രഹസ്യ വിവരം, ഉടനടി നീക്കം ; ‘ഓപ്പറേഷൻ ഡിസ്ട്രക്ടിവ് സ്റ്റോൺ’, മാർബിളിനകത്ത് 226 കിലോ ലഹരിമരുന്ന്
ഓപ്പറേഷനില്‍ മൂന്ന് പ്രതികളാണ് പിടിയിലായതെന്ന് അധികൃതര്‍ അറിയിച്ചു. ഇതിന്റെ വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്.
ഷാര്‍ജ: യുഎഇയിലെ ഷാര്‍ജയില്‍ വന്‍ മയക്കുമരുന്ന് വേട്ട. മാര്‍ബിള്‍ കല്ലിനകത്ത് ഒളിപ്പിച്ച നിലയില്‍ കടത്തിയ 226 കിലോഗ്രാം ലഹരിമരുന്നാണ് ഷാര്‍ജ പൊലീസ് പിടികൂടിയത്. മൂന്നു പേര് അറസ്റ്റിലായി.
ഹാഷിഷ്, സൈക്കോട്രോപിക് വസ്തുക്കള്‍, മറ്റ് ലഹരിമരുന്നുകള്‍ എന്നിവ ഷാര്‍ജയിലെ തുറമുഖം വഴി കടത്തിയ ശേഷം യുഎഇയിലെ തെരുവുകളില്‍ വില്‍പ്പന നടത്താനാണ് സംഘം പദ്ധതിയിട്ടത്. ലഹരിമരുന്ന് സംഘത്തെ കുറിച്ച് രഹസ്യ വിവരം ലഭിച്ച ഷാര്‍ജ പൊലീസിലെ ലഹരിമരുന്ന് വിരുദ്ധ സംഘം കര്‍ശന നിരീക്ഷണം നടത്തുകയായിരുന്നു. ലഹരിമരുന്ന് ഒളിപ്പിക്കാനുള്ള പ്രതികളുടെ ശ്രമം മനസ്സിലാക്കിയ പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
മൂന്നു പേര് പിടിയിലായി. ‘ഓപ്പറേഷൻ ഡിസ്ട്രക്ടിവ് സ്റ്റോൺ’എന്ന് പേരിട്ട ദൗത്യത്തിന്റെ വീഡിയോ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ഒരു ലോറിയില്‍ നിന്നാണ് വന്‍തോതില്‍ ലഹരിമരുന്ന് ഒളിപ്പിച്ച മാര്‍ബിള്‍ കണ്ടെത്തിയത്. സംഭവത്തിൽ മൂന്നംഗ ക്രിമിനൽ സംഘം അറസ്റ്റിലായതായി ഷാർജ പൊലീസ് ഡെപ്യൂട്ടി കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ല മുബാറക് ബിൻ അമർ പറഞ്ഞു. എന്നാണ് സംഭവം ഉണ്ടായതെന്ന് പൊലീസ് പുറത്തുവിട്ടിട്ടില്ല. പ്രതികൾക്ക് ദേശീയ, അന്തർദേശീയ മയക്കുമരുന്ന് കടത്ത് ശൃംഖലകളുമായി ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
Read Also - 1,578 രൂപ മുതല്‍ വിമാന ടിക്കറ്റ്, അതിഗംഭീര ഓഫർ; അന്താരാഷ്ട്ര യാത്രകൾക്കും ഇളവ്, ഫ്രീഡം സെയിലുമായി വിസ്താര
ഇത്തരം സംശയകരമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപെട്ടാൽ 8004654 എന്ന നമ്പറിലോ dea@shjpolice.gov.ae. എന്ന മെയിൽ വിലാസത്തിലോ അറിയിക്കണമെന്നും പൊലീസ് അഭ്യർഥിച്ചു.