വിദേശികൾക്ക് തിരിച്ചടി; വിവിധ തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പാക്കി
ആഭ്യന്തര മന്ത്രാലയം, മദീന, ജിസാൻ ഗവർണറേറ്റുകൾ എന്നിവയുടെ സഹകരണത്തോടെയാണ് ഇത് നടപ്പാക്കുന്നത്. നിയമം ഈ മാസം ഏഴ് മുതൽ പ്രാബല്യത്തിലായി.
റിയാദ്: മദീന, ജിസാൻ പ്രദേശങ്ങളിലെ നിരവധി മേഖലകളിലെ തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പാക്കിയതായി സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഭക്ഷണപാനീയ വിപണനരംഗത്തും ഫോട്ടോഗ്രാഫി, കമ്പ്യൂട്ടർ റിപ്പയറിങ്, മെയിൻറനൻസ് സ്ഥാപനങ്ങളിലും നിശ്ചിത അനുപാതത്തിൽ സ്വദേശിവത്കരണം ആവശ്യപ്പെടുന്നതാണ് പുതിയ നിയമം.
ആഭ്യന്തര മന്ത്രാലയം, മദീന, ജിസാൻ ഗവർണറേറ്റുകൾ എന്നിവയുടെ സഹകരണത്തോടെയാണ് ഇത് നടപ്പാക്കുന്നത്. നിയമം ഈ മാസം ഏഴ് മുതൽ പ്രാബല്യത്തിലായി. മദീനയിലെ ഭക്ഷണപാനീയ കടകളിൽ 40 ശതമാനം ജീവനക്കാർ സൗദി പൗരന്മാരാവണം. റെസ്റ്റോറൻറുകൾ, കാൻറീനുകൾ, ഫാസ്റ്റ് ഫുഡ് കടകൾ, ജ്യൂസ് കടകൾ എന്നിവയിലാണ് നിയമം ബാധകം. ഐസ്ക്രീം പാർലറുകൾ, കഫേകൾ എന്നിവയിൽ സ്വദേശിവത്കരണം 50 ശതമാനമാണ്. ഭക്ഷണപാനീയ മൊത്ത വിൽപന കേന്ദ്രങ്ങളിലെ സ്വദേശിവത്കരണം 50 ശതമാനമാക്കിയിട്ടുണ്ട്. കാറ്ററിങ് സ്ഥാപനം, ഫാക്ടറികളിലും ഓഫീസുകളിലും ആശുപത്രികളിലും സ്‌കൂളുകളിലും പ്രവർത്തിക്കുന്ന കാൻറീനുകൾ, കഫറ്റീരിയകൾ, ഹോട്ടലുകളിലും അപ്പാർട്ടുമെൻറുകളിലും വില്ലകളിലുമുള്ള റെസ്റ്റോറൻറുകൾ, കഫേകൾ എന്നിവയെ സ്വദേശിവത്കരണ പരിധിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Read Also - നടുറോഡില്‍ പ്രവാസികള്‍ തമ്മില്‍ അടിപിടി; 13 പേര്‍ അറസ്റ്റില്‍
ജിസാനിൽ വിൽപന ഔട്ട്ലെറ്റുകളിൽ പരസ്യസേവനം നൽകുന്ന ഏജൻസികളിലെ സ്വദേശിവത്കരണം 70 ശതമാനമാണ്. ഫോട്ടോഗ്രഫി, കമ്പ്യൂട്ടർ റിപ്പയറിങ്, മെയിൻറനൻസ് സ്ഥാപനങ്ങളിലെ ജീവനക്കാരിൽ 70 ശതമാനവും സ്വദേശികളായിരിക്കണം. പാസഞ്ചർ ബോട്ടുകളുടെ നടത്തിപ്പിലും അറ്റകുറ്റപ്പണിയിലുമുള്ള നിരവധി തൊഴിലുകൾ സൗദികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. നോട്ടിക്കൽ സ്റ്റുവാർഡ്, ടിക്കറ്റ് ക്ലാർക്ക്, അക്കൗണ്ട്സ് ക്ലർക്ക്, അസിസ്റ്റൻറ് അക്കൗണ്ട്സ് ക്ലർക്ക്, ഫിനാൻഷ്യൽ ക്ലർക്ക്, മാർക്കറ്റിങ് സ്പെഷ്യലിസ്റ്റ്, സെയിൽസ്മാൻ, കാഷ്യർ, പർച്ചേസിങ് റെപ്രസൻററ്റീവ്, പർച്ചേസിങ് സ്പെഷ്യലിസ്റ്റ് എന്നിവ സ്വദേശികൾക്കായി പരിതിതപ്പെടുത്തിയ തൊഴിലുകളാണ്. ക്ലീനിങ്, കയറ്റിറക്ക് ജോലികൾ സ്വദേശിവത്കരണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ അത്തരം തൊഴിലാളികളുടെ എണ്ണം സ്ഥാപനത്തിലെ ആകെ ജീവനക്കാരുടെ എണ്ണത്തിെൻറ 20 ശതമാനത്തിൽ കവിയരുത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം