യുഎഇയില്‍ കാണാതായ മലയാളി യുവാവിനെ കണ്ടെത്താനായില്ല; ആശങ്കയോടെ സുഹൃത്തുക്കളും ബന്ധുക്കളും
വര്‍സാനിലെ ഇലക്ട്രിക്കല്‍ കമ്പനിയില്‍ സെയില്‍സ് വിഭാഗത്തില്‍ ജോലി ചെയ്‍തിരുന്ന അമല്‍, 20ന് വൈകുന്നേരം 4.30ഓടെയാണ് ജോലി സ്ഥലത്തുനിന്ന് പുറത്തിറങ്ങിയത്. പിന്നീട് തിരികെയെത്തിയില്ല.
ദുബായ്: ഒരാഴ്ച മുമ്പ് ദുബൈയില്‍ നിന്ന് കാണാതായ മലയാളി യുവാവിനായി തെരച്ചില്‍ തുടരുന്നു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി കടലൂര്‍ പുത്തലത്തു വീട്ടില്‍ അമല്‍ സതീഷ് (29)നെ ഈ മാസം 20നാണ് കാണാതായാത്. ബന്ധുക്കളും സുഹൃത്തുക്കളും യുഎഇയില്‍ ഉടനീളം അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല.
വര്‍സാനിലെ ഇലക്ട്രിക്കല്‍ കമ്പനിയില്‍ സെയില്‍സ് വിഭാഗത്തില്‍ ജോലി ചെയ്‍തിരുന്ന അമല്‍, 20ന് വൈകുന്നേരം 4.30ഓടെയാണ് ജോലി സ്ഥലത്തുനിന്ന് പുറത്തിറങ്ങിയത്. പിന്നീട് തിരികെയെത്തിയില്ല. മഞ്ഞ നിറത്തിലുള്ള ടീ ഷര്‍ട്ടായിരുന്നു കാണാതാവുമ്പോള്‍ ധരിച്ചിരുന്നത്. റാഷിദിയ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതനുസരിച്ച് പൊലീസും അന്വേഷണം നടത്തുന്നുണ്ട്. ഒരാഴ്ച പിന്നിട്ടിട്ടും അമലിനെക്കുറിച്ചുള്ള വിവരമൊന്നും ലഭിക്കാത്തതിനാല്‍ ബന്ധുക്കളും സുഹൃത്തുക്കളും ആശങ്കയിലാണ്.
നാട്ടില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കാതെയാണ് അമല്‍ യുഎഇയിലേക്ക് വന്നത്. ആറ് മാസം മുമ്പ് വര്‍സാനിനെ ഇലക്ട്രിക്കല്‍ കമ്പനിയില്‍ ജോലിക്ക് കയറി. ജോലിയില്‍ അത്ര താത്പര്യമില്ലാത്തതിനാല്‍ നാട്ടിലേക്ക് മടങ്ങണമെന്ന് ആഗ്രഹിച്ചിരുന്നു. കമ്പനി അധികൃതരോട് പാസ്‍പോര്‍ട്ട് ചോദിച്ചെങ്കിലും മടങ്ങിവരുമെന്ന് ഉറപ്പ് പറയാതെ പാസ്‍പോര്‍ട്ട് നല്‍കില്ലെന്നായിരുന്നു മാനേജറുടെ മറുപടി. ഇതേതുടര്‍ന്ന് മാനസിക പ്രയാസത്തിലായിരുന്നെന്ന് സുഹൃത്തുക്കള്‍ പറയുന്നു.
കാണാതായ ശേഷം ഒരു സുഹൃത്തിനെ ഫോണില്‍ വിളിച്ചിരുന്നു. ബസിലാണുള്ളതെന്നും കാടുള്ള പ്രദേശത്തുകൂടിയാണ് യാത്ര ചെയ്യുന്നതെന്നും സുഹൃത്തിനോട് പറഞ്ഞു. പിന്നീട് ഫോണ്‍ ഓഫായി. യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ സുഹൃത്തുക്കളും ബന്ധുക്കളും അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. നാട്ടിലുള്ള മാതാപിതാക്കളെയും സഹോദരിയെയും എങ്ങനെ സമാധാനിപ്പിക്കണമെന്നറിയാതെ കുഴങ്ങുകയാണ് യുഎഇയിലുള്ള ബന്ധുക്കള്‍. അമലിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 050 7772146, 050 6377343, 050 3680853 എന്നീ നമ്പറുകളിലോ അല്ലെങ്കില്‍ പൊലീസിലോ വിവരമറിയിക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
Read also: മന്ത്രവാദത്തിനുള്ള സാധനങ്ങളുമായി പ്രവാസി വിമാനത്താവളത്തില്‍ പിടിയില്‍