സൗദി അറേബ്യയില്‍ കാറുകൾ കൂട്ടിയിടിച്ച് ആറ് പേര്‍ മരിച്ചു; രണ്ട് കുട്ടികള്‍ക്ക് പരിക്ക്
കുവൈത്ത് രജിസ്‌ട്രേഷനിലുള്ള ബി.എം.ഡബ്ല്യൂ കാറും സൗദി രജിസ്‌ട്രേഷനുള്ള പിക്കപ്പും നേര്‍ക്കുനേരെ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരു കാറുകളിലും തീ പടർന്നു പിടിച്ചു.
റിയാദ്: സൗദി അറേബ്യയില്‍ രണ്ട് കാറുകൾ കൂട്ടിയിടിച്ച് ആറു പേർ മരണപ്പെടുകയും രണ്ടു കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തു. റിയാദ് പ്രവിശ്യയിൽ പെട്ട ശഖ്‌റക്കു സമീപമായിരുന്നു സംഭവം. ശഖ്‌റാക്ക് പടിഞ്ഞാറ് 18 കിലോമീറ്റർ ദൂരെ അൽസ്വഹൻ റോഡിൽ ഇന്നലെ പുലർച്ചെയാണ് അപകടം സംഭവിച്ചത്.
കുവൈത്ത് രജിസ്‌ട്രേഷനിലുള്ള ബി.എം.ഡബ്ല്യൂ കാറും സൗദി രജിസ്‌ട്രേഷനുള്ള പിക്കപ്പും നേര്‍ക്കുനേരെ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരു കാറുകളിലും തീ പടർന്നു പിടിച്ചു. കാർ ഡ്രൈവറും മൂന്നു സ്ത്രീകളും കുടുംബത്തിലെ വീട്ടുജോലിക്കാരിയും പിക്കപ്പ് ഓടിച്ചിരുന്ന യുവാവുമാണ് അപകടത്തിൽ മരിച്ചത്.
കാർ യാത്ര ചെയ്‍തിരുന്ന മൂന്നും അഞ്ചും വീതം വയസ് പ്രായമുള്ള രണ്ടു കുട്ടികൾ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ കാറിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണതാണ് ജീവനോടെ രക്ഷപ്പെടാൻ കുട്ടികളെ സഹായിച്ചത്. പരിക്കേറ്റ കുട്ടികളെ ശഖ്‌റാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read also: പിക്കപ്പ് വാനില്‍ ട്രെയിലറിടിച്ച് അപകടം; യുഎഇയില്‍ രണ്ട് മലയാളികള്‍ മരിച്ചു
കനത്ത മഴ; നജ്‌റാനില്‍ അഞ്ചുപേര്‍ മുങ്ങി മരിച്ചു
നജ്‌റാന്‍: കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലും നജ്‌റാനില്‍ അഞ്ചുപേര്‍ മുങ്ങി മരിച്ചു. മൂന്നു സഹോദരങ്ങളും മരിച്ചവരില്‍പ്പെടുന്നു. വാദി നജ്‌റാനില്‍ മലവെള്ളപ്പാച്ചിലില്‍ പെട്ടാണ് ഇവര്‍ ഒഴുകിപോയത്. മൂന്നു വയസ്സുകാരന് വേണ്ടി രാത്രി മുഴുവന്‍ തെരച്ചില്‍ നടത്തിയ ശേഷമാണ് മൃതദേഹം കണ്ടെത്താനായത്.
നജ്റാനിലെ അൽറബ്ഹ ഗ്രാമത്തിൽ മഴയിൽ രൂപപ്പെട്ട വെള്ളക്കെട്ടിൽ വീണാണ് സഹോദരങ്ങളായ മൂന്നു ബാലന്മാർ മുങ്ങിമരിച്ചത്. തങ്ങളുടെ കൃഷിയിടത്തോട് ചേർന്ന് രൂപപ്പെട്ട നാലു മീറ്റർ താഴ്ചയുള്ള വെള്ളക്കെട്ടിലാണ് കളിക്കുന്നതിനിടെ ഇവർ അപകടത്തിൽ പെട്ടത്.
മൂത്ത സഹോദരനാണ് ആദ്യം അപകടത്തിൽ പെട്ടത്. സഹോദരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റു രണ്ടു കുട്ടികളും മുങ്ങിമരിക്കുകയായിരുന്നെന്ന് ബന്ധുക്കളിൽ ഒരാൾ പറഞ്ഞു. സിവിൽ ഡിഫൻസ് അധികൃതർ മൃതദേഹങ്ങൾ പുറത്തെടുത്തു. നജ്റാന് വടക്ക് വാദി സ്വഖിയിൽ മറ്റൊരു യുവാവും മുങ്ങിമരിച്ചു. താഴ്വരയിലെ മലവെള്ളപ്പാച്ചിലിൽ പെട്ട യുവാവിന്റെ മൃതദേഹം അപകടത്തിൽ പെട്ട സ്ഥലത്തു നിന്ന് അഞ്ചു കിലോമീറ്റർ ദൂരെയാണ് കണ്ടെത്തിയത്.