മരുഭൂമിയിൽ പരിക്കേറ്റ് അവശനായി പ്രവാസി ഇടയൻ; എയർ ആംബുലൻസിൽ പറന്നെത്തി ആശുപത്രിയിലെത്തിച്ച് റെഡ് ക്രസന്‍റ്
ഒട്ടകങ്ങളുടെ ഇടയനായ പ്രവാസിക്കാണ് മരുഭൂമിയിൽ വെച്ച് ഗുരുതര പരിക്കേറ്റത്.
റിയാദ്: സൗദി അറേബ്യയിൽ മരുഭൂമിയിൽ വെച്ച് പരിക്കേറ്റ ഇടയന് സൗദി റെഡ് ക്രസൻറിന്‍റെ കരുതൽ. ഖസീം പ്രവിശ്യയിലെ മരുഭൂമിയില്‍ ഒട്ടകങ്ങളുടെ ഇടയനായ വിദേശിക്ക് ഗുരുതര പരിക്കേറ്റെന്ന് അറിഞ്ഞ് റെഡ് ക്രസൻറ് അതിവേഗം എയർ ആംബുലൻസ് അയച്ച് ദുഷ്കര ദൗത്യത്തിലൂടെ ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ചു. ഇയാൾ ഇപ്പോൾ ബുറൈദ സെന്‍ട്രല്‍ ആശുപത്രിയിൽ അപകടനില തരണം ചെയ്തു.
ഖസീം പ്രവിശ്യയുടെ വടക്ക് അൽ ബൈദ ഖനിമേഖലയുടെ പടിഞ്ഞാറ് അൽ മദ്ഹൂര്‍ മരുഭൂമിയില്‍ ഒട്ടക കൂട്ടങ്ങളുടെ പരിപാലകനായി കഴിഞ്ഞ ഈ പ്രവാസി തൊഴിലാളിക്ക് പരിക്കേറ്റതായി സൗദി പൗരനാണ് റെഡ് ക്രസൻറിന്‍റെ ഖസീം റീജനൽ കണ്‍ട്രോള്‍ റൂമിനെ അറിയിച്ചത്. ഉണർന്ന് പ്രവർത്തിച്ച റെഡ് ക്രസൻറ് അധികൃതർ ഉടൻ എയർ ആംബുലൻസിനെയും സന്നദ്ധ പ്രവർത്തകരെയും തയ്യാറാക്കി ഇടയനുള്ള സ്ഥലം കൃത്യമായി ലൊക്കേറ്റ് ചെയ്ത് അവിടെ എത്തുകയായിരുന്നു.
സ്ഥലത്ത് വെച്ച് തന്നെ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയ ശേഷം എയർ ആംബുലൻസിൽ കയറ്റി വിദഗ്ധ ചികിത്സക്കായി ബുറൈദ സെന്‍ട്രല്‍ ആശുപത്രിയിൽ എത്തിച്ചു. വിദൂരസ്ഥമായ മരുഭൂമിയിൽ കഴിയുന്ന ഇടയന്‍റെ അടുത്തേക്ക് പോലും കരുതലിന്‍റെ കരം നീട്ടി പാഞ്ഞെത്തുന്ന സൗദി റെഡ് ക്രസൻറിന്‍റെ പ്രവർത്തനത്തെ വാഴ്ത്തുകയാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ.
Read Also - കുവൈത്തിൽ ഷോപ്പിങ് മാളിൽ യുവതിക്ക് നേരെ ആക്രമണം; വീഡിയോ സോഷ്യൽ മീഡിയയിൽ, മണിക്കൂറുകൾക്കകം പ്രതി പിടിയിൽ
24 മണിക്കൂറും എയര്‍ ആംബുലന്‍സ് സേവനം ലഭ്യമാണെന്നും മനുഷ്യ ജീവെൻറ രക്ഷക്കായി ഏത് ദുഷ്കര സാഹചര്യത്തിലായാലും അതിവേഗം എത്തുമെന്നും സൗദി റെഡ് ക്രസൻറ് ഖസീം പ്രവിശ്യാ റീജനൽ മേധാവി ഖാലിദ് അല്‍ഖിദ്ര്‍ പറഞ്ഞു. 997 എന്ന നമ്പറിൽ ബന്ധപ്പെട്ടാൽ സേവനം ലഭിക്കും. ‘തവക്കല്‍ന’ ആപ്പ് വഴിയും സേവനം തേടാം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം