ബഹ്റൈനില്‍ പ്ലാസ്റ്റിക് നിരോധനം: കടകള്‍ തയ്യാറെടുപ്പ് തുടങ്ങി
സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ചെറിയ പലചരക്ക് കടകള്‍ (കോള്‍ഡ് സ്റ്റോര്‍), പച്ചക്കറി കടകള്‍, ഖുബ്ബൂസ് ഷോപ്പ് തുടങ്ങിയവയാണ് പ്രധാനമായും നേരിയ കനമുളള പ്ലാസ്റ്റിക് ബാഗുകള്‍ ഉപയോഗിക്കുന്നത്. 20 മൈക്രോണില്‍ താഴെയുളള പ്ലാസ്റ്റിക് ബാഗുകളാണ് ഇതില്‍ ഭൂരിഭാഗവും ഉപയോഗിച്ചിരുന്നത്.
മനാമ: ഒറ്റത്തവണ ഉപേയാഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ ഒഴിവാക്കാന്‍ കടകള്‍ തയ്യാറെടുപ്പ് തുടങ്ങി. 35 മൈക്രോണില്‍ താഴെയുളള ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് സെപ്റ്റംബര്‍ 19 മുതല്‍ നിരോധനം ഏര്‍പ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് തയ്യാറെടുപ്പ്.
പല കടകളും 35 മൈക്രോണിന് മുകളിലുളള പ്ലാസ്റ്റിക് ഉപയോഗിക്കുന്നതിലേക്ക് ഇപ്പോഴേ മാറിക്കഴിഞ്ഞു. പഴയ സ്റ്റോക്ക് തീര്‍ന്നാല്‍ സെപ്റ്റംബര്‍ വരെ കാത്തു നില്‍ക്കാതെ നിലവാരമുയര്‍ന്ന പ്ലാസ്റ്റിക് ഉപയോഗിക്കാനാണ് പല ഷോപ്പുകളുടെയും തീരുമാനം.
സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ചെറിയ പലചരക്ക് കടകള്‍ (കോള്‍ഡ് സ്റ്റോര്‍), പച്ചക്കറി കടകള്‍, ഖുബ്ബൂസ് ഷോപ്പ് തുടങ്ങിയവയാണ് പ്രധാനമായും നേരിയ കനമുളള പ്ലാസ്റ്റിക് ബാഗുകള്‍ ഉപയോഗിക്കുന്നത്. 20 മൈക്രോണില്‍ താഴെയുളള പ്ലാസ്റ്റിക് ബാഗുകളാണ് ഇതില്‍ ഭൂരിഭാഗവും ഉപയോഗിച്ചിരുന്നത്. ബഹ്റൈനിലെ പ്ലാസ്റ്റിക് ബാഗ് നിര്‍മ്മാണ കമ്പനികള്‍ 35 മൈക്രാണില്‍ താഴെയുളള പ്ലാസ്റ്റിക് ബാഗിന്റെ നിര്‍മ്മാണം നിര്‍ത്തിക്കഴിഞ്ഞു.
പഴയ സ്റ്റോക്ക് വാങ്ങുന്നവരോട് സെപ്റ്റംബര്‍ 19 മുതല്‍ നേരിയവ ഉപയോഗിക്കാന്‍ പറ്റില്ലെന്ന് കമ്പനികള്‍ അറിയിക്കുന്നുണ്ട്. സെപ്റ്റംബര്‍ 19ന് ശേഷം ബാക്കി വരുന്ന സ്റ്റോക്ക് കമ്പനികള്‍ക്ക് റീ സൈക്കിള്‍ ചെയ്യേണ്ടി വരും. ഘട്ടം ഘട്ടമായാണ് ബഹ്റൈനില്‍ പ്ലാസ്റ്റിക് ഉപയോഗം കുറച്ചു കൊണ്ടു വരുന്നത്. 200 മി.ലിറ്ററിന് താഴെയുളള പ്ലാസ്റ്റിക് കുപ്പികളുടെയും ഉപയോഗം ജനുവരി മുതല്‍ നിര്‍ത്തലാക്കിയിരുന്നു. അടുത്ത ഘട്ടത്തില്‍ ചിലയിടങ്ങളില്‍ പ്ലാസ്റ്റിക് ബാഗുകള്‍ പൂര്‍ണമായി നിരോധിക്കുമെന്ന് സൂപ്രീം കൗണ്‍സില്‍ ഫോര്‍ എന്‍വിയോന്‍മെന്റ് സി.ഇ ഡോ. മുഹമ്മദ് മുബാറക് ബിന്‍ ദൈന അറിയിച്ചിട്ടുണ്ട്.
അബുദാബിയില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നു
അബുദാബി: അബുദാബിയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് ജൂണ്‍ ഒന്നു മുതല്‍ നിരോധനം ഏര്‍പ്പെടുത്തുന്നു. 2020ല്‍ കൊണ്ടുവന്ന ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് നയ പ്രകാരമാണ് നിരോധനം. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ക്രമേണ കുറയ്ക്കാനും പുനരുപയോഗം പ്രോത്സാഹിപ്പിക്കാനുമാണ് പദ്ധതിയെന്ന് അബുദാബി പരിസ്ഥിതി ഏജന്‍സി (ഇഎഡി) അറിയിച്ചു.
പ്ലാസ്റ്റിക് കപ്പ് അടക്കം 16 ഉല്‍പ്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കാനും പരിസ്ഥിതി ഏജന്‍സി ആലോചിക്കുന്നുണ്ട്. 2024ഓടെ ഒറ്റത്തവണ ഉപയോഗിക്കുന്ന സ്റ്റിറോഫോം പ്ലേറ്റുകളും കണ്ടെയ്‌നറുകളും നിരോധിക്കാനും അധികൃതര്‍ ആലോചിക്കുന്നുണ്ട്.
മലിനീകരണം കുറച്ച് ആരോഗ്യകരമായ പരിസ്ഥിതിയും സുസ്ഥിര ജീവിതരീതിയും പ്രോത്സാഹിപ്പിക്കാനും കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനുമാണ് ഈ സമഗ്ര നയമെന്ന് പരിസ്ഥിതി ഏജന്‍സി വ്യക്തമാക്കി. പുതിയ തീരുമാനം സംബന്ധിച്ച് എമിറേറ്റിലുടനീളം ബോധവത്കരണ ക്യാമ്പയിന്‍ നടത്തും. 90ലേറെ രാജ്യങ്ങളിലാണ് നിലവില്‍ ഒറ്റത്തവണ പ്ലാസ്റ്റിക് ഉപയോഗ നിരോധനമുള്ളത്.