ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനം ഈ മാസം പ്രാബല്യത്തില്‍ വരും
ഇതിന് പകരമായി ഒന്നിലേറെ തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍, ജീര്‍ണിക്കുന്ന ബാഗുകള്‍, കടലാസോ തുണിയോ കൊണ്ട് നിര്‍മ്മിച്ച ബാഗുകള്‍ എന്നിവ ഉപയോഗിക്കാം.
ദോഹ: ഖത്തറില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം നവംബര്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരും. സ്ഥാപനങ്ങള്‍, കമ്പനികള്‍, ഷോപ്പിങ് സെന്‍ററുകള്‍ എന്നിവിടങ്ങളിലെല്ലാം പാക്കേജിങ്, അവതരണം, വിതരണം, സാധനങ്ങള്‍ കൊണ്ടുപോകുന്നത് എന്നിവയ്ക്ക് ഉള്‍പ്പെടെ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് പുതിയ ചട്ടം.
ഇതിന് പകരമായി ഒന്നിലേറെ തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍, ജീര്‍ണിക്കുന്ന ബാഗുകള്‍, കടലാസോ തുണിയോ കൊണ്ട് നിര്‍മ്മിച്ച ബാഗുകള്‍ എന്നിവ ഉപയോഗിക്കാം. നശിക്കുന്നതോ പുനരുപയോഗിക്കാന്‍ കഴിയുന്നതോ ആണെന്ന് വ്യക്തമാക്കുന്ന ചിഹ്നം ഈ ബാഗുകളില്‍ പതിച്ചിരിക്കണം.
Read More - ഒമാനില്‍ പ്ലാസ്റ്റിക് ബാഗുകളുടെ ഇറക്കുമതി നിരോധിക്കുന്നു
അതേസമയം യുഎഇയിലെ ഉമ്മുല്‍ഖുവൈന്‍ എമിറേറ്റും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങുകയാണ്. ജനുവരി ഒന്നു മുതല്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് സഞ്ചികള്‍ക്ക് കടകളില്‍ 25 ഫില്‍സ് ഈടാക്കും. ഉമ്മുല്‍ഖുവൈന്‍ എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റേതാണ് തീരുമാനം.
വ്യാപാര സ്ഥാപനങ്ങളില്‍ സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ പുനരുപയോഗിക്കാന്‍ കഴിയുന്ന ബാഗുകളുമായി വേണം വരാന്‍. അല്ലാത്തവര്‍ 25 ഫില്‍സ് നല്‍കി വേണം പ്ലാസ്റ്റിക് ബാഗുകള്‍ വാങ്ങാന്‍. പ്ലാസ്റ്റിക് ഉപയോഗം പൂര്‍ണമായും നിരോധിക്കുന്നതിന് മുന്നോടിയായാണ് നിയന്ത്രണം. പ്ലാസ്റ്റിക് ഉപയോഗത്തിന്റെ ദോഷവശങ്ങളെ കുറിച്ച് ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കും.
Read More - ഖത്തര്‍ ലോകകപ്പ്; ഇന്ത്യന്‍ ആരാധകര്‍ക്കായി ഹെൽപ് ലൈന്‍ നമ്പര്‍ ക്രമീകരിച്ച് എംബസി
ഷാര്‍ജയിലെ കടകളില്‍ പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പണം ഈടാക്കിത്തുടങ്ങിയിട്ടുണ്ട്. ഓരോ പ്ലാസ്റ്റിക് ബാഗിനും 25 ഫില്‍സ് വീതമാണ് ഈടാക്കുക. ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ബാഗുകള്‍ എമിറേറ്റില്‍ നിരോധിക്കുന്നതിന് മുന്നോടിയായാണ് അവയ്ക്ക് പണം ഈടാക്കുന്നത്. ഇത് സംബന്ധിച്ച് നേരത്തെ തന്നെ അധികൃതര്‍ അറിയിപ്പ് നല്‍കിയിരുന്നു. 2024 ജനുവരി ഒന്ന് മുതല്‍ ഒറ്റവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ബാഗുകളുടെയും സമാനമായ മറ്റ് സാധനങ്ങളുടെയും ഉത്പാദനം, വ്യാപാരം, ഇറക്കുമതി എന്നിവയും വിതരണവും പൂര്‍ണമായി നിരോധിക്കും.