അധ്യാപന നിലവാരം മെച്ചപ്പടണം; ഇന്ത്യൻ സ്കൂൾ തെരഞ്ഞെടുപ്പിൽ വിദ്യാര്‍ഥികള്‍ക്ക് പറയാനുളളത്
അധ്യാപകരെക്കുറിച്ച് പൊതുവെ നല്ല അഭിപ്രായം പങ്കുവെയ്ക്കുന്ന വിദ്യാര്‍ത്ഥികള്‍ അധ്യാപന രീതി എന്താണെന്ന് അറിയാത്ത അധ്യാപകരും സ്‌കൂളിലുണ്ടെന്ന് ചൂണ്ടി കാണിക്കുന്നു.
മനാമ: ഇന്ത്യന്‍ സ്‌കൂള്‍ ഭരണസമിതി തെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ അധ്യാപന നിലവാരം ഉയര്‍ത്തണമെന്നും സൗകര്യങ്ങള്‍ മെച്ചപ്പെട്ടതാക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നു. നിലവിലുളള ഭരണസമിതിയായ പി.പി.എക്ക് പുറമെ യു.പി.പിയും ഐ.എസ്.പി.എഫുമാണ് മത്സര രംഗത്തുളളത്. ഏത് പാനല്‍ അധികാരത്തില്‍ വന്നാലും സ്‌കൂളിലെ പഠനനിലവാരവും സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനാണ് ഊന്നല്‍ നല്‍കേണ്ടത് എന്നാണ് വിദ്യാര്‍ത്ഥികളുടെ അഭിപ്രായം.
അധ്യാപന നിലവാരം ഇനിയും മെച്ചപ്പടേണ്ടതുണ്ടെന്നാണ് 'ഏഷ്യാനെറ്റ് ഓണ്‍ലൈനിനോട്' സംസാരിച്ച ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും അഭിപ്രായപ്പെട്ടത്. അധ്യാപകരെക്കുറിച്ച് പൊതുവെ നല്ല അഭിപ്രായം പങ്കുവെയ്ക്കുന്ന വിദ്യാര്‍ത്ഥികള്‍ അധ്യാപന രീതി എന്താണെന്ന് അറിയാത്ത അധ്യാപകരും സ്‌കൂളിലുണ്ടെന്ന് ചൂണ്ടി കാണിക്കുന്നു. അധ്യാപകരെ നിയമിക്കുമ്പോള്‍ യോഗ്യത കര്‍ശനമായി പാലിക്കുകയും നിയമനശേഷം മോണിറ്റര്‍ ചെയ്ത് ആവശ്യമായ പരിശീലനം നല്‍കുകയും ചെയ്താലെ ഇതിനു പരിഹാരമാകൂ.
'നോട്ട്' എഴുതുന്നതിന് മുന്‍തൂക്കം നല്‍കുന്ന പഠനരീതി മാറി വിഷയം എളുപ്പം പഠിപ്പിക്കാനുളള ആധുനിക രീതികള്‍ അവലംബിക്കണമെന്ന് ഒമ്പതാം ക്ലാസുകാരിയായ വിദ്യാര്‍ത്ഥിനി അഭിപ്രായപ്പെട്ടു. പ്രൊജക്റ്ററുകളുള്‍പ്പെടെയുളള സൗകര്യങ്ങളും എജ്യുക്കേഷണല്‍ വീഡിയോ പ്രദര്‍ശനവുമൊക്കെ ക്ലാസുകളില്‍ വേണമെന്നാണ് അഭിപ്രായം.ക്ലാസില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും സംസാരിക്കുന്നത് അപരാധമായി കാണുന്നവരും അധ്യാപകരുടെ കൂട്ടത്തിലുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പരാതിപ്പെടുന്നു.
കഴിഞ്ഞ ഏഴു വര്‍ഷമായി പൂര്‍ണമായി പരിഹരിക്കപ്പെടാത്ത വിഷയമാണ് ട്രാന്‍സ്‌പോര്‍ട്ട് എന്ന് പതിനൊന്നാം ക്ലാസ്സിലെ ഒരു വിദ്യാര്‍ത്ഥി വിശദീകരിച്ചു. സ്ഥിരമായ ബസില്ലാത്തതു കൊണ്ട് സ്‌കൂള്‍ വിട്ട ശേഷം മണിക്കുറോളം കാത്തു നില്‍ക്കേണ്ട അവസ്ഥ പലപ്പോഴുമുണ്ടായിട്ടുണ്ട്. എ.സി ശരിയായി പ്രവര്‍ത്തിക്കാത്തതിനാല്‍ വേനല്‍ക്കാലത്ത് വിയര്‍ത്തു കുളിച്ചാണ് സ്‌റ്റോപ്പില്‍ ഇറങ്ങാറ്. പത്താം ക്ലാസ് വരെ സ്‌കൂള്‍ ടോയ്‌ലറ്റ് ഉപയോഗിക്കാന്‍ തോന്നാന്‍ കഴിയാത്തത്ര വൃത്തി ഹീനമായിരുന്നെന്നും ഷെയ്ക് ഈസാ ബ്ലോക്കിലേക്ക് ക്‌ളാസ് മാറിയതോടെയാണ് അതിനു മാറ്റമുണ്ടായതെന്നും മറ്റൊരു 11-ാം ക്ലാസ് വിദ്യാര്‍ത്ഥി പറഞ്ഞു. ടോയ്‌ലെറ്റുകള്‍ വൃത്തിഹീനമാകുന്നതിന് വിദ്യാര്‍ത്ഥികള്‍ കൂടി കാരണമാണെന്ന് ഒമ്പതാം ക്ലാസുകാരനായ വിദ്യാര്‍ത്ഥി അഭിപ്രായപ്പെട്ടു.
വൃത്തിയായി ടോയ്‌ലെറ്റ് ഉപയോഗിക്കാനുളള നിര്‍ദ്ദേശം ക്ലാസുകളില്‍ നല്‍കണമെന്നാണ് അഭിപ്രായം. ആര്‍.പി. ബ്ലോക്കിലെ താഴെ നിലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ടോയ്‌ലെറ്റ് ഇല്ലാത്തതു വല്ലാത്ത അസൗകര്യമാണെന്ന് ഒരു വിദ്യാര്‍ത്ഥിനി പറഞ്ഞു. അത്യാവശ്യ സമയത്ത് രണ്ടാം നിലയിലേക്ക് ടോയ്‌ലെറ്റിനായി കയറിപ്പോകേണ്ട അവസ്ഥയാണ്. അധ്യാപകര്‍ക്കുളളതു പോലെ താഴെത്തെ നിലയില്‍ വിദ്യാര്‍ത്ഥികള്‍ക്കും ടോയ്‌ലെറ്റ് വേണമെന്ന് വിദ്യാര്‍ത്ഥിനി ആവശ്യപ്പെട്ടു. ക്ലാസ് റൂമിലെ എസിയെക്കുറിച്ചും ഡെസ്‌കിനെക്കുറിച്ചും വിദ്യാര്‍ത്ഥികളില്‍ ചിലര്‍ പരാതി ഉന്നയിച്ചു.
സ്‌കൂളിലെ എക്‌സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റിയെക്കുറിച്ച് നല്ല അഭിപ്രായം പങ്കുവെയ്ക്കുന്ന വിദ്യാര്‍ത്ഥികള്‍ സ്‌പോര്‍സ് ടീം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചില വിമര്‍ശനങ്ങളും പങ്കുവെച്ചു. ടീമിലേക്ക് ചേരാന്‍ താല്പര്യമുളള വിദ്യാര്‍ത്ഥികളുടെ പേരുകള്‍ എല്ലാ ക്ലാസുകളില്‍ നിന്നും ശേഖരിക്കുമെങ്കിലും യോഗ്യതാ ടെസറ്റില്ലാതെയാണ് ടീമിനെ തെരഞ്ഞടുക്കുക. അതു കൊണ്ട് പഴയ ടീമംഗങ്ങളല്ലാത്ത നന്നായി കളിക്കുന്ന പുതിയ കുട്ടികള്‍ക്ക് ടീമില്‍ ഇടം കിട്ടില്ല.
Read Also - ഇതാണ് ഭാഗ്യം! 33 കോടിയുടെ സ്വപ്ന സമ്മാനം പ്രവാസി ഇന്ത്യക്കാരന്; ഒമ്പത് സമ്മാനങ്ങളും ഇന്ത്യക്കാർക്ക്
പാരറ്റ് പോര്‍ട്ടല്‍ വളരെ ഉപയോഗ പ്രദമാണെന്ന് ചിലര്‍ അഭിപ്രായപ്പട്ടപ്പോള്‍ കുറച്ചു കൂടി യൂസര്‍ ഫ്രണ്ട്‌ലി ആക്കണമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. സര്‍ക്കുലര്‍, ഫീസ് വിവരങ്ങള്‍, പ്രോഗ്രസ് റിപ്പോര്‍ട്ട് എന്നിവയൊക്കെ പാരെന്റ് പോര്‍ട്ടിലൂടെ ലഭ്യമാകും. വിദ്യാര്‍ത്ഥി ക്ലാസ്സില്‍ ഹാജരാവാതിരുന്നാല്‍ അന്ന് രാവിലെ തന്നെ പാരന്റ് പോര്‍ട്ടല്‍ വഴി രക്ഷിതാവിന് അതറിയാനാകും.
ധാരാളം സുഹൃത്തുക്കളും വ്യത്യസ്ത അനുഭവവും തരുന്ന വലിയ ക്യാമ്പസെന്ന നിലയിലാണ് ഇന്ത്യന്‍ സ്‌കൂള്‍ തങ്ങള്‍ക്ക് പ്രിയപ്പെട്ടതാകുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ മിക്കവരും പറയുന്നു. ആര് അധികാരത്തിലെത്തിയാലും വര്‍ഷങ്ങളായുളള കുറവുകള്‍ പരിഹരിച്ച് അധ്യാപനവും സൗകര്യങ്ങളും മെച്ചപ്പടുത്തണമെന്നാണ് ആവശ്യം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...