സൗദിയിൽ വാറ്റ് പിഴ ഒഴിവാക്കൽ ആറ് മാസത്തേക്ക് കൂടി നീട്ടി
പുതിയ തീരുമാനം അനുസരിച്ച് ജൂൺ 30 വരെ ഇളവ് തുടരും.
റിയാദ്: സൗദിയിൽ മൂല്യവർധിത നികുതി (വാറ്റ്) ഒടുക്കുന്നതിൽ വീഴ്ചവരുത്തിയതിന് ചുമത്തിയ പിഴകൾ ഒഴിവാക്കുന്നതിന് അനുവദിച്ച ഇളവ് ആറ് മാസത്തേക്ക് കൂടി നീട്ടി. നികുതി സംവിധാനങ്ങളിലെ വൈകലിനുള്ള പിഴകളിൽ നിന്ന് സ്വകാര്യ സ്ഥാപനങ്ങളെ ഒഴിവാക്കുന്നതിന് സക്കാത്ത് ആൻഡ് ടാക്സ് അതോറിറ്റി അനുവദിച്ച ഇളവ് ഡിസംബർ 31ന് അവസാനിക്കാനിരിക്കെയാണ് നീട്ടിയത്.
ഇതനുസരിച്ച് 2025 ജൂൺ 30 വരെ ഇളവ് തുടരും. അനുവദിച്ച ഇൗ കാലയളവ് പരമാവധി ഉപയോഗപ്പെടുത്തണമെന്ന് സക്കാത്ത് ആൻഡ് ടാക്സ് അതോറിറ്റി നികുതിദായകരോട് ആവശ്യപ്പെട്ടു. എല്ലാ നികുതി സംവിധാനങ്ങളിലെയും രജിസ്‌ട്രേഷനും പേയ്‌മെൻറും റിട്ടേൺ സമർപ്പിക്കലും വൈകിയതിനുള്ള പിഴകളിൽനിന്ന് ഒഴിവാക്കുന്നത് ഈ ഇളവ് പരിധിയിൽ ഉൾപ്പെടും.
കൂടാതെ മൂല്യവർധിത നികുതി റിട്ടേൺ ശരിയാക്കാൻ വൈകിയതിനുള്ള പിഴ, ഇലക്ട്രോണിക് ഇൻവോയ്സിങ് വ്യവസ്ഥകളുടെ പ്രയോഗവുമായി ബന്ധപ്പെട്ട ലംഘനങ്ങൾക്കുള്ള പിഴ, മൂല്യവർധിത നികുതിയുടെ മറ്റ് പൊതുവ്യവസ്ഥകൾ ലംഘിച്ചതിനുള്ള പിഴകൾ എന്നിവക്കും ഇളവ് ബാധകമായിരിക്കും. എന്നാൽ നികുതി സംവിധാനത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നികുതി ദായകർക്ക് മാത്രമേ ഇതിന് അർഹതയുണ്ടായിരിക്കുയുള്ളൂ.
Read Also - ബിനാമി ബിസിനസ്; ഇന്ത്യക്കാരന് സൗദിയിൽ ആജീവനാന്ത വിലക്ക്; പിഴയും നാടുകടത്തലും ശിക്ഷ
കൊവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി മറികടക്കുന്നതിന് രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളെ പിന്തുണക്കുന്നതിെൻറ ഭാഗമായാണ് വാറ്റ് പിഴ ഒഴിവാക്കുന്നതിനുള്ള സംരംഭം സൗദി ഭരണകൂടം ആരംഭിച്ചത്. 2021 ജൂണിലാണ് ഇത് പ്രഖ്യാപിച്ചത്. തുടർന്ന് ഒരോ കാലാവധി തീരുന്ന മുറയ്ക്ക് ഇളവ് നീട്ടി നൽകുകയായിരുന്നു. അതിെൻറ തുടർച്ചയെന്നോണമാണ് ഇപ്പോൾ വീണ്ടും ആറ് മാസത്തേക്ക് കൂടി നീട്ടിയത്. അതേ സമയം നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട പിഴകൾ ഈ അനുകൂല്യ പരിധിയിൽ വരില്ലെന്നും ഇളവ് കാലവധി നിലനിൽക്കെ വാറ്റ് സംബന്ധമായ പരിശോധനകൾ തുടരുമെന്നും അതോറിറ്റി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.