ഹജ്ജിനിടെ മരിച്ച ഉപ്പയുടെ ഖബറടക്കം കഴിഞ്ഞ് മടങ്ങവേ മകന് ദാരുണാന്ത്യം
ഭാര്യയും മൂന്ന് കുട്ടികളും അപകട സമയത്ത് ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ഇവര്‍ക്ക് നിസ്സാര പരിക്കേറ്റു.
റിയാദ്: ഇക്കഴിഞ്ഞ ഹജ്ജ് കർമത്തിനിടെ കാണാതാവുകയും ശേഷം മരിച്ചെന്ന് കണ്ടെത്തുകയും ചെയ്ത മലപ്പുറം വാഴയൂർ തിരുത്തിയാട് സ്വദേശി മണ്ണിൽകടവത്ത് മുഹമ്മദ് (74) മാസ്റ്ററുടെ ഖബറടക്കം കഴിഞ്ഞ ഉടൻ മകനും വാഹനാപകടത്തിൽ മരിച്ചു. ഉപ്പയുടെ ഖബറടക്കത്തിനായി കുവൈത്തിൽനിന്നും മക്കയിലെത്തിയ മകൻ റിയാസ് ആണ് മരിച്ചത്. ഖബറടക്കം കഴിഞ്ഞ് റിയാസും കുടുംബവും കുവൈത്തിലേക്ക് മടങ്ങുന്നതിനിടെ ത്വാഇഫിൽനിന്നും 100 കിലോമീറ്ററകലെ റിദ്വാൻ എന്ന സ്ഥലത്ത് വെച്ച് ഇവർ സഞ്ചരിച്ച വാഹനം അപകടത്തിൽപെടുകയായിരുന്നു.
കൂടെയുണ്ടായിരുന്ന ഭാര്യക്കും മൂന്ന് കുട്ടികൾക്കും അപകടത്തിൽ നിസാര പരിക്കേറ്റു. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഹജ്ജിനെത്തിയതായിരുന്നു മണ്ണിൽകടവത്ത് മുഹമ്മദ്. കർമങ്ങൾക്കിടെ ജൂൺ 15 (ബലിപെരുന്നാൾ ദിവസം) മുതലാണ് മിനയിൽ കാണാതായത്. തുടർന്ന് ആഴ്ചകളോളം മിനയിലെ ആശുപത്രികളിലും മറ്റ് സ്ഥലങ്ങളിലും സാമൂഹികപ്രവർത്തകരും ബന്ധുക്കളും വ്യാപകമായി തെരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല. പിന്നീട് ഇന്ത്യൻ എംബസി മരണം സ്ഥിരീകരിക്കുകയായിരുന്നു. നാട്ടിലെ ബന്ധുക്കളെ എംബസി വിവരം അറിയിക്കുകയും ചെയ്തു.
Read Also - ജോലി തേടിയെത്തി, ഇടനിലക്കാരന്‍റെ ചതി; ഏഴുവർഷമായി നാടണയാൻ കഴിയാതെ കോഴിക്കോട് സ്വദേശി
ഈ വിവരമറിഞ്ഞ് കുവൈത്തിൽനിന്നും മക്കളായ റിയാസ്, സൽമാൻ എന്നിവർ കുടുംബസമേതം മക്കയിലെത്തിയതായിരുന്നു. ബുധനാഴ്ച ഉപ്പയുടെ മൃതദേഹം മക്കയിൽ ഖബറടക്കിയതിന് ശേഷം റിയാസും കുടുംബവും കാറിൽ കുവൈത്തിലേക്ക് മടങ്ങുമ്പോഴാണ് അപകടത്തിൽ പെട്ടത്. സൽമാനും കുടുംബവും വെള്ളിയാഴ്ച വിമാനമാർഗമാണ് കുവൈത്തിലേക്ക് മടങ്ങാൻ നിശ്ചയിച്ചിരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം