പാർക്കിങ്ങിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ പന്ത് കൊണ്ടത് ഇടതുകണ്ണിൽ; റെറ്റിനയിൽ വിടവ്, അടിയന്തര ചികിത്സ തുണയായി
ക്രിക്കറ്റ് കളിക്കുന്നതിനിടെ കണ്ണിൽ പന്ത് കൊണ്ട് ഗുരുതരാവസ്ഥയിലായ എട്ടാം ക്ലാസുകാരന്‍റെ കാഴ്ചശക്തി വീണ്ടെടുത്ത് അടിയന്തര ചികിത്സ.
ദുബൈ: ക്രിക്കറ്റ് ബോള്‍ കൊണ്ട് കണ്ണിന് ഗുരുതര പരിക്കേറ്റ എട്ടാം ക്ലാസുകാരന്‍റെ കാഴ്ചശക്തി വീണ്ടെടുത്ത് ആസ്റ്റര്‍ ഹോസ്പിറ്റല്‍. ദുബൈയിലാണ് സംഭവം ഉണ്ടായത്. 13 വയസ്സുള്ള പ്രവാസി ഇന്ത്യന്‍ ബാലനാണ് പരിക്കേറ്റത്.
അപ്പാര്‍ട്ട്മെന്‍റിന്‍റെ പാര്‍ക്കിങ് സ്ഥലത്ത് സുഹൃത്തുക്കള്‍ക്കൊപ്പം കളിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കുട്ടിയുടെ ഇടത് കണ്ണിലാണ് പന്ത് ഇടിച്ചത്. കഠിനമായ വേദനയും കണ്ണ് ചുവക്കുകയും കാഴ്ച മങ്ങുന്ന പോലെ അനുഭവപ്പെടുകയും ചെയ്തതോടെ കുട്ടിക്ക് പ്രാഥമിക ശുശ്രൂഷ നല്‍കി. ഇതിന് ശേഷവും സ്ഥിതി മോശമായതോടെ മാതാപിതാക്കള്‍ കുട്ടിയെ ബര്‍ ദുബൈയിലുള്ള ആസ്റ്റര്‍ ക്ലിനിക്കില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടുത്തെ പരിശോധനകള്‍ക്ക് ശേഷം കുട്ടിയെ മൻഖൂൽ ആസ്റ്റര്‍ ഹോസ്പിറ്റലിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. ഇവിടുത്തെ ഒഫ്താല്‍മോളജി സെപ്ഷ്യലിസ്റ്റായ ഡോ. ഗസാല ഹസന്‍ മന്‍സൂരിയുടെ വിദഗ്ധ പരിശോധനയില്‍ ഇടതു കണ്ണിന്‍റെ റെറ്റിനയില്‍ ചെറിയ വിള്ളലുണ്ടായിട്ടുണ്ടെന്നും റെറ്റിനയില്‍ നിരവധി പൊട്ടലുകള്‍ ഉണ്ടായിട്ടുണ്ടെന്നും സ്ഥിരീകരിച്ചു.
Read Also - വീട്ടിൽ വൻ കൃഷി, സഹായികൾ 3 പേർ; ഉദ്യോഗസ്ഥരെത്തിയപ്പോൾ കയ്യോടെ പിടിയിൽ, വളർത്തിയത് കഞ്ചാവ്, ജീവപര്യന്തം തടവ്
ഫണ്ടസ് ഫോട്ടോഗ്രഫി, ഒപ്റ്റിക്കല്‍ കൊഹിറന്‍സ് ടോമോഗ്രഫി എന്നീ പരിശോധനകള്‍ നടത്തിയതിലൂടെ കുട്ടിയുടെ റെറ്റിന സ്ഥാനം മാറാനുള്ള അപകടസാധ്യത കണ്ടെത്തി. അടിയന്തര സാഹചര്യം മനസ്സിലായതോടെ പെട്ടെന്ന് തന്നെ ലേസര്‍ ചികിത്സ നടത്തി വിടവ് ഒട്ടിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തി. 15- 20 മിനിറ്റ് നീണ്ടു നിന്ന ലേസര്‍ ചികിത്സക്ക് ശേഷം കുട്ടി സുഖം പ്രാപിക്കുകയായിരുന്നു. ഇതേ ദിവസം തന്നെ കുട്ടി ഡിസ്ചാര്‍ജ് ആകുകയും ചെയ്തു. കുട്ടിക്ക് കൃത്യമായ തുടര്‍ പരിശോധനകളും നടത്തി. കുട്ടിയുടെ കാഴ്ചശക്തി പൂര്‍ണമായും സാധാരണ നിലയിലായി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..