‘ദി കിങ് ഉനൈസ’; സൗദിയിൽ നിർമിച്ച രണ്ടാമത്തെ യുദ്ധകപ്പൽ നീറ്റിലിറക്കി
‘ദി കിങ് ഉനൈസ’ എന്ന കപ്പലിെൻറ നീറ്റിലിറങ്ങിയത് ജിദ്ദയിലെ നേവൽ ബേസിൽ
റിയാദ്: സൗദിയിൽ നിർമാണം പൂർത്തിയാക്കിയ രണ്ടാമത്തെ യുദ്ധ കപ്പൽ നീറ്റിലിറക്കി. പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാെന പ്രതിനിധീകരിച്ച് ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ലെഫ്റ്റനൻറ് ജനറൽ ഫയാദ് ബിൻ ഹമീദ് അൽ റുവൈലി ജിദ്ദയിലെ കിങ് ഫൈസൽ നേവൽ ബേസിൽ കപ്പലിെൻറ ഉദ്ഘാടനം നിർവഹിച്ചു. ‘ദി കിങ് ഉനൈസ’ എന്ന നാമകരണം ചെയ്ത കപ്പൽ ‘സർവാത്ത്’ പദ്ധതിക്ക് കീഴിൽ നിർമിച്ച അഞ്ചാമത്തേതാണ്.
ഉദ്ഘാടനത്തിന് ശേഷം ചീഫ് ഓഫ് സ്റ്റാഫ് സഹ ഉദ്യോഗസ്ഥരോടൊപ്പം കപ്പലിെൻറ ഫ്ലൈറ്റ് ഡെക്കിൽ കയറി. നാവികസേനയുടെ ഔദ്യോഗിക സേവനത്തിലേക്ക് കപ്പലിെൻറ പ്രവേശനം അടയാളപ്പെടുത്തി സൗദി പതാക ഉയർത്തി. കപ്പലിെൻറ റഡാറുകളും വിസിലുകളും പ്രവർത്തിക്കാൻ തുടങ്ങി. അടുത്തുള്ള കപ്പലുകൾ വിസിലുകൾ മുഴക്കി പുതിയ കപ്പലിനെ സ്വാഗതം ചെയ്തു. ചീഫ് ഓഫ് സ്റ്റാഫ് കപ്പലിെൻറ വിവിധ ഭാഗങ്ങൾ സന്ദർശിക്കുകയും അതിൽ അടങ്ങിയിരിക്കുന്ന മോഡേണും ഹൈടെക്കുമായ ഉപകരണങ്ങൾ കാണുകയും ചെയ്തു.
ഈ കപ്പൽ ‘കൊർവെറ്റ് അവൻറ് 2200’ എന്ന ഇനത്തിൽപ്പെട്ടതാണെന്ന് റോയൽ സൗദി നേവൽ ഫോഴ്‌സ് ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനൻറ് ജനറൽ ഫഹദ് ബിൻ അബ്ദുല്ല അൽഗുഫൈലി പറഞ്ഞു. നാവിക സേനയുടെ സൈനിക ശക്തി വർധിപ്പിക്കുന്നതിനും മേഖലയിലെ സാമുദ്രിക സുരക്ഷ ശക്തിപ്പെടുത്തുന്നതിനും രാജ്യത്തിെൻറ സുപ്രധാനവും തന്ത്രപരവുമായ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും ഈ കപ്പൽ മുതൽക്കൂട്ടാവും. അഞ്ച് യുദ്ധക്കപ്പലുകൾ നിർമിച്ച് ഒറ്റ വ്യൂഹത്തിെൻറ ഭാഗമാക്കുന്ന പദ്ധതിയാണ് ‘സർവാത്’. അതിലെ ഒടുവിലത്തേതും പൂർണമായും സൗദിയിൽ നിർമിച്ച രണ്ടാമത്തതുമാണ് ഈ കപ്പൽ.
Read Also - പ്രവാസികൾക്ക് വൻ തിരിച്ചടി, തീരുമാനം ഇന്ന് മുതല്‍ പ്രാബല്യത്തില്‍; ഈ മേഖലയിൽ 35 ശതമാനം സ്വദേശിവത്കരണം
നേരത്തെ ഈ പദ്ധതിക്ക് കീഴിൽ വിദേശത്ത് നിർമിച്ച് കൊണ്ടുവന്നതും സൗദിയിൽ നിർമിച്ചതുമായ നാല് കപ്പലുകൾ കിങ് ഹാഇൽ, കിങ് ജുബൈൽ, കിങ് ദറഇയ, കിങ് ജീസാൻ എന്നിവയാണ്. സർവാത്ത് വ്യൂഹത്തിന് കീഴിലെ കപ്പലുകൾ ലോകത്തിലെ ഏറ്റവും ആധുനികമാണെന്ന് വിലയിരുത്തപ്പെടുന്നു. ഉയർന്ന ശേഷിയും കാര്യക്ഷമതയുമുണ്ട്. ഏതുതരം യുദ്ധ ദൗത്യങ്ങളെയും നേരിടാനുള്ള കഴിവ് ഇവക്കുണ്ടെന്നും അൽഗുഫൈലി പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ എക്‌സിക്യൂട്ടീവ് കാര്യങ്ങൾക്കായുള്ള പ്രതിരോധ സഹമന്ത്രി ഡോ. ഖാലിദ് ബിൻ ഹുസൈൻ അൽബിയാരി, സ്പാനിഷ് ‘നവാന്തി’ കമ്പനിയുടെ ഡയറക്ടർ ബോർഡ് ചെയർമാൻ റിക്കാർഡോ ഗാർസിയ ബാഗിറോ, സൈനിക-സിവിലയൻ രംഗത്തെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.‘സാമി’ കമ്പനിയും സ്പാനിഷ് ‘നവാന്തിയ’ കമ്പനിയും സംയുക്തമായാണ് കപ്പൽ നിർമിച്ചത്. സൗദി കിരീടാവകാശിയുടെ താൽപര്യപ്രകാരം ആറ് വർഷം മുമ്പ് ആറ് വർഷം മുമ്പ് ആരംഭിച്ച സർവാത് പദ്ധതിയിലെ എല്ലാ കപ്പലുകളും നിർമിച്ചത് ഈ രണ്ട് കമ്പനികളും ചേർന്നാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...