അമ്പാടിക്കുയിലല്ലേ പൊന്നോടക്കുഴലല്ലേ..! 40 പവൻ തനി തങ്കം, പ്രിയപ്പെട്ട കണ്ണനുള്ള പ്രവാസിയുടെ വഴിപാട്
ക്ഷേത്രം അസിസ്റ്റന്‍റ് മാനേജർ ലെജുമോൾ പൊന്നോടക്കുഴൽ ഏറ്റുവാങ്ങി. രതീഷ് മോഹന്‍റെ കുടുംബാംഗങ്ങളും ഒപ്പമുണ്ടായിരുന്നു.
തൃശൂര്‍: ഗുരുവായുരപ്പന് വഴിപാടായി ലഭിച്ചത് പൊന്നിൽ തീർത്ത ഓടക്കുഴൽ. നാൽപത് പവനോളം തൂക്കം വരുന്ന ഓടക്കുഴൽ സമർപ്പിച്ചത് ചങ്ങനാശേരി കോട്ടമുറി ദ്വാരകയിൽ രതീഷ് മോഹനാണ്. ഇന്ന് പുലർച്ചെ നാലു മണിയോടെയായിരുന്നു സമർപ്പണം. ക്ഷേത്രം അസിസ്റ്റന്‍റ് മാനേജർ ലെജുമോൾ പൊന്നോടക്കുഴൽ ഏറ്റുവാങ്ങി. രതീഷ് മോഹന്‍റെ കുടുംബാംഗങ്ങളും ഒപ്പമുണ്ടായിരുന്നു. ഷാർജയിൽ ബിസിനസ് നടത്തുന്ന രതീഷ് മോഹൻ എല്ലാ മലയാള മാസം ഒന്നാം തീയതിയും അന്നദാന സഹായവും നൽകി വരുന്നുണ്ടെന്ന് ക്ഷേത്ര അധികൃതര്‍ അറിയിച്ചു.
അതേസമയം, ഗുരുവായൂർ ക്ഷേത്രത്തിൽ 2023 ഒക്ടോബർ മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോൾ ലഭിച്ചത്
4,50,59,272 രൂപയാണെന്നുള്ള കണക്കുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വന്നിരുന്നു. രണ്ട് കിലോ 300 ഗ്രാം 900 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 11 കിലോ 270ഗ്രാമാണ്. രണ്ടായിരം രൂപയുടെ 173 കറൻസി ലഭിച്ചു. നിരോധിച്ച ആയിരം രൂപയുടെ 16 കറൻസിയും അഞ്ഞൂറിന്‍റെ 75 കറൻസിയും ലഭിച്ചു.
ഇന്ത്യൻ ബാങ്ക് ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല. ക്ഷേത്രം കിഴക്കേ നടയിലെ എസ് ബി ഐയുടെ ഇ ഭണ്ഡാരം വഴി സെപ്റ്റംബർ 11 മുതൽ ഒക്ടോബർ എട്ട് വരെ 119866.75 രൂപ ലഭിച്ചു. സ്ഥിരം ഭണ്ഡാര വരവിന് പുറമെയാണിത്. നേരത്തെ, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ ഭാര്യ ദുർഗ്ഗ ഗുരുവായൂരപ്പന് വഴിപാടായി സ്വർണ കിരീടം സമർപ്പിച്ചത് വലിയ വാർത്തയായിരുന്നു. പതിനാല് ലക്ഷത്തിലേറെ രൂപ വിലവരുന്ന സ്വർണ കിരിടമാണ് സമർപ്പിച്ചത്.
ശിവജ്ഞാനം എന്ന കോയമ്പത്തൂർ സ്വദേശിയായ വ്യവസായിയാണ് ഇതിനുള്ള ഒരുക്കങ്ങൾ നടത്തിയത്. 32 പവൻ തൂക്കം വരുന്നതായിരുന്നു ഈ സ്വർണ കിരീടം. കിരീടത്തിനൊപ്പം ചന്ദനം അരക്കുന്ന മെഷീനും അവർ സമർപ്പിച്ചിരുന്നു. രണ്ട് ലക്ഷം രൂപ വിലവരുന്നതാണ് ഈ മെഷീൻ. ആര്‍.എം എഞ്ചിനീയറിങ് ഉടമയും തൃശൂര്‍ സ്വദേശിയുമായ കെ.എം രവീന്ദ്രനാണ് ഈ മെഷീന്‍ തയ്യാറാക്കിയത്.