ലാൻഡിങ്ങിനിടെ തീയും പുകയും; അതിവേഗ ഇടപെടൽ, വിമാനത്തിന്‍റെ എമർജൻസി ഡോറുകൾ തുറന്നു, യാത്രക്കാർ സുരക്ഷിതർ
വിമാനത്താവളത്തിൽ ഇറങ്ങി റൺവേയിലൂടെ ഓടുന്നതിനിടെ വിമാനത്തിന്‍റെ ലാൻഡിങ് ഗിയറിൽ നിന്ന് തീയും പുകയും ഉയരുകയായിരുന്നു.
റിയാദ്: പാകിസ്താനിലെ പെഷവാർ ഇൻറർനാഷനൽ എയർപ്പോർട്ടിൽ ലാൻഡ് ചെയ്യുന്നതിനിടെ സൗദി വിമാനത്തിന്‍റെ ടയറിന് തീപിടിച്ചു. റിയാദിൽ നിന്ന് പോയ സൗദി എയർലൈൻസ് (എസ്.വി. 792) വിമാനമാണ് അപകടത്തിൽപെട്ടത്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം.
വിമാനത്താവളത്തിൽ ഇറങ്ങി റൺവേയിലൂടെ ഓടുന്നതിനിടെ വിമാനത്തിന്‍റെ ലാൻഡിങ് ഗിയറിൽ നിന്ന് തീയും പുകയും ഉയരുകയായിരുന്നു. ഉടൻ റൺവേയിൽ വിമാനം നിർത്തി എമർജൻസി ഡോറുകൾ തുറന്ന് ലൈഫ് സ്ലൈഡുകളിലൂടെ യാത്രക്കാരെയും കാബിൻ ക്രൂവിനെയും സുരക്ഷിതമായി അതിവേഗം പുറത്തെത്തിച്ചു. 276 യാത്രക്കാരും 21 വിമാന ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണെന്ന് സൗദി എയർലൈൻസ് (സൗദിയ) അധികൃതർ അറിയിച്ചു. സാങ്കേതിക വിദഗ്ധരെത്തി വിമാനത്തിെൻറ തകരാറ് പരിശോധിക്കുകയാണെന്നും സൗദിയ അധികൃതർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. തീപിടിത്തത്തെ കുറിച്ച് എയർ ട്രാഫിക് കൺട്രോളറാണ് അറിയിച്ചത്.
Read Also - തപാല്‍ വഴി പാര്‍സലെത്തി, തുറന്നു നോക്കിയപ്പോള്‍ സംഗതി വേറെ; ഉടനടി പ്രതിയെ പിടികൂടി കസ്റ്റംസ്
അപകടത്തെത്തുടർന്ന് വിമാനത്താവളത്തിൽ എമർജൻസി പ്രോട്ടോക്കോളുകൾ സജീവമാക്കി. കുതിച്ചെത്തിയ അഗ്നിശമന സേന ഉടൻ തീയണച്ചതിനാൽ അപകടത്തിെൻറ വ്യാപ്തി കുറയ്ക്കാനായി. അപകടത്തിെൻറ യഥാർഥ കാരണം കണ്ടെത്താൻ എയർപോർട്ട് അധികൃതരും വ്യോമയാന വിദഗ്ധരും അന്വേഷണം നടത്തിവരികയാണ്.
അതേസമയം അപകടത്തെ തുടർന്ന് റൺവേയിൽ വിമാനം നിർത്തിയിട്ടിരിക്കുന്ന സാഹചര്യത്തിൽ 24 മണിക്കൂർ നേരത്തേക്ക് വിമാനത്താവളം അടച്ചിട്ടു. പെഷവാർ വിമാനത്താവളത്തിലേക്ക് വന്ന എല്ലാ വിമാനങ്ങളെയും ഇതര വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം