സൗദിയില്‍ ആറ് വിഭാഗം ആളുകൾ ഇൻഫ്ലുവൻസ വാക്സിൻ എടുക്കണമെന്ന് ആരോഗ്യ മന്ത്രാലയം
അണുബാധയുടെ സങ്കീർണതകളിൽ നിന്ന് സ്വയം പരിരക്ഷിക്കുന്നതിന് സീസണൽ ഫ്ലൂ വാക്സിൻ എടുക്കാൻ എല്ലാവരും തയ്യാറാവണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു
റിയാദ്: സൗദി അറേബ്യയില്‍ ആറ് വിഭാഗത്തില്‍ പെടുന്ന ആളുകള്‍ സീസണൽ ഇൻഫ്ലുവൻസ വാക്സിൻ സ്വീകരിക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി. വിട്ടുമാറാത്ത രോഗമുള്ളവർ, പൊണ്ണത്തടിയുള്ളവർ, ആറ് മാസം മുതൽ അഞ്ച് വയസ്സ് വരെ പ്രായമുള്ള കുട്ടികൾ, 65 വയസും അതിനു മുകളിലും പ്രായമുള്ളവർ, ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർ, ദീർഘകാല ആസ്‍പിരിൻ തെറാപ്പി സ്വീകരിക്കുന്ന ആറ് മാസം മുതൽ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികൾ എന്നിവരാണ് ഇൻഫ്ലുവൻസ വാക്സിൻ എടുക്കേണ്ടതെന്ന് ട്വിറ്റർ ഔദ്യോഗിക അക്കൗണ്ടിൽ പ്രസിദ്ധീകരിച്ച ഇൻഫോഗ്രാഫിൽ മന്ത്രാലയം വ്യക്തമാക്കി.
അണുബാധയുടെ സങ്കീർണതകളിൽ നിന്ന് സ്വയം പരിരക്ഷിക്കുന്നതിന് സീസണൽ ഫ്ലൂ വാക്സിൻ എടുക്കാൻ എല്ലാവരും തയ്യാറാവണമെന്നും എന്നാൽ വാക്‌സിൻ എടുക്കാൻ ഏറ്റവും കൂടുതൽ ആവശ്യമുള്ള വിഭാഗം 65 വയസിന് മുകളിലുള്ളവരാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. സ്വിഹതി ആപ്പ് വഴി വാക്സിനേഷനുള്ള അപ്പോയിന്റ്മെന്റ് രജിസ്റ്റർ ചെയ്യാമെന്നും മന്ത്രാലയം അറിയിച്ചു.
Read also: 10 മാസമായി ശമ്പളമില്ല, ഇപ്പോള്‍ ഭക്ഷണവും മുടങ്ങി; മലയാളികളടക്കം നാന്നൂറോളം പ്രവാസികള്‍ ദുരിതത്തിൽ