സൗദി അറേബ്യയില്‍ മലമുകളിൽ നിന്നു വീണ യുവാവിനെ റെഡ് ക്രെസന്റ് സംഘം രക്ഷപ്പെടുത്തി
എത്തിപ്പെടാൻ പ്രയാസമുള്ള മലയോര മേഖലയിൽ കുടുങ്ങിക്കിടക്കുന്ന അവസ്ഥയിലാണ് തെരച്ചിൽ സംഘം യുവാവിനെ കണ്ടെത്തിയത്.
റിയാദ്: സൗദി അറേബ്യയുടെ വടക്കൻ മേഖലയിലെ തബൂക്കിൽ ദുർഘടമായ പർവതപ്രദേശത്ത് കുന്നിൻ മുകളിൽനിന്ന് വീണ സ്വദേശി യുവാവിനെ സൗദി റെഡ് ക്രസന്റ് സംഘം രക്ഷപ്പെടുത്തി. വീഴ്ചയിൽ പരിക്കേറ്റ 30 വയസുകാരനെ തബൂക്ക് കിങ് സൽമാൻ മിലിട്ടറി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഷർമ - തബൂക്ക് റോഡിലെ കുന്നിൻ മുകളിൽനിന്ന് ഒരാൾ വീണതിനെക്കുറിച്ച് തക്കസമയത്ത് തങ്ങളുടെ കമാൻഡ് ആൻഡ് കൺട്രോൾ റൂമിൽ വിവരം ലഭിച്ചതാണ് യുവാവിനെ രക്ഷപ്പെടുത്താൻ അവസരമൊരുക്കിയതെന്ന് റെഡ് ക്രസന്റ് അതോറിറ്റിയുടെ തബൂക്ക് ബ്രാഞ്ച് ഡയറക്ടർ ജനറൽ നവാഫ് അൽ - അൻസി പറഞ്ഞു. ദ്രുതഗതിയിൽ അതോറിറ്റിയുടെ നഅമി കേന്ദ്രത്തിൽനിന്ന് പുറപ്പെട്ട ആംബുലൻസ് സംഘം സംഭവസ്ഥലത്ത് കുതിച്ചെത്തിയാണ് യുവാവിനെ രക്ഷപ്പെടുത്തിയത്.
എത്തിപ്പെടാൻ പ്രയാസമുള്ള മലയോര മേഖലയിൽ കുടുങ്ങിക്കിടക്കുന്ന അവസ്ഥയിലാണ് തെരച്ചിൽ സംഘം യുവാവിനെ കണ്ടെത്തിയത്. ഉടൻ തന്നെ ദുർഘടമായ ഭൂപ്രദേശത്ത് രക്ഷാപ്രവർത്തനം നടത്താൻ പ്രത്യേക പരിശീലനം ലഭിച്ച ‘ക്വിക്ക് റെസ്‌പോൺസ് ടീമി’നെ വിളിച്ചുവരുത്തി. എയർ ആംബുലൻസ് അടക്കമുള്ള സംവിധാനങ്ങളുമായി സ്ഥലത്തെത്തിയ ടീം യുവാവിനെ രക്ഷപ്പെടുത്തി പ്രഥമ ശുശ്രൂഷ നൽകിയ ശേഷമാണ് തബൂക്കിലെ ആശുപത്രിയിലേക്ക് മാറ്റിയത്.