സൗദി അറേബ്യയില്‍ അമേരിക്കന്‍ കോണ്‍സുലേറ്റിന് മുന്നില്‍ വെടിവെപ്പ്; രണ്ട് പേര്‍ മരിച്ചു

അമേരിക്കന്‍ കോണ്‍സുലേറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായ നേപ്പാള്‍ പൗരനാണ് മരിച്ചവരില്‍ ഒരാള്‍. വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ ഇയാള്‍ പിന്നീട് മരണപ്പെടുകയായിരുന്നു. കാറിലെത്തി വെടിയുതിര്‍ത്ത ആള്‍ ആരാണെന്ന വിവരം പുറത്തുവന്നിട്ടില്ല.

Shooting outside the US consulate in Jeddah leaves two dead afe

റിയാദ്: ജിദ്ദയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് മുന്നിലുണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ മരിച്ചു. കാറിലെത്തിയ ഒരാള്‍ കോണ്‍സുലേറ്റ് ബില്‍ഡിങിന് സമീപം വാഹനം നിര്‍ത്തി തോക്കുമായി പുറത്തിറങ്ങുകയും കോണ്‍സുലേറ്റിന് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. ഇയാളെ സുരക്ഷാ സേന വെടിവെച്ചു കൊന്നതായി സൗദി അറേബ്യയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ എസ്.പി.എ അറിയിച്ചു.

ബുധനാഴ്ച വൈകുന്നേരം 6.45നാണ് വെടിവെപ്പ് ഉണ്ടായത്. അമേരിക്കന്‍ കോണ്‍സുലേറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായ നേപ്പാള്‍ പൗരനാണ് മരിച്ചവരില്‍ ഒരാള്‍. വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ ഇയാള്‍ പിന്നീട് മരണപ്പെടുകയായിരുന്നു. കാറിലെത്തി വെടിയുതിര്‍ത്ത ആള്‍ ആരാണെന്ന വിവരം പുറത്തുവന്നിട്ടില്ല. വെടിവെപ്പില്‍ രണ്ട് പേര്‍ മരിച്ചതായി അമേരിക്കന്‍ അധികൃതരും സ്ഥിരീകരിച്ചു. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്കോ അമേരിക്കന്‍ പൗരന്മാര്‍ക്കോ പരിക്കേറ്റിട്ടില്ലെന്നും സംഭവത്തെ തുടര്‍ന്ന് കോണ്‍സുലേറ്റ് അടച്ചതായും അധികൃതര്‍ അറിയിച്ചു. 

സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് മക്ക പൊലീസ് വക്താവ് അറിയിച്ചു. കാറിലെത്തിയയാള്‍ വെടിവെച്ചതിനെ തുടര്‍ന്ന് സുരക്ഷാ സേന തിരികെ വെടിവെയ്ക്കുകയും അത് അക്രമിയുടെ മരണത്തില്‍ കലാശിക്കുകയുമായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. കൊല്ലപ്പെട്ട നേപ്പാള്‍ പൗരന്‍ സ്വകാര്യ സെക്യൂരിറ്റി ഏജന്‍സിയുടെ ജീവനക്കാരനാണ്. അമേരിക്കന്‍ എംബസിയും കോണ്‍സുലേറ്റും സൗദി അധികൃതരുമായി ആശയ വിനിമയം നടത്തിവരികയാണെന്ന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.

Read also: അവധി ആഘോഷിക്കാൻ ഖത്തറില്‍ നിന്ന് ബഹ്റൈനിലേക്ക് പോയ രണ്ട് മലയാളികൾ റോഡ് അപകടത്തിൽ മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
 

Latest Videos
Follow Us:
Download App:
  • android
  • ios