'എന്‍റെ ഉമ്മ കുഴഞ്ഞുവീണു, ആംബുലൻസുമായി വരുമോ?’ബാലികയുടെ എമര്‍ജന്‍സി കോള്‍, ജീവൻ രക്ഷിച്ച് കൃത്യസമയത്തെ ഇടപെടൽ
നഗരത്തിലെ ഒരു വീട്ടിൽ അവളുടെ ഉമ്മ കുഴഞ്ഞുവീണു. നിലത്ത് വീണുകിടക്കുകയാണ്. മിണ്ടുന്നില്ല. ആംബുലൻസ് അയച്ച് ആശുപത്രിയിലെത്തിക്കാൻ സഹായിക്കണം. അതായിരുന്നു അവളുടെ ആവശ്യം.
റിയാദ്: ‘ഹലോ.... എന്‍റെ ഉമ്മ കുഴഞ്ഞുവീണു, ആംബുലൻസുമായി വരുമോ?’ റെഡ് ക്രസൻറ് അതോറിറ്റിയിലേക്ക് വന്ന ഒരു എമർജൻസി കോളാണ്. ഫോണെടുത്ത റെഡ് ക്രസൻറ് ജീവനക്കാരൻ ചോദിച്ചു ‘ഉമ്മ എവിടെ? ഫോൺ കൊട്.’ ഉടൻ അവളുടെ മറുപടി: ‘ഇല്ല, മാമ മിണ്ടുന്നില്ല. സംസാരിക്കാൻ കഴിയുന്നില്ല.’ ഉടൻ അയാൾ അവളുടെ വീടിരിക്കുന്ന സ്ഥലം ചോദിക്കുന്നു. ലോക്കേഷൻ വാട്സാപ്പ് ചെയ്യാൻ ആവശ്യപ്പെടുന്നു. ആംബുലൻസ് വീട്ടിൽ എത്തുന്നതുവരെ ഫോണിൽ തുടരാനും ആവശ്യപ്പെടുന്നു. ആംബുലൻസ് അവിടെ എത്തിച്ചേരുന്നതു വരെ ഫോണിൽ തുടർന്ന് അയാൾ അവളെ ആശ്വസിപ്പിക്കുന്നു. ആംബുലൻസ് എത്തി ഉമ്മയെ ആശുപത്രിയിലെത്തിക്കുന്നു. ഒരു ജീവൻ രക്ഷിക്കാനും വിവരമറിയിച്ച രോഗിയുടെ കുഞ്ഞുമകളെ ആശ്വസിപ്പിക്കാനും സന്ദർഭോചിതമായ പ്രവർത്തനം നടത്തിയ ജീവനക്കാരനെ അറിഞ്ഞവരെല്ലാം പ്രശംസ കൊണ്ട് മൂടി. ആരോഗ്യമന്ത്രാലയം അയാളെ ആദരിക്കുകയും ചെയ്തു.
റിയാദിൽ കഴിഞ്ഞ ദിവസമാണ് സംഭവം. റെഡ് ക്രസൻറ് കൺട്രോൾ റൂമിലേക്കാണ് കുഞ്ഞുബാലികയുടെ കോൾ വന്നത്. നഗരത്തിലെ ഒരു വീട്ടിൽ അവളുടെ ഉമ്മ കുഴഞ്ഞുവീണു. നിലത്ത് വീണുകിടക്കുകയാണ്. മിണ്ടുന്നില്ല. ആംബുലൻസ് അയച്ച് ആശുപത്രിയിലെത്തിക്കാൻ സഹായിക്കണം. അതായിരുന്നു അവളുടെ ആവശ്യം. അബ്ദുല്ല മുതൈരി എന്ന ജീവനക്കാരനായിരുന്നു ഫോണെടുത്തത്. കൃത്യസമയത്ത് ആംബുലൻസ് ആ വീട്ടിലെത്തിച്ച് രോഗിയെ അടിയന്തരമായി ആശുപത്രിയിൽ പ്രവേശിപ്പിക്കാനും അവരുടെ ജീവൻ രക്ഷിക്കാനും ഒപ്പം ആ ബാലികയെ ആശ്വസിപ്പിക്കാനും അബ്ദുല്ല മുതൈരിക്ക് കഴിഞ്ഞു. അതാണ് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്.
Read Also - ഒരു വര്‍ഷമായി സ്ഥിരം നറുക്കെടുപ്പില്‍ പങ്കെടുക്കുന്നു, ഇത്തവണ ജാക്പോട്ട്; അഭിഭാഷക നേടിയത് 8,31,38,550 രൂപ
ആരോഗ്യമന്ത്രി ഫഹദ് അൽ ജലാജിൽ നേരിട്ടെത്തി അബ്ദുല്ല അൽ മുതൈരിയുടെ പ്രവൃത്തിയെ പ്രശംസിച്ചു. അബ്ദുല്ല അൽമുതൈരിയും ആ പെൺകുട്ടിയും തമ്മിൽ ഫോണിൽ സംസാരിക്കുന്നതിന്‍റെ വിഡിയോ മന്ത്രാലയം പുറത്തുവിടുകയും ചെയ്തു. മണിക്കൂറുകൾക്കുള്ളിൽ അത് സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. മന്ത്രാലയം സംഘടിപ്പിച്ച ചടങ്ങിൽ മന്ത്രി അബ്ദുല്ല അൽ മുതൈരിയെ ആദരിച്ചു. ആരോഗ്യ സംവിധാനത്തിൻറെ അഭിനിവേശം, വൈദഗ്ദ്ധ്യം, അനുകമ്പ എന്നിവയുടെ മൂല്യങ്ങളെ അൽമുതൈരി പ്രതിനിധീകരിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. സമൂഹം നന്നായി ജീവിക്കാൻ മനുഷ്യത്വത്തോടെ ദൈനംദിന ജോലികൾ ചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്ക് ഒരു മാതൃകയാണെന്നും അേദ്ദഹം കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...