ആദരം യൂസഫലിക്ക്; 'ഹൃദയം' നിറക്കുന്ന പ്രഖ്യാപനവുമായി ഡോ. ഷംഷീർ വയലിൽ, നിർധന കുടുംബങ്ങൾക്ക് വലിയ ആശ്വാസം

ഡോ. ഷംഷീറിന്റെ കുടുംബ ഓഫീസായ വിപിഎസ് ഹെൽത്ത്കെയർ നേതൃത്വം നൽകുന്നതാണ് പദ്ധതി. അദ്ദേഹത്തിന്റെ ഇന്ത്യയിലെയും യുഎഇയിലെയും ഒമാനിലെയും ആശുപത്രികളിലൂടെയാണ് നടപ്പാക്കുക. 

Shamsheer Vayalil announced free heart surgery to 50 children

ദുബൈ: പ്രവാസ ജീവിതത്തിൽ 50 വർഷം തികച്ച എംഎ യൂസഫലിക്ക് ആദരമായി നിർധന കുടുംബങ്ങൾക്ക് വലിയ ആശ്വാസമാകുന്ന പ്രഖ്യപനം നടത്തിയിരിക്കുകയാണ് ഡോക്ടർ ഷംഷീർ വയലിൽ. നിർധനരായ 50 കുട്ടികൾക്ക് സൗജന്യ ഹൃദയ സർജറികൾ ആണ് പ്രവാസി സംരംഭകൻ ഡോക്ടർ ഷംഷീർ വയലിൽ പ്രഖ്യാപിച്ചിരിക്കുന്നത്. വൻ ചിലവ് വരുന്ന, ജന്മനാലുള്ള ഹൃദയരോഗങ്ങൾക്ക് സൗജന്യ ചികിത്സയാണ് നൽകുക. 

ഡോ. ഷംഷീറിന്റെ കുടുംബ ഓഫീസായ വിപിഎസ് ഹെൽത്ത്കെയർ നേതൃത്വം നൽകുന്നതാണ് പദ്ധതി. അദ്ദേഹത്തിന്റെ ഇന്ത്യയിലെയും യുഎഇയിലെയും ഒമാനിലെയും ആശുപത്രികളിലൂടെയാണ് നടപ്പാക്കുക. എംഎ യൂസഫലിയുടെ മൂത്ത മകളും വി പി എസ് ഹെൽത്ത്കെയർ വൈസ് ചെയർപേഴ്സണുമായ ഡോ.ഷബീന യൂസഫലിയുടെ ഭർത്താവായ ഡോ. ഷംഷീർ വയലിൽ മിഡിൽ ഈസ്റ്റിലെ പ്രമുഖ ഹെൽത്ത്കെയർ ഗ്രൂപ്പായ ബുർജീൽ ഹോൾഡിങ്‌സിന്റെ സ്ഥാപകനും ചെയർമാനുമാണ്. 

മനുഷ്യത്വപരമായ ഇടപെടലുകൾ കുടുംബത്തിൻ്റെ തന്നെ ഭാഗമാണെന്നും അതേ പാതയിലൂടെ യൂസഫലിയുടെ യുഎഇയിലെ അരനൂറ്റാണ്ട് അടയാളപ്പെടുത്താനാണ് ശ്രമമെന്നും ഡോ. ഷംഷീർ പറഞ്ഞു. ഇന്നലെ ആയിരുന്നു എം എ യൂസഫലി  യുഎഇയിൽ എത്തിയതിന്റെ അൻപതാം വാർഷികം.

Read Also -  തൻറെ 50 വർഷം പഴക്കമുള്ള 'നിധി' യുഎഇ പ്രസിഡൻറിൻറെ കൊട്ടാരത്തിലെത്തി കാണിച്ച് യൂസഫലി; കൗതുകത്തോടെ ശൈഖ് മുഹമ്മദ്

 അഹമ്മദാബാദിൽ ഇഷ്യൂ ചെയ്ത പാസ്പോർട്ടുമായി, മുംബൈ തുറമുഖത്ത് നിന്ന് 1973 ൽ തുടങ്ങിയ യാത്ര അന്‍പത് വർഷങ്ങളാണ് പിന്നിട്ടിരിക്കുന്നത്. അന്നു തൊട്ടിന്നോളം പോയ രാജ്യങ്ങളുടെ സീൽ പതിഞ്ഞു തീർന്ന പാസ്പോർട്ടുകൾ 42 എണ്ണമാണ്. ആദ്യത്തെ പാസ്പോർട്ട് പൊന്ന് പോലെ കൊണ്ടു നടക്കുന്നുണ്ട് യൂസഫലി. എം എ യൂസഫലി പോയ നാടുകളിലെല്ലാം ലുലു ഗ്രൂപ്പ് വളർന്നു.

46 രാജ്യങ്ങളിൽ നിന്നായി 69,000ത്തിന് മേൽ ജീവനക്കാരായി. അബുദാബിയാണ് ലുലു ഗ്രൂപ്പിന്റെ ആസ്ഥാനം. യാത്രകളിലല്ലാത്ത ദിവസങ്ങളിലെല്ലാം ഓഫീസിലെത്തുകയും കാര്യങ്ങൾ നേരിട്ട് ചെയ്യുകയുമാണ് യൂസഫലിയുടെ 50 കൊല്ലത്തെ മുടങ്ങാത്ത ചിട്ട. റിട്ടയർമെന്റ് പ്ലാൻ പോലും ആലോചനയിലില്ലാത്ത കഠിനാധ്വാനമെന്ന ഒറ്റ മന്ത്രമാണ് യുസഫലിയുടേത്. ലോകമെമ്പാടും 300 ഹൈപ്പർ മാർക്കറ്റുകൾ എന്നതാണ് ഏറ്റവുമടുത്ത ലക്ഷ്യമെന്നാണ് യൂസഫലി വിശദമാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios