ആകാശവിസ്മയം തീർക്കാൻ മണിക്കൂറിൽ 100 ഉൽക്കകൾ വരെ; ഉൽക്ക മഴ കാണാം, ഏഴു മണി മുതൽ, സഞ്ചാരികളെ ക്ഷണിച്ച് ഷാർജ
മനോഹരമായ മലനിരകളുടെ പശ്ചാത്തലത്തിൽ പ്രത്യേകം തയാറാക്കിയ ക്യാമ്പ് സൈറ്റിൽ വൈകുന്നേരം ഏഴു മണി മുതൽ രാത്രി ഒരു മണിവരെയാണ് പരിപാടി സംഘടിപ്പിക്കുക.
ഷാർജ: വർഷം തോറും ആകാശവിസ്മയം തീർത്ത് എത്തുന്ന പഴ്സീയഡ് ഉൽക്കമഴ (Perseid meteor shower) കാണാൻ വാനനിരീക്ഷകരെയും സഞ്ചാരികളെയും ക്ഷണിച്ച് ഷാർജ മെലീഹ ആർക്കിയോളജിക്കൽ സെന്റർ. പെഴ്സീഡ്സ് ഉൽക്കാവർഷം ഈമാസം 12-ന് ദൃശ്യമാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.
മെലീഹ മരുഭൂമിയിൽ, മനോഹരമായ മലനിരകളുടെ പശ്ചാത്തലത്തിൽ പ്രത്യേകം തയാറാക്കിയ ക്യാമ്പ് സൈറ്റിൽ വൈകുന്നേരം ഏഴു മണി മുതൽ രാത്രി ഒരു മണിവരെയാണ് പരിപാടി സംഘടിപ്പിക്കുക. അത്യാധുനിക ടെലിസ്കോപുകളിലൂടെ വാനനിരീക്ഷണം നടത്താനുള്ള സൗകര്യം ഇവിടെയുണ്ടാവും. ഉൽക്കാവർഷത്തിന്റെ പാരമ്യത്തിൽ മണിക്കൂറിൽ 100 ഉൽക്കകൾ വരെ ആകാശത്ത് ദൃശ്യമാകുമെന്നാണ് കരുതുന്നത്.
Read Also - മലയാളം പറഞ്ഞ് വൈറലായി. ദുരന്തസമയത്ത് കേരളത്തെ മറന്നില്ല; വയനാടിനായി സംഭാവന നൽകി നൂറയും മറിയവും
ഉൽക്കാവർഷ നിരീക്ഷണത്തിനു പുറമേ, പ്രായഭേദമന്യേ പങ്കെടുക്കുന്നവരെയെല്ലാം ആകർഷിക്കാൻ പാകത്തിൽ വൈവിധ്യമാർന്ന വേറെയും വിശേഷങ്ങൾ പരിപാടിയുടെ ഭാഗമായി ഒരുക്കുന്നുണ്ട്. വിദഗ്ധരുടെ നേതൃത്വത്തിൽ ഉൽക്കാവർഷത്തെക്കുറിച്ചുള്ള പ്രത്യേക പ്രസന്റേഷൻ, അതിഥികൾക്ക് പങ്കാളികനാവാൻ കഴിയുന്ന ക്വിസ് മത്സരങ്ങൾ എന്നിവയോടൊപ്പം ദൂരദർശിനിയിലൂടെ ചന്ദ്രനെയും ഗ്രഹങ്ങളെയും കാണാനുള്ള സൗകര്യവുമുണ്ടാവും. ആസ്ട്രോ ഫോട്ടോഗ്രഫിയിൽ പരിശീലനം ലഭിച്ച മെലീഹയിലെ വിദഗ്ധരുടെ സഹായത്തോടെ ചിത്രങ്ങൾ പകർത്താനുമാവും.
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി +971 6 802 1111 എന്ന ഫോൺ നമ്പറിലോ mleihamanagement@discovermleiha.ae എന്ന ഈമെയിൽ വിലാസത്തിലോ ബന്ധപ്പെടാം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം