തിരുവനന്തപുരത്തോ കൊച്ചിയിലോ എത്തിക്കുമെന്നും അധികൃതര്‍ പറഞ്ഞു.

Read also:  തീ കണ്ടതിനെ തുടർന്ന് വിമാനം തിരിച്ചിറക്കിയ സംഭവം; അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയം

രാവിലെ 10.30ന് പുറപ്പെടേണ്ടിയിരുന്ന വിമാനത്തില്‍ യാത്ര ചെയ്യാനായി പ്രാദേശിക സമയം രാവിലെ ഏഴ് മണി മുതല്‍ തന്നെ യാത്രക്കാര്‍ വിമാനത്താവളത്തിലെ ഒമ്പതാം ഗേറ്റില്‍ എത്തിയിരുന്നു. എന്നാല്‍ വിമാനത്തിലേക്കുള്ള ബോര്‍ഡിങ് സമയം 1.30 ആയിരിക്കുമെന്നാണ് യാത്രക്കാര്‍ക്ക് നല്‍കിയ ബോര്‍ഡിങ് പാസില്‍ രേഖപ്പെടുത്തിയിരുന്നത്. വിമാനം പുറപ്പെടാന്‍ വൈകുന്നത് സംബന്ധിച്ച് മറ്റ് വിശദീകരണങ്ങളൊന്നും അധികൃതരില്‍ നിന്ന് യാത്രക്കാര്‍ക്ക് ലഭിച്ചതുമില്ല. മണിക്കൂറുകള്‍ വൈകി 3.30ന് പുറപ്പെട്ട വിമാനമാണ് 45 മിനിറ്റ് പറന്ന ശേഷം സാങ്കേതിക തകരാര്‍ കാരണം തിരിച്ചിറക്കിയത്.

Latest Videos
Follow Us:
Download App:
  • android
  • ios