1,000 മീറ്റര്‍ ഉയരം, 157 നിലകൾ; അഡ്രിയൻ സ്മിത്തിന്‍റെ 'ബ്രെയിൻ ചൈൽഡ്', ആരും തൊടാത്ത ആ റെക്കോർഡ് തൂക്കാൻ സൗദി
നിര്‍മ്മാണം ഇടക്കാലത്ത് നിലച്ചെങ്കിലും ഇപ്പോള്‍ വീണ്ടും ആരംഭിച്ചതായി കമ്പനി അറിയിച്ചിരിക്കുകയാണ്. വളരെ സവിശേഷമായ ആകൃതിയാണ് കെട്ടിടത്തെ വ്യത്യസ്തമാക്കുക.
റിയാദ്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ഏതാണെന്നതിന് ഒരു ഉത്തരമേ ഉള്ളൂ, യുഎഇയുടെ അഭിമാനമായ ബുര്‍ജ് ഖലീഫ. എന്നാല്‍ ബുര്‍ജ് ഖലീഫക്കും മുകളില്‍ അറബ് ലോകത്ത് നിന്ന് തന്നെ മറ്റൊരു കെട്ടിടം ഉയരുകയാണ്.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന റെക്കോര്‍ഡ് നേടാനായി സൗദി അറേബ്യയില്‍ ജിദ്ദാ ടവറിന്‍റെ നിര്‍മ്മാണം വീണ്ടും തുടങ്ങി. ശതകോടീശ്വരനായ അല്‍ വാലീദ് ബിന്‍ തലാല്‍ രാജകുമാരന്‍റെ ഉടമസ്ഥതയിലുള്ള സൗദി സ്ഥാപനമാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചത്. വാലീദ് ബിന്‍ തലാല്‍ രാജകുമാരനാണ് നിര്‍മ്മാണത്തിന് തുടക്കമിട്ടത്. ടവറിന്‍റെ ഉടമസ്ഥാവകാശം ജിദ്ദ ഹോള്‍ഡിങ് കമ്പനിക്കാണ്. വാലീദ് ബിന്‍ തലാല്‍ രാജകുമാരന്‍റെ കിങ്ഡം ഹോള്‍ഡിങിന് കീഴിലുള്ള കമ്പനിയാണിത്. നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ കെട്ടിടത്തിന് 1,000 മീറ്റര്‍ ഉയരമുണ്ടാകും. ഇതോടെ ജിദ്ദ ടവര്‍ ലോകത്തിലെ ഉയരം കൂടിയ കെട്ടിടമെന്ന ഖ്യാതി സ്വന്തമാക്കുമെന്നാണ് പ്രതീക്ഷ.
അല്‍ വലീദ് രാജകുമാരനാണ് കിങ്ഡം ഹോള്‍ഡിങ് കമ്പനിയുടെ ഭൂരിഭാഗവും സ്വന്തമാക്കിയിട്ടുള്ളത്. നിര്‍മ്മാണം നിര്‍ത്തിവെച്ച ജിദ്ദ ടവറിന്‍റെ പ്രവര്‍ത്തനങ്ങള്‍ വീണ്ടും ആരംഭിച്ചതായി കമ്പനി ബുധനാഴ്ച അറിയിച്ചു. മരുഭൂമിയിൽ മുളച്ചുവരുന്ന ചെടിയെ ഓര്‍മ്മിക്കും വിധമാണ് കെട്ടിടത്തിന്‍റെ ഘടന. അമേരിക്കന്‍ ആര്‍ക്കിടെക്ട് അഡ്രിയന്‍ സ്മിത്തിന്‍റെ തലയില്‍ വിരിഞ്ഞതാണ് കെട്ടിടത്തിന്‍റെ ആകൃതി. ഹോട്ടലുകള്‍, അപ്പാര്‍ട്ട്മെന്‍റുകൾ, ഓഫീസുകള്‍, മൂന്ന് ലോബികള്‍, 157-ാം നിലയില്‍ ലോകത്തിലെ ഉയരമേറിയ ഒബ്സര്‍വേഷന്‍ ഡെസ്ക് എന്നിവ കെട്ടിടത്തിലുണ്ടാകും. കെട്ടിടത്തിന്‍റെ 63 നിലകള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. പിന്നീട് നിര്‍മ്മാണം നിലച്ചു. ഇപ്പോള്‍ ഈ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചിരിക്കുകയാണ്. ആകെ 157 നിലകളാണ് കെട്ടിടത്തിനുണ്ടാകുക.
Read Also - 16 വര്‍ഷത്തെ ശ്രമം, ലൈവ് നറുക്കെടുപ്പ് കാണുന്നതിനിടെ പ്രവാസി ഡെലിവറി ഡ്രൈവറുടെ 'തലവര' മാറി; ഇനി കോടീശ്വരൻ
കിങ്ഡം ഹോള്‍ഡിങ് കമ്പനിയുടെ കീഴിലുള്ള കമ്പനിയാണ് ജിദ്ദ എക്കണോമിക് കമ്പനി. ഇവര്‍ക്കാണ് ജിദ്ദ ടവറിന്‍റെ നിര്‍മ്മാണത്തിന് കരാര്‍ ലഭിച്ചത്. ജിദ്ദ എക്കണോമിക് കമ്പനി ബിന്‍ലാദന്‍ ഗ്രൂപ്പുമായി 720 കോടി റിയാലിന്‍റെ കരാറിലാണ് ഒപ്പിട്ടത്. ഏഴ് വര്‍ഷത്തിന് ശേഷം ബിന്‍ലാദന്‍ ഗ്രൂപ്പിന് ലഭിക്കുന്ന ഏറ്റവും വലിയ കരാര്‍ തുകയാണിത്.