ലോകകപ്പ്; മത്സരം കാണാന്‍ ഓഫീസുകള്‍ക്ക് ഭാഗിക അവധി നല്‍കി സൗദി അറേബ്യ

സ്വകാര്യ മേഖലയിലെ പല സ്ഥാപനങ്ങളും ഇന്ന് ഭാഗിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മത്സരം കാണുന്നതിനായി വിപുലമായ സൗകര്യങ്ങളാണ് സൗദിയില്‍ ഒരുക്കിയിട്ടുള്ളത്.

saudi government offices get partial holiday due to world cup

റിയാദ്: ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തില്‍ സൗദി അറേബ്യയും അര്‍ജന്റീനയും ഏറ്റുമുട്ടുന്ന ഇന്ന് മത്സരം കാണാനുള്ള സൗകര്യമൊരുക്കി സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഭാഗിക അവധി. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഉച്ചയ്ക്ക് 12 മണിക്ക് ജോലി അവസാനിപ്പിക്കാന്‍ അനുമതി നല്‍കി. സ്‌കൂളുകള്‍ക്കും അവധി നല്‍കിയിട്ടുണ്ട്.

അതേസമയം സ്വകാര്യ മേഖലയിലെ ചില സ്ഥാപനങ്ങളും തങ്ങളുടെ സ്വദേശി ജീവനക്കാര്‍ക്ക് ഇന്ന് ഉച്ച മുതല്‍ ഭാഗിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മത്സരം കാണുന്നതിനായി വിപുലമായ സൗകര്യങ്ങളാണ് സൗദിയില്‍ ഒരുക്കിയിട്ടുള്ളത്. ഇന്ന് പുലര്‍ച്ചെ മുതല്‍ തന്നെ സൗദിയില്‍ നിന്നുള്ള ആരാധകരുമായി പ്രത്യേക വിമാനങ്ങള്‍ ഖത്തറിലേക്ക് പറന്നിരുന്നു. റോഡ് മാര്‍ഗം ഖത്തറിലേക്ക് പോകുന്നവര്‍ക്കുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ സല്‍വാ അതിര്‍ത്തിയിലും സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ജിദ്ദ, റിയാദ്, ദമ്മാം വിമാനത്താവളങ്ങളില്‍ പ്രത്യേക കൗണ്ടറുകള്‍ ക്രമീകരിച്ചാണ് യാത്ര നടപടികള്‍ പൂര്‍ത്തിയാക്കുന്നത്.

ഗ്രൂപ്പ് സിയിലാണ് സൗദി അറേബ്യ ഉള്‍പ്പെട്ടിരിക്കുന്നത്. അര്‍ജന്റീനയ്ക്ക് പുറമെ പോളണ്ട്, മെക്‌സിക്കോ എന്നീ ടീമുകളാണ് ഗ്രൂപ്പ് സിയിലെ മറ്റ് അംഗങ്ങള്‍. ലിയോണല്‍ മെസിയുടെ ഖത്തര്‍ ലോകകപ്പിലെ ആദ്യ മത്സരമെന്ന നിലയില്‍ ലോകമാകെ ആവേശത്തോടെയാണ് സൗദി അറേബ്യക്കെതിരെയുള്ള പോരാട്ടത്തിനായി കാത്തിരിക്കുന്നത്. ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കാണ് മത്സരം തുടങ്ങുക. അർജന്‍റീന ഫിഫ റാങ്കിംഗിൽ മൂന്നാമതും സൗദി അറേബ്യ 51-ാം സ്ഥാനത്തുമാണ്. തങ്ങളുടെ ആറാമത്തെ ലോകകപ്പിനാണ് അറേബ്യന്‍ സംഘം എത്തുന്നത്. രണ്ട് തവണ ലോകകപ്പില്‍ മുത്തമിട്ട ടീമാണ് അര്‍ജന്‍റീന. 

Read More - ലോകകപ്പ് സംഘാടനം; ഖത്തര്‍ അമീറിന് അഭിനന്ദനവും നന്ദിയും അറിയിച്ച് സൗദി കിരീടാവകാശി

അതേസമയം ഫിഫ ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങളുടെ സംഘാടനത്തിന് ഖത്തറിന് കൂടുതല്‍ പിന്തുണയുമായി സൗദി അറേബ്യ രംഗത്തെത്തിയിരുന്നു. ഖത്തറിലെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ആവശ്യമായ എന്ത് അധിക സഹായവും നല്‍കണമെന്ന് സൗദി അറേബ്യയിലെ മന്ത്രാലയങ്ങളോടും ഉദ്യോഗസ്ഥരോടും സര്‍ക്കാര്‍ ഏജന്‍സികളോടും സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ആവശ്യപ്പെട്ടു. സൗദി കായിക മന്ത്രി അബ്‍ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ ഫൈസല്‍ രാജകുമാരനാണ് ഇക്കാര്യം അറിയിച്ചത്.

Read More -  ഫിഫ ലോകകപ്പ്: ഖത്തറിന് യുഎഇയുടെ പിന്തുണ, അഭിനന്ദിച്ച് ശൈഖ് മുഹമ്മദ്

 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഖത്തറിന് സമ്പൂര്‍ണ പിന്തുണയാണ് സൗദി അറേബ്യ നല്‍കുന്നതെന്ന് സൗദി കായിക മന്ത്രി അറിയിച്ചു. ഇക്കാര്യത്തില്‍ കിരീടാവകാശിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച നടന്ന ലോകകപ്പ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ തായ്‌ലന്റിൽനിന്ന് നേരിട്ടാണ് സൗദി കിരീടാവകാശി ദോഹയിലെത്തിയത്.

Latest Videos
Follow Us:
Download App:
  • android
  • ios