പ്രവാസികൾക്ക് ഇനി സ്വന്തം പേരിൽ ഭൂമിയും കെട്ടിടങ്ങളും വാങ്ങാം; റിയൽ എസ്റ്റേറ്റ് നിയമത്തില്‍ ഭേദഗതി
കര്‍ശന വ്യവസ്ഥകൾക്ക് വിധേയമായാണ് വിദേശികൾക്ക് ഷാര്‍ജയിൽ സ്വത്തുക്കൾ സ്വന്തമാക്കാൻ അനുമതി നൽകുന്നത്.
ഷാര്‍ജ: ഷാര്‍ജയിൽ പ്രവാസികൾക്ക് സ്വന്തം പേരിൽ ഭൂമിയും കെട്ടിടങ്ങളും വാങ്ങാൻ വഴിയൊരുങ്ങുന്നു. റിയൽ എസ്റ്റേറ്റ് നിയമഭേദഗതിയിലാണ് പുതിയ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. കര്‍ശന വ്യവസ്ഥകൾക്ക് വിധേയമായാണ് വിദേശികൾക്ക് ഷാര്‍ജയിൽ സ്വത്തുക്കൾ സ്വന്തമാക്കാൻ അനുമതി നൽകുന്നത്.
ഷാര്‍ജ ഭരണാധികാരിയും യുഎഇ സുപ്രീം കൗണ്‍സിൽ അംഗവുമായി ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് റിയൽ എസ്റ്റേറ്റ് നിയമത്തിലെ പുതിയ ഭേദഗതിക്ക് അനുമതി നൽകിയത്. ഇത് പ്രകാരം ഭൂമിയും കെട്ടിടങ്ങളും സ്വകാര്യ വ്യക്തികള്‍ക്കും കൂട്ടായ്മകളുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യത്തിനും സ്വന്തമാക്കാം. ഭരണാധികാരിയുടെ അനുമതിയോടെ മാത്രമേ വിദേശികൾക്ക് സ്വന്തം പേരിൽ വസ്തുവകകൾ വാങ്ങാനാകൂ. ഇതിനു പുറമേ പ്രത്യേക റിയൽ എസ്റ്റേറ്റ് പദ്ധതികളിലും എക്സിക്യൂട്ടീവ് കൗൺസിൽ തീരുമാനങ്ങൾക്ക് അനുസൃതമായി വിദേശികൾക്ക് ഭൂമിയും വസ്തുവും സ്വന്തമാക്കാം.
യുഎഇ പൗരൻറെ പാരമ്പര്യ സ്വത്തിൽ നിയമനുസൃതം അവകാശമുള്ള വിദേശപൗരനും ഇനി മുതൽ അവയിൽ ഉടമസ്ഥാവകാശം ലഭിക്കും.വസ്തുവിൻറെ ഉടമയുടെ വിദേശപൗരത്വമുള്ള അടുത്ത ബന്ധുവിനും നിയമം അനുശാസിക്കുന്ന തരത്തിൽ വസ്തുവകകൾ കൈമാറാന്‍ പുതിയ ഭേദഗതി അനുമതി നൽകുന്നു. റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങള്‍, പ്രൊജക്ടുകള്‍ എന്നിവയുടെ ഉടമസ്ഥാവകാശമോ, ഉയര്‍ന്ന ഓഹരി വിഹിതമോ നിയമ നടപടികള്‍ പാലിച്ച് ഇനി വിദേശ പൗരന് നല്കാം. റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങള്‍ ഉള്ളവര്‍ക്ക് പാര്‍ടണര്‍ഷിപ്പ് വ്യവസ്ഥയില്‍ റിയല്‍ എസ്റ്റേറ്റ് രജിസ്ട്രേഷന്‍ വകുപ്പിന്റെ അനുമതിയോടെയാണ് ഇത് പൂര്‍ത്തിയാക്കാനാവുക.
Read More - നടുറോഡില്‍ വാഹനം കേടായാല്‍; യുഎഇയില്‍ കനത്ത പിഴ ലഭിക്കാതിരിക്കാന്‍ ചെയ്യേണ്ടത്
നിലവിൽ യുഎഇ പൗരന്‍മോര്‍ക്കോ ജിസിസി രാജ്യങ്ങളിൽ നിന്നുള്ളവര്‍ക്കോ മാത്രമാണ് ഷാര്‍ജയിൽ സ്വത്തുക്കൾ വാങ്ങാൻ അനുമതിയുള്ളത്. നിലവിൽ വിദേശികൾക്കോ വിദേശികളുടെ ഉടമസ്ഥതയിലുള്ള കമ്പനികൾക്കോ നൂറു വര്‍ഷത്തെ പാട്ടത്തിന് വസ്തുവകകളും കെട്ടിടങ്ങളും കൈകാര്യം ചെയ്യാൻ നിയമം അനുമതി നൽകുന്നുണ്ട്. ദുബായും അബുദാബിയും നേരത്തെ തന്നെ വിദേശികൾക്ക് സ്വകാര്യ സ്വത്ത് അവകാശം അനുവദിച്ചിരുന്നു.
Read More - തൊഴില്‍ തട്ടിപ്പിനിരയായി യുഎഇയിലും ഒമാനിലും ദുരിത ജീവിതം താണ്ടിയ മലയാളി വീട്ടമ്മ നാട്ടിലേക്ക് മടങ്ങി